Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാണം കെട്ടവരല്ല, ഇന്ത്യയുടെ യശസ്സ് ഉയർത്തിയവരാണ് മലയാളികൾ: അർണബിനോട് ജയരാജൻ

arnab-jayarajan അർണബ് ഗോസ്വാമി, എം.വി.ജയരാജൻ

തിരുവനന്തപുരം∙ പ്രളയക്കെടുതിയിലായ കേരളത്തെപ്പറ്റി ചാനൽ ചർച്ചയിൽ മോശം അഭിപ്രായം രേഖപ്പെടുത്തിയ റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിക്കെതിരായ പ്രതിഷേധം തുടരുന്നു. സിപിഎം നേതാവും മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയുമായ എം.വി.ജയരാജനാണ് അർണബിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

കേരളത്തിന്റെ ദുരിതാശ്വാസ നിധിയിലേക്ക്‌ പണം നഷ്ടമാവുന്നു എന്ന് കരുതി ആഘോഷിക്കാൻ ആഹ്വാനം ചെയ്ത കാവിരാഷ്ട്രീയക്കാരന്റെ അൽപബുദ്ധി തന്നെയാണ്‌ അർണബിനും എന്ന് കരുതണമെന്ന് സമൂഹമാധ്യമത്തിലെ കുറിപ്പിൽ ജയരാജൻ അഭിപ്രായപ്പെട്ടു. സംഘപരിവാർ രാഷ്ട്രീയത്തിന്‌ മുന്നിലെ തൊമ്മിവേഷക്കാരനാവാതെ, നട്ടെല്ല് വളയ്ക്കാത്ത മാധ്യമപ്രവർത്തകനായി കേരളത്തെയും മലയാളികളെയും കുറിച്ച്‌ പഠിക്കാനും മനസ്സിലാക്കാനും തയാറായിരുന്നെങ്കിൽ ഈ അഭിപ്രായം ഉണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സ്വന്തം ചാനലായ റിപ്പബ്ലിക് ടിവിയിലെ ചര്‍ച്ചയ്ക്കിടെയായിരുന്നു അര്‍ണബിന്റെ വിവാദ പ്രസ്താവന. യുഎഇയുടെ സഹായവാഗ്ദാനവുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെ, താന്‍ കണ്ട എക്കാലത്തെയും നാണം കെട്ട ഒരു കൂട്ടം ആളുകളാണിതെന്ന് അർണബ് പറഞ്ഞിരുന്നു. ഈ പരാമർശത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ മലയാളികള്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. റിപ്പബ്ലിക് ടിവിയുടെയും അർണബിന്റെയും പേജുകളിൽ പ്രതിഷേധമറിയിച്ചും പ്ലേ സ്റ്റോറില്‍ ചാനൽ ആപ്പിന് കുറഞ്ഞ റേറ്റിങ് നല്‍കിയുമാണു മലയാളികളുടെ പ്രതിഷേധം.

അർണബിനെതിരെ ശശി തരൂര്‍ എംപിയും രംഗത്തെത്തിയിരുന്നു. ‘ചില വിലകുറഞ്ഞ മനസ്സുകള്‍ മലയാളികള്‍ക്കെതിരെ അപമാനകരമായ ആക്രമണങ്ങള്‍ നടത്തുകയാണ്. നമുക്കുവേണ്ടി നമ്മളൊന്നായി നില കൊള്ളേണ്ട സമയമാണിത്. നമ്മള്‍ എന്തുകൊണ്ട് അഭിമാനമുള്ള മലയാളികളായെന്നു ചിന്തിക്കേണ്ട സമയം’– ‘പ്രൗഡ് ടു ബി എ മലയാളി’ എന്ന ഹാഷ്ടാഗോടെ തരൂർ ട്വിറ്ററിൽ കുറിച്ചു.

എം.വി.ജയരാജന്റെ കുറിപ്പിൽനിന്ന്:

മലയാളികളെ അപമാനിച്ച ഗോസ്വാമി പ്രസ്താവന പിൻവലിച്ച്‌ മാപ്പുപറയണം

ദേശീയ മാധ്യമപ്രവർത്തകൻ എന്നതുപോയിട്ട്‌, പ്രാദേശിക പത്രപ്രവർത്തകൻ എന്ന വിശേഷണം പോലും ചേരാത്തയാളാണ്‌ അർണബ്‌ ഗോസ്വാമിയെന്ന് അദ്ദേഹം സ്വയം തെളിയിച്ചിരിക്കുന്നു. മാധ്യമപ്രവർത്തകർ സമൂഹത്തിനുവേണ്ടി പഠിച്ച്‌, നട്ടെല്ല് വളയ്ക്കാതെ സത്യസന്ധമായി പ്രവർത്തിക്കുന്നവരാണ്‌. എന്നാലിവിടെ, പ്രളയക്കെടുതി അഭിമുഖീകരിക്കുന്ന ഘട്ടത്തിലും മലയാളികളെയും കേരളത്തെയും അപമാനിക്കാനാണ്‌ ഈ 'മാധ്യമ മേൽവിലാസക്കാരൻ' തയാറായിരിക്കുന്നത്‌.

കേരളത്തിന്റെ ദുരിതാശ്വാസ നിധിയിലേക്ക്‌ പണം നഷ്ടമാവുന്നു എന്ന് കരുതി ആഘോഷിക്കാൻ ആഹ്വാനം ചെയ്ത കാവിരാഷ്ട്രീയക്കാരന്റെ അൽപബുദ്ധി തന്നെയാണ്‌ അദ്ദേഹത്തിനും എന്നു കരുതണം. സംഘപരിവാർ രാഷ്ട്രീയത്തിനു മുന്നിലെ തൊമ്മിവേഷക്കാരനാവാതെ, നട്ടെല്ല് വളയ്ക്കാത്ത മാധ്യമപ്രവർത്തകനായി കേരളത്തെയും മലയാളികളെയും കുറിച്ച്‌ പഠിക്കാനും മനസ്സിലാക്കാനും തയാറായിരുന്നെങ്കിൽ മലയാളികളെക്കുറിച്ച്‌ അദ്ദേഹത്തിന്‌ ഈ അഭിപ്രായം ഉണ്ടാകുമായിരുന്നില്ല.

ഗോസ്വാമിയുടെ ആസമിനേക്കാൾ പലകാര്യങ്ങളിലും ലോകത്തോട്‌ മത്സരിക്കുന്നവരാണു കേരളവും മലയാളികളും. മുന്നനുഭവം ഇല്ലാതിരുന്നിട്ടും നൂറ്റാണ്ടിലെ വലിയ പ്രകൃതിക്ഷോഭത്തെ ഐക്യത്തോടെ പരാജയപ്പെടുത്തിയ കേരളാമാതൃക ലോകം ചർച്ച ചെയ്യുകയാണിന്ന്. നാണം കെട്ടവരല്ല, നാടിന്റെ (ഇന്ത്യയുടെ) യശസ്സുയർത്തിപ്പിടിച്ചവരാണു കേരളവും മലയാളികളും. അത്‌ തിരിച്ചറിയാൻ സാധിക്കണമെങ്കിൽ സംഘപരിവാർ കണ്ണട ഊരിമാറ്റി, മാധ്യമപ്രവർത്തകന്റെ ശരിയായ കാഴ്ച നേടിയെടുക്കാൻ അദ്ദേഹത്തിനു സാധിക്കേണ്ടതുണ്ട്‌; ദേശീയ മാധ്യമപ്രവർത്തകന്റെ നിലവാരത്തിലേക്ക്‌ ഗോസ്വാമി ഉയരേണ്ടതുണ്ട്‌.

- എം.വി.ജയരാജൻ.

related stories