Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളത്തിലേക്ക് അതിരുകൾ കടന്നൊരു പുഴയെത്തി, അതിൽ സ്നേഹമൊഴുകി

ernakulam-flood-help

കൊച്ചി ∙ സ്നേഹം, രണ്ടു ട്രക്ക് നിറയെ. കൊച്ചിയിൽനിന്നു 3000 കിമീ അകലെയാണ് അമൃത്‌സർ എങ്കിലും പഞ്ചാബിന്റെ സ്നേഹം ഇവിടെ തൊട്ടടുത്തുണ്ട്. തേവരയിലെ ഗുരുദ്വാരയിൽ. ഇവിടെനിന്ന് ആലപ്പുഴ ഉൾപ്പെടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക്, പ്രളയക്കെടുതി അനുഭവിക്കുന്ന ആളുകളിലേക്ക്, കുടുംബങ്ങളിലേക്ക് അവർ നീങ്ങിക്കൊണ്ടിരിക്കുന്നു. 

അമൃത്‌സറിലെ സുവർണക്ഷേത്രം കേന്ദ്രീകരിച്ചു ശിരോമണി ഗുരുദ്വാര പർബന്ധക് കമ്മിറ്റി (എസ്ജിപിസി) നേതൃത്വം നൽകിയ വിഭവസമാഹരണത്തിൽനിന്നുള്ള വസ്തുക്കളാണു റോഡ് മാർഗം കൊച്ചിയിൽ എത്തിച്ചത്. ഒപ്പം ഒരു ബസ്സിൽ 35 സന്നദ്ധ പ്രവർത്തകർ. അതിൽ 10 ഡോക്ടർമാരും. ആവുന്നത്ര മരുന്നുകളും എടുത്തിട്ടുണ്ട്. രണ്ടു ട്രക്ക് കൂടി കേരളത്തിലേക്കുള്ള യാത്രയിലാണ്. പത്തു സന്നദ്ധ പ്രവർത്തകർകൂടി വരുന്നുണ്ട്. ആദ്യസംഘം എത്തിയിട്ടു 10 ദിവസമായി. ആലപ്പുഴയുടെ വിവിധ ഭാഗങ്ങളിൽ ഇവർ സേവനപ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു. 

ഭായി ഗോബിന്ദ് സിങ് ലോംഗോവാൾ പ്രസിഡന്റായ എസ്ജിപിസിയുടെ അസി. സെക്രട്ടറി തേജീന്ദർ സിങ് പഡ്ഡയാണ് കേരളത്തിലേക്കുള്ള സംഘത്തിന്റെ തലവൻ. മറ്റ് സീനിയർ നേതാക്കൾ ഇന്നെത്തും എന്നാണു കരുതുന്നത്.  

അൻപുടൻ തമിഴ്മക്കൾ 

പാലക്കാട് നഗരപ്രദേശത്തും പരിസരത്തും വെള്ളം കയറിയതിന്റെ പിറ്റേദിവസം മുതൽ  ദുരിതാശ്വാസ സഹായവുമായി തമിഴ്നാട്ടിൽനിന്നു സന്നദ്ധപ്രവർത്തകരുടെ പ്രവാഹം ആരംഭിച്ചു. 

ലേ‍ാറി, ട്രക്ക്, ബസുകൾ, ട്രെയിൻ എന്നിവയിലും മറ്റു സ്വകാര്യ വാഹനങ്ങളിലുമായാണു വസ്തുക്കളെത്തിച്ചത്. ടൗണിലെ ഇൻഡോർ സ്റ്റേഡിയം കേന്ദ്രീകരിച്ചു സൂക്ഷിച്ച വസ്തുക്കൾ ജില്ല മുഴുവൻ വിതരണം ചെയ്യാൻ സന്നദ്ധപ്രവർത്തകരായി കെ‍ാവൈ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ കേ‍ാളജ് വിദ്യാർഥികളും യുവാക്കളും പ്രായമായവരും സ്ത്രീകളും ഫാൻസ് അസേ‍ാസിയേഷൻ, കമ്പനി പ്രവർത്തകരും എത്തി. മർച്ചന്റ്  നേവിയിലുള്ള ദാനിയലും കൺസ്ട്രക്​ഷൻ കമ്പനി നടത്തുന്ന ഉദയകുമാറും ഒരാഴ്ചയിലധികം സ്റ്റേഡിയത്തിൽ താമസിച്ചാണു സഹായിച്ചത്. ജില്ലയ്ക്കു വസ്തുക്കൾ ഇനി ആവശ്യമില്ലെന്ന് അധികൃതർ ആവർത്തിച്ച് അറിയിച്ചിട്ടും ക്യാംപുകൾ അഞ്ചായി ചുരുങ്ങിയിട്ടും സഹായവുമായി അവർ വരുന്നുണ്ട്. അട്ടപ്പാടിയിലേക്കു പ്രത്യേകമായി അവശ്യവസ്തുക്കൾ എത്തിക്കുന്നു. 

ബംഗാൾ, ഹരിയാന, മഹാരാഷ്ട്ര, രാജസ്ഥാൻ .... 

മഹാരാഷ്ട്രയിൽനിന്നുള്ള സ്വർണപ്പണിക്കാരായ 250 കുടുംബങ്ങളുടെ കൂട്ടായ്മ 435 ഭക്ഷ്യധാന്യ കിറ്റുകൾ മലപ്പുറത്തെ ജില്ലാ സംഭരണകേന്ദ്രത്തിനു കൈമാറി. ദുരിതാശ്വാസനിധിയിലേക്കു സംഭാവനയും നൽകി.

ജനസേവ സൻസ്ഥാൻ എന്ന സംഘടനയുടെ ഹരിയാനയിൽനിന്നുള്ള അഞ്ചംഗ സംഘം പത്തനംതിട്ട ജില്ലയിലെ വിവിധയിടങ്ങളിൽ ദുരിതാശ്വാസ സഹായവുമായി എത്തിയിരുന്നു. നാലുദിവസത്തെ സേവനത്തിനുശേഷം ഇവർ മടങ്ങി. മഹാരാഷ്ട്ര മന്ത്രിയുടെ നേതൃത്വത്തിൽ ഉള്ള ഡോക്ടർമാരും സേവനത്തിന് ഉണ്ടായിരുന്നു. നൂറു ഡോക്ടർമാരാണു കേരളത്തിലെ വിവിധയിടങ്ങളിൽ സേവനത്തിന് ഉണ്ടായിരുന്നത്. 

രാജസ്ഥാനിൽനിന്ന് ഒരു വാഹനത്തിൽ നിറയെ വസ്തുക്കളുമായി അ‍ഞ്ചുദിവസം യാത്ര ചെയ്താണ് വയനാട്ടിൽനിന്നുള്ള ആറംഗ സംഘം വയനാട്ടിലെത്തിയത്.  ഒരു കാല് നഷ്ടപ്പെട്ട പ്രകാശ് ശർമയാണ്  ഇൗ യാത്ര നയിച്ചത്. ബിസ്ക്കറ്റ് അടക്കമുള്ള ഭക്ഷണ വസ്തുക്കളും, വൃത്തിയാക്കാൻ ഉപയോഗിക്കുന്ന വസ്തുക്കളുമായിട്ടാണ്  ഇൗ സംഘം അഞ്ച് ദി‍നങ്ങൾ യാത്ര ചെയ്ത് തിരുവോണ ദിവസം വയനാട് കലക്ടറേറ്റിലേക്ക് എത്തിച്ചത്. കേരളത്തിലെ പ്രളയം അറിഞ്ഞപ്പോൾ മുതൽ സ്വര‍ൂപീച്ച വസ്തുക്കളെല്ലാം കലക്ടറേറ്റിൽ ഉദ്യോഗസ്ഥരെ ഏൽപിച്ചു. 

മലപ്പുറം എടക്കര പായിപ്പാടത്തു താമസിക്കുന്ന ബംഗാൾ സ്വദേശി റഫീഖ് ആലുവ േമഖലയിലെ പ്രധാനക്ഷേത്രങ്ങളും വീടുകളും ശുചീകരിക്കുന്നതിൽ സജീവമായി പങ്കെടുത്തു. ആലുവയിലും മലപ്പുറത്തും കിണറുകൾ വൃത്തിയാക്കി. പായിപ്പാടം സ്വദേശികളായ അഞ്ച് യുവാക്കൾ സന്നദ്ധപ്രവർത്തനത്തിനു പോകുന്നതറിഞ്ഞ് റഫീഖും കൂടെച്ചെല്ലാൻ ആഗ്രഹം പ്രകടിപ്പിക്കുയായിരുന്നു.

related stories