Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാലവർഷം കവർന്നത് 1,400ൽ അധികം ജീവനെന്ന് കേന്ദ്രം: കേരളത്തിൽ മാത്രം 488 മരണം

kerala-flood-file-pic-arvind-venugopal (ഫയൽ ചിത്രം – അരവിന്ദ് വേണുഗോപാൽ)

ന്യൂഡൽഹി∙ കേരളത്തിൽ 488 പേരുൾപ്പെടെ പത്തു സംസ്ഥാനങ്ങളിലായി 1,400 ൽ അധികം പേരുടെ ജീവനാണ് മഴയും വെള്ളപ്പൊക്കവും ഉരുൾപ്പൊട്ടലും മൂലം നഷ്ടമായതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കേരളത്തിലെ 14 ജില്ലകളിലായി 54.11 ലക്ഷം പേരുടെ ജീവിതത്തെയാണ് കാലവർഷം സാരമായി ബാധിച്ചത്. ഈ നൂറ്റാണ്ടിലെ ഏറ്റവും രൂക്ഷമായ പ്രതിസന്ധിയാണ് കേരളം നേരിടുന്നത്.

പ്രളയം മൂലം വീടു നഷ്ടപ്പെട്ട 14.52 ലക്ഷം പേരാണ് വിവിധ ദുരിതാശ്വാസ ക്യാംപുകളിലായി കഴിയുന്നത്. 57,024 ഹെക്ടർ കൃഷിഭൂമിക്കു നാശം സംഭവിച്ചു. ഉത്തർപ്രദേശിൽ 254 പേരും ബംഗാളിൽ 210 പേരും കർണാടകയിൽ 170 പേരും മഹാരാഷ്ട്രയിൽ 139 പേരും ഗുജറാത്തിൽ 52 പേരും അസമിൽ 50 പേരും ഉത്തരാഖണ്ഡിൽ 37 പേരും ഒഡീഷയിൽ 29 പേരും നാഗാലാൻഡിൽ 11 പേരുമാണ് മരിച്ചത്.

43 പേരെയാണ് രാജ്യത്ത് ആകെ കാണാതായിട്ടുള്ളത്. ഇതിൽ 15 പേർ കേരളത്തിൽനിന്നാണ്; 14 പേർ ഉത്തരാഖണ്ഡിൽ നിന്നും. പത്തു സംസ്ഥാനങ്ങളിലായി മഴയുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ 386 പേർക്കു പരുക്കേറ്റു. ആഭ്യന്തര മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന ദേശീയ ദുരന്ത നിവാരണ കേന്ദ്രത്തിന്‍റെ കണക്കുകളാണിവ.

related stories