Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിലയ്ക്കാത്ത മഴ; ഡൽഹി നഗരത്തിൽ വെള്ളക്കെട്ട്, ഗതാഗതക്കുരുക്ക്

delhi-flood കനത്ത മഴയിൽ രൂപപ്പെട്ട വെള്ളക്കെട്ടിലൂടെ നീങ്ങുന്ന വാഹനങ്ങൾ. കിഴക്കൻ ഡൽഹിയിലെ മണ്ഡാവ്‍ലിയിൽ‌ നിന്നുള്ള ദൃശ്യം.

ന്യൂഡൽഹി ∙ കനത്ത മഴയിൽ നഗരത്തിൽ പലയിടത്തും വൻ ഗതാഗതക്കുരുക്ക്. രണ്ടു ദിവസമായി പെയ്യുന്ന മഴ കാരണം നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളക്കെട്ട് രൂപപ്പെട്ടു. ഓടകൾ നിറഞ്ഞ് മലിനജലം റോഡുകളിലൂടെ ഒഴുകിയത് കാൽനടയാത്ര ദുഷ്കരമാക്കി. ഇന്നലെ രാവിലെ മുതൽ ഇടിയോടുകൂടിയാണു മഴപെയ്തത്.

ലോധി റോഡ്, പാലം എന്നിവിടങ്ങളിൽ കനത്ത മഴ പെയ്തു. റോഡുകളിൽ വെള്ളം നിറഞ്ഞതോടെ ഇരുചക്രവാഹന യാത്രക്കാരാണ് ഏറെ ബുദ്ധിമുട്ടിയത്. പല സ്ഥലത്തും വെള്ളക്കെട്ടിൽ വാഹനങ്ങൾ നിന്നുപോവുകയും ചെയ്തു.

ലക്ഷ്മിനഗർ മെട്രോ സ്റ്റേഷനിലേക്കുള്ള ഗണേഷ് ചൗക്ക്, പഞ്ചാബി ബാഗ്, മോത്തി നഗർ മേൽപ്പാലം, ഗീത കോളനി, യൂസഫ് സരായ് മാർക്കറ്റ്, ശ്രീ അരബിന്ദോ മാർഗ്, കാളിന്ദി കുഞ്ച്, നിർമാൺ വിഹാർ, വികാസ് മാർഗ് തുടങ്ങിയ സ്ഥലങ്ങളിൽ കനത്ത വെള്ളക്കെട്ടാണു രൂപപ്പെട്ടത്. ലജ്പത് നഗർ മേൽപ്പാലത്തിൽ ബസ് കേടായത് എയിംസിനു സമീപം വലിയതോതിലുള്ള ഗതാഗതക്കുരുക്കിനു കാരണമായി. വെള്ളക്കെട്ട് കാരണം ഗതാഗതം തടസ്സപ്പെട്ട റോഡുകൾ സംബന്ധിച്ച് ഡൽഹി പൊലീസ് ട്വിറ്ററിലൂടെ മുന്നറിയിപ്പു നൽകി.

നഗരത്തിലെ ഓടകളിലെ മാലിന്യം നീക്കംചെയ്യാത്തതാണ് മഴയത്ത് പലയിടത്തും വെള്ളക്കെട്ടിനു കാരണമാകുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. ചെറിയ മഴയ്ക്കു പോലും നഗരം വെള്ളക്കെട്ടിൽ സ്തംഭിക്കുന്നതിനു പ്രധാന കാരണം നഗരസഭകളുടെ അനാസ്ഥയാണെന്ന പരാതി വ്യാപകമാണ്. മഴക്കാലത്തെങ്കിലും ഓടകളിലെ മാലിന്യം നീക്കം ചെയ്ത് വെള്ളമൊഴുകുന്നതിലെ തടസ്സങ്ങൾ ഒഴിവാക്കണമെന്നാണ് നഗരവാസികളുടെ ആവശ്യം.