Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പി.കെ. ശശിക്കെതിരെ വനിതാ നേതാവിന്റെ പീഡനപരാതി ഒതുക്കാൻ ഒരുകോടി രൂപ വാഗ്ദാനം

pk-sasi പി.കെ. ശശി എംഎൽഎ

ന്യൂഡൽഹി∙ ഷൊർണൂർ എംഎൽഎ പി.കെ. ശശിക്കെതിരെ ഉന്നയിച്ച പീഡന പരാതി ഒതുക്കാൻ ശ്രമിച്ചതായി ഡിവൈഎഫ്ഐ വനിതാ നേതാവ്. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗമായ യുവതിയാണ് മണ്ണാർക്കാട് പാർട്ടി ഓഫിസിൽ വച്ച് എംഎൽഎ തനിക്കെതിരെ അതിക്രമത്തിനു ശ്രമിച്ചെന്നു പരാതി ഉന്നയിക്കുന്നത്. 

തനിക്ക് ഒരു കോടി രൂപയും ഡിവൈഎഫ്ഐയിൽ ഉന്നത സ്ഥാനവും വാഗ്ധാനം ചെയ്തുവെന്നു പരാതിക്കാരി വ്യക്തമാക്കി. സിപിഎം നേതൃത്വത്തിനു നൽകിയ പരാതിയിലാണ് ഇക്കാര്യമുള്ളത്. എംഎൽഎ ഫോണിലൂടെ അശ്ലീലസംഭാഷണം നടത്തിയെന്നും പരാതിക്കാരി പറഞ്ഞു. ഇതിന്റെ ശബ്ദരേഖയും പരാതിക്കൊപ്പം യുവതി നല്‍കി. പീഡന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് പി.കെ. ശശിക്കു കാരണംകാണിക്കൽ നോട്ടിസ് നൽകാൻ സിപിഎം കേന്ദ്രനേതൃത്വം സംസ്ഥാന സെക്രട്ടറിക്കു നിര്‍ദേശം നൽകിയിരുന്നു. എംഎൽഎയ്ക്ക് എതിരായ പരാതി രണ്ടംഗ സംസ്ഥാന സെക്രട്ടേറിയറ്റ് ഉപസമിതി അന്വേഷിക്കണമെന്നും അംഗങ്ങളിൽ ഒരാൾ വനിതയായിരിക്കണമെന്നും നിർദേശിച്ചു. 

എംഎൽഎയ്ക്ക് എതിരെ ഓഗസ്റ്റ് 14നു യുവതി വനിതാ പിബി അംഗത്തിനും സംസ്ഥാന സെക്രട്ടറിക്കും സെക്രട്ടേറിയറ്റിലെ ചില പ്രമുഖ നേതാക്കൾക്കും പരാതി നൽകിയിരുന്നു. ഇതിൽ നടപടിയെടുക്കാഞ്ഞതിനെത്തുടർന്ന് അവർ ഇന്നലെ ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിക്കു പരാതി ഇമെയിലായി അയച്ചു. ഇതേത്തുടർന്നാണു സിപിഎം സംസ്ഥാന സെക്രട്ടറിക്കു കേന്ദ്ര നേതൃത്വം നിർദേശം നൽകിയത്. അതേസമയം ശശിക്കെതിരെ പരാതി ലഭിച്ചിട്ടില്ലെന്നാണ് സിപിഎം പാലക്കാട് ജില്ലാ ഘടകത്തിന്റെ നിലപാട്.