Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പരാതിക്കാരിയെ അധിക്ഷേപിച്ച് പി.സി.ജോർജ്; മാധ്യമങ്ങളെ കാണാനില്ലെന്ന് കന്യാസ്ത്രീ

pc-george-nun പി.സി.ജോർജ്

കൊച്ചി∙ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീക്കെതിരെ അധിക്ഷേപ പരാമർശങ്ങളുമായി പി.സി.ജോര്‍ജ് എംഎല്‍എ. ഇതിനുപിന്നാലെ, ഞായറാഴ്ച മാധ്യമങ്ങളെ കാണാനുള്ള തീരുമാനം പിൻവലിച്ചതായി കന്യാസ്ത്രീ അറിയിച്ചു. ജോർജിന്റെ പരാമർശത്തിൽ കടുത്ത മാനസിക സമ്മര്‍ദം അനുഭവിക്കുന്നതായും അദ്ദേഹത്തിനെതിരെ പരാതി നൽകുമെന്നും കന്യാസ്ത്രീയുമായി അടുപ്പമുള്ളവർ പറഞ്ഞു.

ജലന്തര്‍ ബിഷപ് തെറ്റുകാരനാണെന്നു കരുതുന്നില്ലെന്നും 12 തവണ പീഡനത്തിനിരായിട്ട് 13–ാം തവണ കന്യാസ്ത്രീ പരാതി നല്‍കിയെന്നതില്‍ ദുരൂഹതയുണ്ടെന്നും ആയിരുന്നു പി.സി.ജോര്‍ജ് പറഞ്ഞത്. ഇതിനിടെ, പീഡന പരാതിയിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി ജംങ്ഷനിൽ നിരാഹാര സമരം തുടരുകയാണ്. പരാതിക്കാരിയായ കന്യാസ്ത്രീയുടെ കുടുംബാംഗങ്ങളും കുറവിലങ്ങാട് മഠത്തിലെ അഞ്ചു കന്യാസ്ത്രീകളും സമരത്തിൽ പങ്കെടുക്കുന്നുണ്ട്.

സഭയിൽ നിന്നും സർക്കാരിൽ നിന്നും നീതി ലഭിക്കാത്തതു കൊണ്ടാണു പരസ്യ പ്രതിഷേധവുമായി രംഗത്തെത്തിയതെന്നു കന്യാസ്ത്രീകൾ പറഞ്ഞു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ചാണു ജോയിന്റ് ക്രിസ്ത്യൻ കൗൺസിലിന്റ നേതൃത്വത്തിൽ ഉപവാസ സമരം സംഘടിപ്പിച്ചത്. കോടതിയിൽ മാത്രമാണ് ഇനി പ്രതീക്ഷയെന്നു പറഞ്ഞ കന്യാസ്ത്രീയുടെ കുടുംബം, ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച കോടതിയിൽ ഹർജി നൽകുമെന്നു വ്യക്തമാക്കി.

related stories