Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുരിതാശ്വാസ നിധിയിലേക്കു ധനസമാഹരണം; യജ്ഞത്തിന് ചൊവ്വാഴ്ച തുടക്കം

kerala-rain-floods

തിരുവനന്തപുരം∙ പ്രളയക്കെടുതിയിൽനിന്നു കരകയറുന്ന കേരളത്തിന്റെ പുനർനിർമാണത്തിനായി തിരുവനന്തപുരം കൈകോർക്കുന്നു. മുഖ്യമന്ത്രിയുടെ  ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണ യജ്ഞത്തിന് ചൊവ്വാഴ്ച തുടക്കമാകും. താലൂക്ക് അടിസ്ഥാനത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ നേരിട്ടെത്തിയാണു ഫണ്ട് ശേഖരിക്കുന്നത്. ചൊവ്വാഴ്ച തിരുവനന്തപുരം താലൂക്കിലാണു ധനശേഖരണം.

ഉച്ചകഴിഞ്ഞു മൂന്നു മുതൽ അഞ്ചു വരെ വിജെടി ഹാളിൽ മന്ത്രിയുടെ നേതൃത്വത്തിൽ ധനസമാഹരണം നടത്തും. സെപ്റ്റംബർ 13നു രാവിലെ പത്തു മുതൽ ഉച്ചയ്ക്ക് ഒന്നു വരെ നെടുങ്ങാട് നഗരസഭ ടൗൺ ഹാളിലും സെപ്റ്റംബർ 14നു രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒന്നു വരെ ആറ്റിങ്ങൽ ടൗൺ ഹാളിലും ഉച്ചകഴിഞ്ഞ് മൂന്നു മുതൽ അഞ്ചു വരെ വർക്കല മുനിസിപ്പൽ ഓഫിസ് ഹാളിലുമാണ് ധനശേഖരണം നടത്തുക.

നെയ്യാറ്റിൻകര താലൂക്കിലെ ധനശേഖരണം സെപ്റ്റംബർ 15ന് രാവിലെ പത്തു മുതൽ ഉച്ചയ്ക്ക് ഒന്നു വരെ നെയ്യാറ്റിൻകര ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ ഓഡിറ്റോറിയത്തിലും കാട്ടാക്കട താലൂക്കിലേത് ഉച്ചകഴിഞ്ഞ് രണ്ടു മുതൽ അഞ്ചു വരെ കാട്ടാക്കട ക്രിസ്ത്യൻ കോളജ് ഓഡിറ്റോറിയത്തിലും നടക്കും.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന ചെക്കുകളും ഡ്രാഫ്റ്റുകളുമായി നേരിട്ട് ആർക്കും നൽകാം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വിവിധ സർക്കാർ വകുപ്പുകൾ, സ്ഥാപനങ്ങൾ, വ്യക്തികൾ, സംഘടനകൾ തുടങ്ങി എല്ലാ വിഭാഗം ജനങ്ങളുടേയും സഹകരണത്തോടെയാണു ധനശേഖണ യജ്ഞം സംഘടിപ്പിച്ചിരിക്കുന്നത്.

കേരളത്തെ പുനർനിർമിക്കാനുള്ള യജ്ഞത്തിൽ എല്ലാവരും പങ്കാളികളാകണമെന്നും കൈയയച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ അഭ്യർഥിച്ചു.


പുനർനിർമാണത്തിൽ പങ്കാളികളാകാൻ വിദ്യാർഥികളും

സ്‌കൂൾ കുട്ടികളും നവ കേരളത്തിന്റെ നിർമാണത്തിൽ പങ്കാളികളാകും. ചൊവ്വാഴ്ച ജില്ലയിലെ സ്‌കൂളുകളിൽ ദുരിതാശ്വാസ ഫണ്ട് ശേഖരണം നടക്കും. പിടിഎയുടെ സഹകരണത്തോടെയാണ് എല്ലാ വിദ്യാലയങ്ങളിലും ഫണ്ട് ശേഖരിക്കുക. രാവിലെ 10ന് കോട്ടൺ ഹിൽ സ്‌കൂളിൽനിന്നും ഉച്ചയ്ക്ക് 12ന് പട്ടം സെന്റ് മേരീസ് സ്‌കൂളിൽനിന്നും ഫണ്ട് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഏറ്റുവാങ്ങും.

ചെക്കായും ഡ്രാഫ്റ്റായും നൽകാം

ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനകൾ ചെക്കായും ഡ്രാഫ്റ്റായും മാത്രമേ സ്വീകരിക്കൂ. ചെക്കുകളും ഡ്രാഫ്റ്റുകളും ഓരോ താലൂക്കുകളിലും നിശ്ചയിച്ചിട്ടുള്ള ദിവസങ്ങളിൽ മന്ത്രി കടകംപള്ളി സുരേന്ദ്രനു നേരിട്ടു കൈമാറാം.

സ്‌കൂളുകളിൽനിന്നു ബുധനാഴ്ച വരെ സംഭാവനകൾ ശേഖരിക്കാം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു വിദ്യാർഥികളിൽനിന്നുള്ള ധനസമാഹരണം സെപ്റ്റംബർ 11, 12 തീയതികളിൽ നടത്താവുന്നതാണെന്നു പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാൻ അറിയിച്ചു. നേരത്തെ ഇത് 11ന് പൂർത്തിയാക്കാനാണു നിർദേശിച്ചിരുന്നത്.

related stories