Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിഎൻബി തട്ടിപ്പ്: നീരവ് മോദിയുടെ സഹോദരിക്കെതിരെ റെഡ് കോർണർ നോട്ടിസ്

Nirav-Modi-1 നീരവ് മോദി

ന്യൂഡൽഹി ∙ പഞ്ചാബ് നാഷനൽ ബാങ്കിനെ ഇടനിലക്കാരാക്കി വായ്പതട്ടിപ്പു നടത്തിയ കേസിലെ പ്രധാന പ്രതി വജ്ര വ്യാപാരി നീരവ് മോദിയുടെ സഹോദരിയും കേസിലെ പ്രതിയുമായ പുർവി മോദിക്കെതിരെ ഇന്‍റർപോളിന്റെ റെഡ് കോർണർ നോട്ടിസ്. ബെൽജിയം പൗരത്വമുള്ള പുർവി ദീപക് മോദി പണത്തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം തേടുന്ന വ്യക്തിയാണെന്ന് നോട്ടിസ് വ്യക്തമാക്കുന്നു. എൻ‌ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ അഭ്യർഥന മാനിച്ചാണ് രാജ്യാന്തരതലത്തിൽ അറസ്റ്റ് വാറണ്ടിന് തുല്യമായ റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിച്ചത്. കേസുമായി ബന്ധപ്പെട്ട അന്വേഷണം മുന്നോട്ടു പോകണമെങ്കിൽ പുർവി മോദിയെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നിലപാട്.

ഇംഗ്ലീഷ്, ഗുജറാത്തി, ഹിന്ദി എന്നീ ഭാഷകൾ സുഗമമായി സംസാരിക്കുന്ന പുർവിയെ തട്ടിപ്പുമായി ബന്ധപ്പെട്ട് മാർച്ചിൽ സമർപ്പിച്ച ആദ്യ കുറ്റപത്രത്തിൽ തന്നെ പ്രതിചേർത്തിരുന്നു. ഒരു കുറ്റവാളിക്കെതിരെ റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിച്ചാൽ‌ ഇവരെ 192 അംഗരാജ്യങ്ങളിൽ എവിടെ കണ്ടെത്തിയാലും അറസ്റ്റ് ചെയ്യണം. നാടുകടത്തലോ കുറ്റകൃത്യം നടന്ന രാജ്യത്തിനു കൈമാറലോ സംബന്ധിച്ച തീരുമാനം ഇതിനുശേഷമാകും ഉണ്ടാകുക.

നീരവ് മോദിക്കും അമ്മാവൻ മെഹുൽ ചോക്സിക്കുമെതിരെ ഇന്‍റർപോൾ നേരത്തെ റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. മോദി ബ്രിട്ടനിലുണ്ടെന്ന് അടുത്തിടെ ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. മോദിയുടെ ഫയർസ്റ്റാർ ഇന്‍റർനാഷനൽ എന്ന ജ്വല്ലറി സ്ഥാപനത്തിന്‍റെ സിഇഒ മിഹിർ ആർ ബൻസാലിക്കെതിരെയും റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. വ്യാജരേഖകൾ നൽകി പിഎൻബിയുടെ 13,000 കോടി രൂപ വെട്ടിച്ചെന്നാണു നീരവ് മോദിക്കെതിരായ കേസ്.

നീരവിന് വിദേശ ബാങ്കുകളിൽ നിന്നും ഹ്രസ്വകാല വായ്പ തരപ്പെടുത്താൻ പിഎൻബിയിൽ നിന്നും 2011–17 കാലഘട്ടത്തിൽ വ്യാജ ജാമ്യപത്രം (എൽഒയു) നൽകുകയായിരുന്നു. വിദേശ ബാങ്കുകളിലെ വായ്പ തിരിച്ചടവിൽ വീഴ്ച വന്നതോടെ അവർ പിഎൻബിയോട് പണം ആവശ്യപ്പെട്ടു. ഇതോടെയാണ് രാജ്യത്തെ ഞെട്ടിച്ച തട്ടിപ്പ് പുറത്തുവന്നത്. ഇതിനു മുന്നോടിയായി തന്നെ മോദിയും ചോക്സിയും ഇന്ത്യ വിട്ടിരുന്നു.