Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമൂഹമാധ്യമങ്ങളിൽ അധിക്ഷേപിച്ചെന്ന് ആരോപണം; അധ്യാപകനും വിദ്യാർഥിക്കുമെതിരെ നടപടി

central-university-fb-post ഡോ.പ്രസാദ് പന്ന്യൻ, അധ്യാപകനെ പുറത്താക്കികൊണ്ടുള്ള സർവകലാശാലയുടെ ഉത്തരവ്

കാസർകോട്∙ സമൂഹമാധ്യമത്തിലെ കുറിപ്പുകളുടെ പേരിൽ അധ്യാപകനും വിദ്യാർഥിക്കുമെതിരെ കേന്ദ്ര സർവകലാശാലയിൽ അച്ചടക്ക നടപടി. സർവകലാശാലയെ മോശമായി ചിത്രീകരിച്ചെന്നാരോപിച്ച് ഇംഗ്ലിഷ് ആന്‍‍ഡ്  കംപാരറ്റീവ് ലിറ്ററേച്ചർ വിഭാഗം മേധാവി ഡോ. പ്രസാദ് പന്ന്യനെയാണു തൽസ്ഥാനത്തുനിന്നു നീക്കം ചെയ്തത്. വൈസ് ചാൻസലറെ അധിക്ഷേപിച്ചെന്ന് ആരോപിച്ചാണു പിജി വിദ്യാർഥിയെ പുറത്താക്കിയത്.

കാസർകോട് കേന്ദ്ര സർവകലാശാല ആസ്ഥാനത്താണ് അധ്യാപകനും വിദ്യാർഥിക്കുമെതിരെ നടപടി. ഒരുമാസം മുൻപു സർവകലാശാലയിലെ അഗ്നിരക്ഷാ ഉപകരണം കേടുവരുത്തിയെന്നാരോപിച്ച് ദലിത് വിദ്യാർഥിയായ നാഗരാജുവിനെതിരെ അധികൃതർ പൊലീസിൽ പരാതിപ്പെടുകയും വിദ്യാർഥിയെ അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു. സംഭവത്തിൽ നഗരാജുവിനെ അനുകൂലിച്ചു സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടതിനാണ് ഡോ. പ്രസാദ് പന്ന്യനെ വകുപ്പ് മേധാവി സ്ഥാനത്തുനിന്നു നീക്കം ചെയ്തത്.

സർവകലാശാലയിലെ വിവിധ പ്രശ്നങ്ങളെക്കുറിച്ചു സമൂഹമാധ്യമത്തിൽ കുറിച്ചതിനാണു ബിരുദാനന്തര ബിരുദ വിദ്യാർഥിയായ അഖിലിനെ പുറത്താക്കിയത്. വൈസ് ചാൻസിലറെയും റജിസ്ട്രാറെയും അധിക്ഷേപിച്ചുവെന്നാണ് ആരോപണം. എന്നാൽ വിശദീകരണം പോലും ചോദിക്കാതെയാണ് അധികൃതരുടെ നടപടിയെന്നാണ് ആക്ഷേപം. അച്ചടക്ക സമിതിയുടെ തെളിവെടുപ്പു വെറും പ്രഹസനമായിരുന്നെന്ന് അഖിൽ പറഞ്ഞു

ഇവർക്കുപുറമെ വിവിധ കാരണങ്ങളുന്നയിച്ച് ഈ വർഷം ഇതുവരെ ഒൻപതു വിദ്യാർഥികൾക്കെതിരെ അച്ചടക്ക നടപടിയുണ്ട്. വൈസ് ചാൻസിലറുടെ നേതൃത്വത്തിൽ വിദ്യാർഥികളുടെ അഭിപ്രായ സ്വതന്ത്യ്രത്തെ ഹനിക്കുകയും സംഘപരിവാർ അജണ്ട നടപ്പാക്കാനുള്ള ശ്രമവുമാണു സർവകലാശാലയിൽ നടക്കുന്നതെന്ന ആക്ഷേപം ശക്തമാണ്. എന്നാൽ ചട്ടങ്ങൾ അനുസരിച്ചാണ് അച്ചടക്ക നടപടികൾ സ്വീകരിച്ചെന്നാണ് ഔദ്യോഗിക വിശദീകരണം.