Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സാലറി ചാലഞ്ചിനെതിരെ വാട്സാപ് സന്ദേശം; ഭരണപക്ഷ സംഘടനാ നേതാവിനെ തെറിപ്പിച്ചു

വി.ആർ. പ്രതാപ്
whatsapp-message

തിരുവനന്തപുരം∙ വീട്ടിലെ പരാധീനതകൾ കാരണം ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്കു നൽകാൻ കഴിയില്ലെന്നും പകരം ഭാര്യയുടെ ഒരു മാസത്തെ ശമ്പളം നൽകാമെന്നും വാട്‌സാപ് ഗ്രൂപ്പിൽ സന്ദേശമിട്ട സിപിഎം അനുകൂല സർവീസ് സംഘടനയായ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ ഏരിയാ കമ്മിറ്റിയംഗത്തെ സ്ഥലംമാറ്റി. ഒരു മാസത്തെ ശമ്പളം വാങ്ങാൻ ഉത്തരവിട്ട ധനവകുപ്പിലെ തന്നെ സെക്‌ഷൻ ഒാഫിസർ കെ.എസ്. അനിൽരാജിനെയാണു സന്ദേശമിട്ട് മണിക്കൂറുകൾക്കുള്ളിൽ ദേശീയ സമ്പാദ്യ പദ്ധതി ഡയറക്ടറേറ്റിലേക്കു തട്ടിയത്. സാലറി ചാലഞ്ചിനെതിരെ ഭരണപക്ഷ അനുകൂല സംഘടനയ്ക്കുള്ളിൽ തന്നെ ഭിന്നതയുണ്ടായത് സർക്കാരിനും ക്ഷീണമായി.

anilraj-whatsapp-post-order അനിൽരാജിന്റെ വാട്സാപ്പ് പോസ്റ്റ് (ഇടത്); സ്ഥലമാറ്റ ഉത്തരവ്

ഇന്നലെ രാവിലെ ധനവകുപ്പ് ജീവനക്കാരുടെ വാട്‌സാപ് ഗ്രൂപ്പായ ‘ഫിനാൻസ് ഫ്രൻസി’ൽ അനിൽരാജ് പോസ്റ്റ് ചെയ്ത സന്ദേശം ഇതായിരുന്നു ‘‘മാസശമ്പള ചാലഞ്ചിനു പിന്തുണ. നൽകാൻ കഴിവുള്ളവർ തീർച്ചയായും നൽകണം. അത്തരക്കാർക്ക് അഭിനന്ദനങ്ങൾ. ശമ്പളം നൽകാൻ കഴിവില്ലാത്തവരുമുണ്ട്. അവരും സമൂഹത്തിന്റെ പരിച്ഛേദങ്ങളാണ്. അവരെ പുച്ഛിക്കരുത്. കളിയാക്കരുത്. കാരണം, പ്രളയദുരത്തിൽപ്പെട്ടവർക്കു നേരേ ഏതെങ്കിലും രീതിയിൽ സഹായഹസ്തം നീട്ടാത്തവർ കുറവാണ്. ഒാർക്കുക, ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വടംവലിയല്ല നടക്കേണ്ടത്. മറിച്ച്, സഹകരണമാണ്.’’

ഈ സന്ദേശത്തോട് അനൂകൂലിച്ചും പ്രതികൂലിച്ചും ഒട്ടേറെ മറുപടികൾ ഗ്രൂപ്പിലെത്തിയതോടെ അനിൽരാജ് തന്റെ നിസഹായതയും നിലപാടും വ്യക്തമാക്കി മറ്റൊരു സന്ദേശമിട്ടു. ‘‘32 ദിവസത്തെ ശമ്പളം ഇല്ലാതെ സമരം ചെയ്തയാളാണു ഞാൻ. പക്ഷേ, ഇക്കുറി എന്റെ പരമാവധി ഞാനും എന്റെ കുട്ടികളും വീട്ടുകാരും ചേർന്നു ചെയ്തു. സാലറി ചാലഞ്ചിന് ആദ്യത്തെ ‘നോ’ ആകട്ടെ എന്റേത്. കഴിവില്ല. അതു തന്നെ ഉത്തരം. ഞാനും എന്റെ ഭാര്യയും സർക്കാർ ജീവനക്കാരാണ്. രണ്ടു പേർക്കും സാലറി ചാലഞ്ച് ഏറ്റെടുക്കണമെന്നുണ്ട്. പക്ഷേ, ചില പരാധീനതകൾ അതിനു വിലങ്ങിടുന്നു. അതു കൊണ്ടു ഭാര്യ ചാലഞ്ച് ഏറ്റെടുത്തു. പകരം ഞാൻ ‘നോ’ പറഞ്ഞു. സംഭവം ഇതായിരിക്കെ ഞാൻ ഇതിന് എതിരാണെന്ന മട്ടിൽ പറഞ്ഞു നടന്നു. അതു വേണ്ട. കാരണം ഇത‌ു ജനങ്ങളുടെ ഒപ്പമുള്ള ജനകീയ സർക്കാർ. എന്നും അതിനൊപ്പം മാത്രം.’’

ശമ്പളം നൽകുന്നില്ലെങ്കിലും സാലറി ചാലഞ്ചിനെ അനൂകൂലിക്കുന്നെന്ന അനിൽരാജിന്റെ നിലപാടിൽ പക്ഷേ ധനവകുപ്പ് അയഞ്ഞില്ല. ഇന്നലെ വൈകിട്ടു തന്നെ സ്ഥലംമാറ്റിക്കൊണ്ടുള്ള ഉത്തരവുമെത്തി. ആരായാലും ശരി, ശമ്പളം നൽകിയില്ലെങ്കിൽ ഇതാകും ഫലം എന്ന മുന്നറിയിപ്പു കൂടിയാണു സ്വന്തം സംഘടനയുടെ ഭാരവാഹിയെത്തന്നെ തെറിപ്പിച്ചുകൊണ്ടു ധനവകുപ്പ് നൽ‌കിയത്. ദുരിതാശ്വാസ നിധിയിലേക്ക് 5,000 രൂപ സംഭാവന നൽകിയ ആളാണ് അനിൽരാജ്. മക്കൾക്ക് ഒപ്പം ദുരിതാശ്വാസ സഹായ കേന്ദ്രങ്ങളിലും പ്രവർത്തിച്ചു. സഹോദരൻ ചെങ്ങന്നൂരിൽ ശുചിയാക്കൽ യജ്ഞത്തിലും പങ്കെടുത്തിരുന്നു.