Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫ്ലോറൻസ് ചുഴലിക്കാറ്റ്: നോർത്ത് കാരലൈനയിൽ ശക്തമായ മഴയും കാറ്റും

florence-nc യുഎസിലെ നോർത്ത് കാരലൈന സംസ്ഥാനത്ത് പ്രളയം നിറഞ്ഞ സ്ഥലത്തുകൂടി അഭയകേന്ദ്രത്തിലേക്കു പോകുന്നവർ.

വിൽമിങ്ടൺ (നോർത്ത് കാരലൈന)∙ ഫ്ലോറൻസ് ചുഴലിക്കാറ്റിന്റെ ഭാഗമായി യുഎസിലെ നോർത്ത് കാരലൈനയിൽ ശക്തമായ മഴയും കാറ്റും. മഴയെത്തുടർന്ന് വെള്ളപ്പൊക്കവും ഉണ്ടായി. നദികൾ കരവിഞ്ഞ് ഒഴുകുകയാണ്. പലയിടത്തെയും വൈദ്യുതി വിതരണം മുടങ്ങി. വൻശക്തിയിൽ ആഞ്ഞടിക്കുമെന്നു കരുതിയിരുന്ന ചുഴലിക്കാറ്റ് വീര്യം കുറഞ്ഞ് കാറ്റഗറി രണ്ടിലേക്ക് താഴ്ന്നിരുന്നു. ഇപ്പോഴും അപകടകരമായ നിലയിൽതന്നെയാണ് ചുഴലിക്കാറ്റിന്റെ വരവ്. വെള്ളിയാഴ്ച രാത്രിയോടെ ചുഴലിക്കാറ്റ് നോർത്ത് കാരലൈനയിൽ പതിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

നോർത്ത് കാരലൈനയിലെ 12,000ത്തോളം പേരെ അഭയകേന്ദ്രങ്ങളിലേക്കു മാറ്റിപ്പാർപ്പിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ കുടിയൊഴിപ്പിക്കലാണ് ഇതെന്ന് നോർത്ത് കാരലൈന ഡിപ്പാർട്മെന്റ് ഓഫ് എമർജെൻസി മാനേജ്മെന്റ് ഉദ്യോഗസ്ഥൻ കെയ്ത് അക്രി അറിയിച്ചു.

ചുഴലിക്കാറ്റിന്റെ ഭാഗമായുണ്ടാകുന്ന രണ്ടോ മൂന്നോ ദിവസത്തെ മഴയിലൂടെ നോർത്ത് കാരലൈനയില്‍ കുറഞ്ഞത് എട്ടുമാസം ലഭിക്കേണ്ട മഴയാണ് ലഭിക്കുകയെന്ന് നാഷനൽ വെതർ സർവീസ് അറിയിച്ചു. മേഖലയിൽ 88,000ത്തോളം പേർക്ക് വൈദ്യുതിയുണ്ടാകില്ല. ഇതു പുനഃസ്ഥാപിക്കാൻ ആഴ്ചകൾ എടുക്കുത്തേക്കും. നദീതീരത്തുള്ള റോഡുകളും മറ്റും ഇപ്പോൾ തന്നെ പ്രളയത്തിൽ മുങ്ങിയിരിക്കുകയാണ്.