Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാർ കോഴ കേസിൽ കെ.എം. മാണിക്ക് തിരിച്ചടി; വിജിലൻസ് റിപ്പോർട്ട് തള്ളി

K.M. Mani കെ.എം.മാണി (ഫയല്‍ ചിത്രം)

തിരുവനന്തപുരം∙ ബാർ കോഴ കേസിൽ മുൻ മന്ത്രി കെ.എം. മാണിയെ കുറ്റവിമുക്തനാക്കിയ വിജിലൻസിന്റെ റിപ്പോർട്ട് തിരുവനന്തപുരം വിജിലൻസ് കോടതി തള്ളി. മാണി കോഴ വാങ്ങിയതിനു തെളിവില്ലെന്നായിരുന്നു വിജിലൻസിന്റെ റിപ്പോർട്ട്. പുനരന്വേഷണത്തിന് വിജിലൻസ് സർക്കാരിൽനിന്ന് അനുവാദം വാങ്ങണമെന്നും കോടതി നിർദേശിച്ചു. സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും അനുകൂലമല്ലാത്തതിനാല്‍ കേസ് നിലനില്‍ക്കില്ലെന്നാണു വിജിലന്‍സ് റിപ്പോര്‍ട്ട്. പൂട്ടിയ ബാറുകള്‍ തുറക്കുന്നതിനു ധനമന്ത്രിയായിരുന്ന കെ.എം. മാണി ഒരു കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്.

മനോരമ ന്യൂസ് കൗണ്ടര്‍ പോയിന്റില്‍ ബാറുടമ ബിജു രമേശ് നടത്തിയ ആരോപണത്തില്‍ 2014 ഡിസംബർ പത്തിനാണു മാണിയെ പ്രതിയാക്കി ബാര്‍ കോഴക്കേസില്‍ എഫ്ഐആർ റജിസ്റ്റർ ചെയ്തത്. യുഡിഎഫ് കാലത്തുള്‍പ്പെടെ മൂന്നു അന്വേഷണ റിപ്പോര്‍ട്ടുകള്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആരോപണം വലിയ രാഷ്ട്രീയ വിവാദമായി മാറ്റിയ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം സമര്‍പ്പിച്ച രണ്ടു റിപ്പോര്‍ട്ടിലടക്കം മൂന്നിലും തെളിവില്ലെന്നായിരുന്നു വിജിലന്‍സ് നിലപാട്.

മാണിയുടെ വസതിയില്‍ ബാര്‍ അസോസിയേഷന്‍ പ്രതിനിധികള്‍ ശേഖരിച്ച പണവുമായി എത്തിയിരുന്നെന്നും എന്നാല്‍ പണം മാണിക്കു കൈമാറിയതായി ഒരു സാക്ഷിപോലും പറഞ്ഞില്ലെന്നും വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അതേസമയം, ശരിയായ അന്വേഷണം നടന്നിട്ടില്ലെന്നും പുനരന്വേഷണത്തിനു ഉത്തരവിടണമെന്നുമാണ് വി.എസ്. അച്യുതാനന്ദൻ അടക്കമുള്ള ഹര്‍ജിക്കാരുടെ ആവശ്യം.

തുടരന്വേഷണത്തിനുത്തരവിട്ടാല്‍ അതിനു നിയമഭേദഗതി തടസമാകില്ലേയെന്ന കോടതിയുടെ ചോദ്യത്തിനു തടസമാകില്ലെന്നു വിജിലന്‍സ് നിയമോപദേശകന്‍ മറുപടി നല്‍കിയിരുന്നു. അന്വേഷണത്തിനു സര്‍ക്കാരിന്റെ അനുമതി വേണമെന്ന അഴിമതി നിരോധന നിയമത്തിലെ 17 (എ)യില്‍ അടുത്തകാലത്തു വന്ന ഭേദഗതിയാണ് തുടരന്വേഷണത്തിനു പ്രധാന തടസം.