Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോകത്തിലെ നീളമേറിയ കേബിൾ ശൃംഖല കൊച്ചിയിൽ മുറിഞ്ഞു; ഇന്റർനെറ്റ് തടസ്സപ്പെട്ടേക്കും

Submarine Cable | Telecom പ്രതീകാത്മക ചിത്രം.

കൊച്ചി∙ കുണ്ടന്നൂർ മേൽപാല നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെ ഭൂഗർഭ വാർത്താ വിനിമയ കേബിൾ മുറിഞ്ഞത് ആശങ്ക പരത്തി. ഭൂമിക്കടിയിലൂടെയും കടലിനടിയിലൂടെയും വ്യാപിച്ചു കിടക്കുന്ന വാർത്താവിനിമയ കേബിളായ സീ–മീ–വീ 3 (തെക്ക് കിഴക്ക് ഏഷ്യ-മധ്യ പൂർവേഷ്യ-പടിഞ്ഞാറൻ യൂറോപ്പ് 3) ആണു മുറിഞ്ഞത്. പെട്ടെന്നു തന്നെ ബദൽ ലൈനിലൂടെ സിഗ്നലുകൾ മാറ്റിവിട്ടതിനാൽ ഉപയോക്താക്കളെ കാര്യമായി ബാധിച്ചില്ല. ലോകത്തിലെ ഏറ്റവും നീളമേറിയ കേബിൾ ശൃംഖലയാണിത്; നീളം 24,500 മൈൽ.

ഏഷ്യ, ആഫ്രിക്ക, യുറോപ്പ് ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്ന സീ–മീ–വീ 3 യുടെ ജംക്‌ഷൻ ബോക്സിനു തകരാർ പറ്റി. ഒപ്റ്റിക്കൽ ഫൈബർ കേബിളുകളിൽ മൂന്നെണ്ണത്തിൽ ഒരെണ്ണമാണു തകർന്നത്. ഇതോടെ ബിഎസ്എൻഎല്ലിന്റേത് ഉൾപ്പെടെ ഇന്റർനെറ്റ് വിനിമയ ശേഷിയിൽ കുറവുണ്ടായി എന്നാണു കണക്കാക്കുന്നത്. വിദേശ് സഞ്ചാർ നിഗം ലിമിറ്റഡാണ് (വിഎസ്എൻഎൽ) സീ–മീ–വീ3 സിഗ്നൽ ഇന്ത്യയിൽ സ്വീകരിക്കുന്നത്. കൊച്ചിയിലും മുംബൈയിലുമാണു സീ–മീ–വിയുടെ ഇന്ത്യയിലെ ഹബ്.

കേബിൾ പൊട്ടുന്നതു കനത്ത നഷ്ടമുണ്ടാക്കുമെന്നതിനാൽ വിഎസ്എൻഎൽ സാങ്കേതിക വിദഗ്ദർ ഉടനെ സ്ഥലത്തെത്തി തകരാർ പരിഹരിക്കുന്നതിനുള്ള നടപടികളിലാണ്. റോഡരികിൽ ഭൂമിക്കടിയിലൂടെ കടന്നുപോകുന്ന കേബിൾ നേരത്തെ കണ്ണാടിക്കാട്, കുമ്പളം എന്നിവിടങ്ങളിൽ ഹൈവേ നിർമാണത്തിനിടെ മുറിഞ്ഞിരുന്നു.

ലോകത്ത് എല്ലായിടത്തും ഇൻറർനെറ്റ് ഉൾപ്പടെയുള്ള വാർത്താവിനിമയ സംവിധാനങ്ങൾക്കായി ഭൂമിക്കടിയിലൂടെയും കടലിനടിയിലൂടെയുമാണ് കേബിൾ സ്ഥാപിച്ചിരിക്കുന്നത്. എല്ലായിടത്തെയും ഇന്റർനെറ്റ് സംവിധാനങ്ങളും കംപ്യൂട്ടറുകളുമെല്ലാം ഈ ശൃംഖലയാലാണു ബന്ധിപ്പിച്ചിരിക്കുന്നത്. ഒപ്റ്റിക്കൽ ഫൈബർ കേബിളുകളിലൂടെ സഞ്ചരിക്കുന്ന സിഗ്നലുകളാണു വിവിധ രാജ്യങ്ങളിൽ സ്ഥാപിച്ചിട്ടുള്ള സെർവറുകളിൽനിന്ന് ഓരോ ഉപയോക്താവിന്റെയും കംപ്യൂട്ടറിലേക്കു വിവരങ്ങൾ എത്തിക്കുന്നത്.

related stories