Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കലോല്‍സവം ഡിസംബര്‍ ഏഴുമുതല്‍; കായികമേള അടുത്ത മാസം

school-youthfest

തിരുവനന്തപുരം ∙ സംസ്ഥാന സ്കൂൾ കലോല്‍സവം ഡിസംബര്‍ ഏഴ്, എട്ട്, ഒന്‍പത് തീയതികളില്‍ ആലപ്പുഴയില്‍ നടത്തും. സംസ്ഥാന കായികമേള ഒക്ടോബർ 26,27,28 തീയതികളിൽ തിരുവനന്തപുരത്ത് നടത്തും. കലോല്‍സവ ദിവസങ്ങള്‍ അഞ്ചില്‍ നിന്ന് മൂന്നായി ചുരുക്കാനും സ്റ്റേജ് ഇനങ്ങൾ മാത്രം സംസ്ഥാനതലത്തില്‍ സംഘടിപ്പിക്കാനും തിരുവനന്തപുരത്ത് പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.ഷാജഹാന്റെ അധ്യക്ഷതയിൽ ചേർന്ന ഗുണനിലവാര സമിതിയോഗം തീരുമാനിച്ചു.

ഇതു സംബന്ധിച്ച ശുപാര്‍ശ സര്‍ക്കാരിന് നല്‍കും. അര്‍ധവാര്‍ഷിക പരീക്ഷ ഡിസംബര്‍ രണ്ടാമത്തെ ആഴ്ചയായിരിക്കും. പാദവാർഷിക പരീക്ഷകൾ ഈ വർഷം നടത്തേണ്ടതില്ലെന്നും എല്ലാ സ്കൂളുകളിലും ഒക്ടോബർ 15ന് മുൻപ് ക്ലാസ് ടെസ്റ്റുകൾ നടത്തേണ്ടതാണെന്നും യോഗത്തിൽ തീരുമാനമായി.

സ്കൂൾ കലോൽസവത്തിൽ രചനാമത്സരങ്ങളില്‍(കഥാരചന, കവിതാരചന, ചിത്രരചന – ജലച്ചായം, എണ്ണച്ചായം, പെൻസിൽ, കാർട്ടൂൺ, കൊളാഷ്) ജില്ലാതലങ്ങളില്‍ ഒരേ വിഷയത്തിൽ ഒറ്റദിവസമായി നടത്തി എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയ രചനകൾ സംസ്ഥാനതലത്തിൽ വിലയിരുത്തി ഗ്രേഡ് നൽകും.

സ്കൂൾതല മൽസരങ്ങൾ ഒക്ടോബർ ഒന്നു മുതൽ 13 വരെയും സബ് ജില്ലാതല മൽസരങ്ങൾ ഒക്ടോബർ 20 മുതൽ നവംബർ മൂന്നു വരെയും ജില്ലാ മൽസരങ്ങൾ നവംബർ 12 മുതൽ 24 വരെയും നടത്തും. സബ് ജില്ലാ മേളകൾ ഒറ്റ ദിവസം കൊണ്ടും ജില്ലാ മേളകൾ പരമാവധി രണ്ടു ദിവസം കൊണ്ടും സംസ്ഥാന മേള മൂന്നു ദിവസം കൊണ്ടും തീർക്കാനാണ് തീരുമാനം.

എൽപി–യുപി കലാമൽസരങ്ങൾ സ്കൂൾതലത്തിൽ അവസാനിക്കും. ഉദ്ഘാടന–സമാപനച്ചടങ്ങുകളും ഘോഷയാത്രകളും ഒഴിവാക്കിയാകും കലോൽസവങ്ങൾ സംഘടിപ്പിക്കുക. ഭക്ഷണവിതരണം കഴിവതും കുടുംബശ്രീയെ എൽപ്പിക്കാനാണ് പദ്ധതി.

സ്പെഷൽ സ്കൂൾ സംസ്ഥാന കലോൽസവം ഒക്ടോബർ 26,27,28 തീയതികളിൽ കൊല്ലത്തും സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം നവംബർ 24,25 തീയതികളിൽ കണ്ണൂരിലും സംഘടിപ്പിക്കും. സ്കൂള്‍ കായികമേള ഒക്ടോബര്‍ 26,27,28  തീയതികളില്‍ തിരുവനന്തപുരത്ത് നടക്കും. മേളയില്‍ ഗെയിംസ് ഇനങ്ങള്‍ സംസ്ഥാന തലത്തിലുണ്ടാകില്ല. ഒരു ജില്ലയിൽ നിന്ന് സംസ്ഥാനതലത്തിൽ രണ്ട് എൻട്രി മാത്രമാകും അനുവദിക്കുക.