Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലാൻഡിങ് സംവിധാനം പ്രവർത്തനരഹിതം; എയർഇന്ത്യ വിമാനം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

air-india

ന്യൂഡല്‍ഹി∙ 370 യാത്രക്കാരുമായി ന്യുയോര്‍ക്കിലേക്കു പറന്ന എയര്‍ ഇന്ത്യ ബോയിങ് 777-300 വിമാനം വന്‍ ദുരന്തത്തില്‍നിന്നു രക്ഷപ്പെട്ടത് ക്യാപ്റ്റന്‍ രസ്തം പാലിയയുടെ മനഃസാന്നിധ്യം ഒന്നു കൊണ്ടു മാത്രം. ലാന്‍ഡിങ് സംവിധാനം തകരാറിലായതിനെ തുടര്‍ന്ന് ന്യൂയോര്‍ക്കിലെ ജോണ്‍ എഫ് കെന്നഡി വിമാനത്താവളത്തില്‍ ഇറക്കാന്‍ കഴിയാതിരുന്ന വിമാനം ഒടുവില്‍ നെവാര്‍ക്ക് ലിബര്‍ട്ടി രാജ്യാന്തര വിമാനത്താവളത്തിലാണ് ഇറക്കിയത്. സെപ്റ്റംബര്‍ 11-നായിരുന്നു സംഭവം. വിമാനത്തില്‍ ഇന്ധനം കുറഞ്ഞത് ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു.

ന്യുയോര്‍ക്കില്‍ ഇറങ്ങുന്നതിനു തൊട്ടു മുമ്പാണു വിമാനത്തിലെ ഇന്‍സ്ട്രമെന്റ് ലാന്‍ഡിങ് ഉപകരണങ്ങള്‍ പ്രവര്‍ത്തനരഹിതമായത്. ഏതു കാലാവസ്ഥയിലും രാത്രിയും പകലും പൈലറ്റിനു കൃത്യം റണ്‍വേയില്‍ വിമാനം ഇറക്കാന്‍ സഹായിക്കുന്ന സംവിധാനമാണിത്. വിമാനം എത്ര ഉയരത്തിലാണെന്ന് അറിയാന്‍ സഹായിക്കുന്ന റേഡിയോ ആള്‍ട്ടിമീറ്റര്‍ മാത്രമാണു പ്രവര്‍ത്തിച്ചിരുന്നത്.

കുറച്ചു സമയം കെന്നഡി വിമാനത്താവളത്തിനു മുകളില്‍ വട്ടമിട്ടു പറന്നെങ്കിലും ഇറക്കാന്‍ കഴിഞ്ഞില്ല. കാലാവസ്ഥ അനുകൂലമാകാതിരിക്കുകയും ഇന്ധനം കുറയാന്‍ തുടങ്ങുകയും ചെയ്തതോടെ കാര്യങ്ങള്‍ വഷളാകുകയാണെന്ന് ക്യാപ്റ്റനു ബോധ്യമായി. പ്രവര്‍ത്തന സജ്ജമായ ഉപകരണങ്ങളുടെ സഹായത്തോടെ ലാന്‍ഡിങ് നടത്താന്‍ ക്യാപ്റ്റനും സഹപൈലറ്റുമാരും തീരുമാനിച്ചു.

അല്‍ബാനി, ബോസ്റ്റന്‍, ബ്രാഡ്‌ലി തുടങ്ങിയ വിമാനത്താവളങ്ങളിലേക്കു പറക്കാനുള്ള ഇന്ധനം വിമാനത്തിലുണ്ടായിരുന്നില്ല. ഒടുവില്‍ നെവാര്‍ക്കില്‍ ഇറക്കാനായി ശ്രമം. ആകാശം മേഘാവൃതമായിരുന്നതിനാല്‍ റണ്‍വേ കാണാന്‍ 400 അടിയിലേക്കു വിമാനം താഴ്ത്തി പറപ്പിക്കേണ്ടിവന്നു. ബോയിങ് വിമാനം ഇത്തരത്തില്‍ താഴ്ത്തി പറപ്പിക്കാറില്ല. എന്നാല്‍ മനുഷ്യസാധ്യമായ കണക്കുകൂട്ടലുകളുടെയും കൃത്യമായ മനസാന്നിധ്യത്തിന്റെയും പിന്‍ബലത്തില്‍ തകരാറുണ്ടായി 38 മിനിറ്റിനു ശേഷം വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്യാന്‍ ക്യാപ്റ്റനു സാധിച്ചു. എയര്‍ ഇന്ത്യ സംഭവത്തെക്കുറിച്ച് ഇതുവരെ പ്രതികരിച്ചില്ല.

related stories