Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിഷപ്പിന്റെ അറസ്റ്റിനു തടസ്സമില്ലെന്ന് എസ്പി; കോട്ടയത്ത് വൻ പൊലീസ് സുരക്ഷ

bishop-franco-mulakkal-nuns-protest ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ; കൊച്ചിയിൽ പ്രതിഷേധിക്കുന്ന കന്യാസ്ത്രീകൾ

കോട്ടയം/കൊച്ചി∙ ജലന്തര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റിനു തടസ്സമില്ലെന്ന് കോട്ടയം ജില്ലാ പൊലീസ് മേധാവി ഹരിശങ്കര്‍. ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി എന്നത് അറസ്റ്റിനു തടസ്സമല്ല. ചോദ്യംചെയ്യലിന്‍റെയും തെളിവിന്‍റെയും അടിസ്ഥാനത്തിലാണ് അറസ്റ്റു തീരുമാനിക്കുന്നത്. ബുധൻ രാവിലെ പത്തിനു ചോദ്യംചെയ്യലിനു ഹാജരാകാന്‍ ബിഷപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പൊലീസ് സുരക്ഷ ആവശ്യപ്പെട്ടിട്ടില്ലെങ്കിലും സ്വാഭാവിക സുരക്ഷ നല്‍കും. കൊച്ചി റേഞ്ച് ഐജി വിജയ് സാഖറെയുമായി ചര്‍ച്ച നടത്തിയശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിഷപ് കേരളത്തിലെത്തിയോ എന്ന ചോദ്യത്തോടു ഹരിശങ്കർ പ്രതികരിച്ചില്ല.

കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീ നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ രണ്ടാം തവണയാണു ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ പൊലീസ് ചോദ്യം ചെയ്യുന്നത്. അന്വേഷണത്തിന്‍റെ ആദ്യഘട്ടത്തില്‍ ജലന്തറിലെത്തി ചോദ്യം ചെയ്തിരുന്നു. ഒന്‍പതു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ ബിഷപ്പിന്‍റെ വിശദീകരണം കേട്ട് അന്വേഷണ സംഘം മടങ്ങി. ഇത്തവണ നൂറിലേറെ ചോദ്യങ്ങളും അതിലേറെ ഉപചോദ്യങ്ങളുമാണു അന്വേഷണസംഘം തയാറാക്കിയിട്ടുള്ളത്. നല്‍കിയ മൊഴികള്‍ പരിശോധിക്കാന്‍ സമാന്തര അന്വേഷണവും നടക്കും.

ചോദ്യംചെയ്യല്‍ പൂര്‍ത്തിയാകും വരെ ബിഷപ്പിനു ജലന്തറിലേക്കു മടങ്ങാനായേക്കില്ല. വൈക്കം ഡിവൈഎസ്പി കെ.സുഭാഷിന്‍റെ നേതൃത്വത്തിൽ അ‍ഞ്ചംഗ അന്വേഷണ സംഘം ഒന്നാംഘട്ടത്തിൽ ചോദ്യം ചെയ്യും. ബിഷപ്പിന്റെ യാത്രാവിവരം അറിയിക്കണമെന്നു പൊലീസ് ജലന്തർ രൂപത അധികൃതരെ അറിയിച്ചിട്ടുണ്ട്. നെടുമ്പാശേരി വിമാനത്താവളത്തിൽനിന്നു പൊലീസ് സംരക്ഷണത്തിലോ പൊലീസ് വാഹനത്തിലോ ആയിരിക്കും ബിഷപ് വൈക്കം ഡിവൈഎസ്പി ഓഫിസിൽ എത്തുക. തുടർന്ന് ഏറ്റുമാനൂർ ഹൈടെക് പൊലീസ് സ്റ്റേഷന്‍, കോട്ടയം പൊലീസ് ക്ലബ് എന്നിവിടങ്ങളിൽ ചോദ്യംചെയ്യും.

ബിഷപ്പിന്‍റെ സഹായികളായ ജലന്തർ രൂപതയിലെ വൈദികർ അടങ്ങുന്ന സംഘം കോട്ടയത്തെത്തി. കൊച്ചിയിലും കോട്ടയത്തുമുള്ള നിയമ വിദഗ്ധരുമായി ഇവർ ചർച്ച നടത്തി. ചോദ്യം ചെയ്യൽ കേന്ദ്രങ്ങളിലും പരാതിക്കാരിയായ കന്യാസ്ത്രീ താമസിക്കുന്ന കുറവിലങ്ങാട് സെന്‍റ് ഫ്രാൻസിസ് മിഷൻ ഹോമിനും പൊലീസ് സുരക്ഷ ശക്തമാക്കി. ബിഷപ്പിന്റെ അറസ്റ്റ് തടയാതിരുന്നതു കോടതി സത്യത്തിനൊപ്പമെന്നതിന്റെ സൂചനയാണെന്നു സമരം ചെയ്യുന്ന കന്യാസ്ത്രീകൾ പ്രതികരിച്ചു. കന്യാസ്ത്രീക്കു തന്നോടുള്ള വ്യക്തിവിരോധമാണു പരാതിക്കു പിന്നിലെന്നും താൻ നിരപരാധിയാണെന്നും ചൂണ്ടിക്കാട്ടിയാണു ബിഷപ് ഹര്‍ജി നല്‍കിയത്.