Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റഷ്യൻ സൈനിക വിമാനം റഡാറിൽ കാണാതായി; വെടിവച്ചിട്ടതെന്ന് സംശയം

russian-il-20 പ്രതീകാത്മക ചിത്രം

മോസ്കോ∙ 14 പേരുമായി പോയ റഷ്യൻ സൈനിക വിമാനം തിങ്കളാഴ്ച രാത്രി റഡാറിൽനിന്നു കാണാതായി. മെഡിറ്ററേനിയൻ കടലിനുമുകളിൽ വച്ച് പൊടുന്നനെയാണു റഷ്യൻ ഐഎൽ-20 വിമാനം കാണാതായതെന്നു പ്രതിരോധ വക്താവ് അറിയിച്ചു. റഷ്യൻ സമയം രാത്രി 11 മണിയോടെയാണ് വിമാനം കാണാതായത്.

സിറിയൻ തീരത്തുനിന്ന് 35 കിലോമീറ്റർ അകലെയായിരുന്നു വിമാനം. ഖെമെയ്മിം വ്യോമ താവളത്തിലേക്കു മടങ്ങിയ വിമാനമാണ് കാണാതായത്. സിറിയയിലെ ലതാകിയയിൽ ഇസ്രയേലിന്റെ നാല് എഫ് – 16 വിമാനങ്ങൾ ആക്രമണം നടത്തിയ സമയമാണ് റഷ്യൻ വിമാനം കാണാതായതെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ഇസ്രയേലിന്റെ മിസൈൽ ആക്രമണത്തെ പ്രതിരോധിക്കുന്നതിനിടെ സിറിയൻ ഭരണകൂടം തെറ്റായി റഷ്യയുടെ വിമാനം വെടിവച്ചിട്ടതായി  സിഎൻഎൻ റിപ്പോർട്ട് ചെയ്തു. ഇക്കാര്യത്തിൽ വിശദീകരണം നൽകാൻ സിറിയൻ സർക്കാർ തയാറായിട്ടില്ല. വിദേശ റിപ്പോർട്ടുകളോടു പ്രതികരിക്കില്ലെന്ന് ഇസ്രയേൽ സൈനിക വക്താവും അറിയിച്ചു.

റഷ്യൻ വിമാനത്തിന്റെ കാര്യത്തിൽ ഇടപെട്ടിട്ടില്ലെന്ന് പെന്റഗൺ വക്താവ് വ്യക്തമാക്കി. ഇതിനിടെ, വിമാനം കാണാതായ സമയം ഫ്രഞ്ച് നാവികസേനയുടെ കപ്പലിൽനിന്നു റോക്കറ്റുകൾ വിക്ഷേപിച്ചെന്നു റഷ്യൻ പ്രതിരോധമന്ത്രാലയം പറഞ്ഞു. എന്നാൽ സംഭവത്തിൽ ഫ്രാൻസിനു പങ്കില്ലെന്ന് ഫ്രഞ്ച് സൈനിക വക്താവ് അറിയിച്ചു.

വിമാനത്തിലുണ്ടായിരുന്നവരെക്കുറിച്ചും ഇതുവരെ വിവരമൊന്നുമില്ല. തിരച്ചിൽ നടക്കുന്നു. മെഡിറ്ററേനിയൻ കടലിൽ വിമാനം മുങ്ങാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് രക്ഷാപ്രവർത്തകർ വാർത്താ ഏജൻസിയെ അറിയിച്ചു. വിമതരുടെ കൈവശമുള്ള ഇദ്‌ലിബ് പട്ടണത്തിനുനേരെ ആക്രമണം ഉണ്ടാകില്ലെന്ന് റഷ്യ പറഞ്ഞു. ഈ പട്ടണം സൈനികമുക്ത മേഖലയായി നേരത്തെ റഷ്യ, തുർക്കി പ്രസിഡന്റുമാർ പ്രഖ്യാപിച്ചിരുന്നു. 

related stories