Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വരൂ, കേരളത്തിലേക്ക് വരൂ: ടൂറിസം മന്ത്രിയും സംഘവും ഡൽഹിയിൽ

kerala-tourism-minister ഡൽഹിയിൽ മാധ്യമങ്ങളോടു സംസാരിക്കുന്ന മന്ത്രി കടകംപള്ളി സുരേന്ദ്രൻ

ന്യൂഡൽഹി∙ ഇന്നോളം അനുഭവിക്കാത്ത പ്രളയദുരിതത്തിൽ നാടുവീണുപോയപ്പോൾ, കേരള ടൂറിസവും വീണുവെന്നതു സത്യം തന്നെ. പക്ഷേ, ഞങ്ങൾ ഉയർത്തെഴുന്നേറ്റിരിക്കുന്നു. വിദേശ മാധ്യമങ്ങളുമായി സംവാദം നടത്താനെത്തിയ മന്ത്രി കടകംപള്ളി സുരേന്ദ്രനും ടൂറിസം സെക്രട്ടറി റാണിജോർജും ഡയറക്ടർ പി.ബാലകിരണിനും ഒരേ ശബ്ദം. ടൂറിസം രംഗത്ത് കേരളത്തെ പുതുബ്രാൻഡായി അവതരിപ്പിക്കാനൊരുങ്ങുന്ന സംസ്ഥാന ടൂറിസം വകുപ്പ് നടത്തിയ ശക്തമായൊരു ഇടപെടൽ. 

പ്രളയത്തിനു മുൻപും ശേഷവുമുള്ള സഞ്ചാരകേരളത്തെ പരിചയപ്പെടുത്തുന്ന സചിത്ര അവതരണത്തോടെ ടൂറിസം സെക്രട്ടറി റാണി ജോർജാണു ചർച്ചയ്ക്കു തുടക്കമിട്ടത്. പ്രളയാനന്തരം കേരളത്തിലെ വിവിധ സ്ഥലങ്ങളിലെത്തിയ വിദേശസഞ്ചാരികളുടെ ചിത്രങ്ങളടക്കം സംഘം കൊണ്ടു വന്നു. ഈ ചിത്രങ്ങൾ സ്ക്രീനിൽ തെളിയിക്കുമ്പോൾ സദസ്സിൽ നിന്നു കേട്ട കയ്യടികളിലാണ് കേരളത്തിന്റെ പ്രതീക്ഷ. 

∙ നഷടം 1500 കോടി 

അപ്രതീക്ഷിത പ്രളയം കേരളത്തിനു 1500 കോടിയോളം രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണു വിലയിരുത്തൽ. പ്രളയം ബാധിച്ച ഓഗസ്റ്റിലെ ടൂറിസം റദ്ദാക്കലുകളിൽ നിന്നു മാത്രം 500 കോടിയോളം രൂപയുടെ നഷ്ടം. പക്ഷേ, നിരാശപ്പെടേണ്ടതല്ല, ടൂറിസം സംഘങ്ങൾ കൂടുതൽ ശക്തമായി കേരളത്തിലേക്ക് എത്തുന്നുണ്ട്. ഇക്കഴിഞ്ഞ 15ന് കേരളത്തിലേക്ക് എത്തിയ അറുപതംഗ ഓസ്ട്രേലിയൻ സംഘം തന്നെ ഉദാഹരണം. 

∙  നാം തയാർ 

കേരളത്തിലെ തൊഴിലവസരങ്ങളില്‍ 25 ശതമാനവും ടൂറിസം മേഖലയിൽ നിന്നാണ്. പ്രളയം നൽകിയ നഷ്ടം സംസ്ഥാനത്തിന്റെ ജിഡിപിയേയും കാര്യമായി ബാധിക്കുമെന്നു വ്യക്തമാണ്.  ഇതു മുന്നിൽക്കണ്ടു ശക്തമായ പ്രചാരണ പരിപാടികൾക്കാണ് സർക്കാർ ഒരുങ്ങുന്നത്. ടൂറിസം രംഗത്തു പുത്തൻ ഉണർവു നൽകാൻ 12 ഇന പദ്ധതിക്കു സർക്കാർ രൂപം നൽകി കഴിഞ്ഞു. പ്രളയാന്തരം 70 സുപ്രധാന ടൂറിസം കേന്ദ്രങ്ങളിലായി നടത്തിയ സർക്കാർ  ടൂറിസം റെഡിനെസ് സർവേയുടെ അടിസ്ഥാനത്തിലാണ് ഇത്. 90 ശതമാനം കേന്ദ്രങ്ങളും സജ്ജമായെന്നാണു വിലയിരുത്തൽ. യുവർ മൊമന്റ് ഈസ് വെയിറ്റിങ്, എ റീഡിങ് റൂം വിത്ത് എ വ്യൂ തുടങ്ങിയ ടൂറിസം പ്രചാരണ വിഡിയോ അടക്കം പരിഷ്കരിച്ച കേരള ടൂറിസത്തെ പുതുബ്രാൻഡായി അവതരിപ്പിക്കാനുള്ള ഒരുക്കമാണ് സർക്കാർ നടത്തുന്നത്. 

കേരളത്തിന്റെ പ്രതീക്ഷകൾ  ഇങ്ങനെ: 

∙ രണ്ടു വർഷത്തിലൊരിക്കൽ നടക്കുന്ന കേരള ട്രാവൽ മാർട്ട് 27ന് തുടങ്ങുന്നു. മുൻവർഷത്തെക്കാൾ മികച്ച രീതിയിൽ നടത്തി ലോകശ്രദ്ധ നേടാനാണ് സർക്കാർ തീരുമാനം. 66 രാജ്യങ്ങളിൽ നിന്നു 545 ടൂറിസ്റ്റ് സംരംഭകരാണു പങ്കെടുക്കുന്നത്. 

∙ ദക്ഷിണേഷ്യയിലെ ഏറ്റവും ആകർഷണീയ കലാവിരുന്നായ കൊച്ചി–മുസിരിസ് ബിനാലെയുടെ നാലാംപതിപ്പ് ഡിസംബർ 12 മുതൽ 29 വരെ നടക്കും. കേരളത്തിന്റെ ഉയർത്തെഴുന്നേൽപ്പാണ് ബിനാലെയുടെ തീം പോലും. 

∙ നമ്മുടെ ജലാശയങ്ങൾ സുരക്ഷിതമെന്നു ബോധ്യപ്പെടുത്താൻ വള്ളംകളികളുടെ സംയോജിത രൂപമായ ചാംപ്യൻസ് ബോട്ട് ലീഗും ആഘോഷമായി തന്നെ വൈകാതെ നടത്തും. 

∙ ഈ ടൂറിസം സീസണിന്റെ പ്രത്യേകതകളിലൊന്നു തിരുവനന്തപുരത്തു നിന്ന് ഏറെ അകലെയല്ലാത്ത ജടായുപ്പാറയാണ്. ലോക നിലവാരത്തിലുള്ള യാത്രാനുഭവമായിരിക്കും ഇതു സമ്മാനിക്കുക. വെർച്വൽ റിയാലിറ്റി മ്യൂസിയം, റോപ്പ് വേ, സാഹസിക വിനോദങ്ങൾ എന്നിവ ഇവിടെ ഉണ്ടാവും. 

∙ ആഗോള പ്രചാരണം ലക്ഷ്യമിട്ട് ട്രാവൽ എഴുത്തുകാർ, മാധ്യമപ്രവർത്തകർ, ട്രാവൽ ഏജന്റുമാർ തുടങ്ങിയവർക്കായി പ്രത്യേക ടൂർ പദ്ധതിയും ഒരുങ്ങുന്നു. രാജ്യത്തിനകത്തും പുറത്തും റോഡ് ഷോകളുമുണ്ടാവും. 

∙ ഇനിയും അധികം ശ്രദ്ധ പതിയാതെ കിടക്കുന്ന മലബാർ മേഖലുടെ ടൂറിസം സാധ്യതകളിലേക്കു കൂടുതൽ തെളിച്ചമെത്തിക്കാൻ കണ്ണൂർ വിമാനത്താവളനത്തിനു കഴിയുമെന്ന പ്രതീക്ഷയും സർക്കാർ പ്രകടിപ്പിച്ചു.

related stories