Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഇടപാട്: ഇടനിലക്കാരനെ ഇന്ത്യക്കു വിട്ടുനല്‍കണമെന്ന് ദുബായ് കോടതി

augusta-westland-helicopter അഗസ്റ്റ വെസ്റ്റ്ലാൻഡ് ഹെലികോപ്റ്റർ – ഫയൽ ചിത്രം.

ന്യൂഡല്‍ഹി∙ യുപിഎ സര്‍ക്കാരിന്റെ കാലത്തു നടന്ന അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് വിവിഐപി ഹെലികോപ്റ്റര്‍ ഇടപാട് കേസില്‍ ബ്രിട്ടീഷ് ഇടനിലക്കാരന്‍ ക്രിസ്റ്റ്യൻ മൈക്കലിനെ ഇന്ത്യയിലേക്കു നാടുകടത്താന്‍ ദുബായ് കോടതിയുടെ ഉത്തരവ്. കഴിഞ്ഞ വര്‍ഷം യുഎഇയില്‍ അറസ്റ്റിലായ ഇയാളെ വിട്ടുകിട്ടാനുള്ള നിയമനടപടികള്‍ ഇന്ത്യ തുടരുകയായിരുന്നു.

അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ്, മാതൃകമ്പനിയായ ഫിന്‍മെക്കാനിക്ക എന്നിവര്‍ക്കു വേണ്ടി ഇടനിലക്കാരനായി പ്രവര്‍ത്തിച്ചെന്നതാണ് ക്രിസ്റ്റ്യൻ മൈക്കലിനെതിരായ ആരോപണം. കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിക്കെതിരേ മൊഴി നല്‍കിയാല്‍ ക്രിമിനല്‍ നടപടികളില്‍നിന്ന് ഒഴിവാക്കാന്‍ ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ സമ്മര്‍ദം ചെലുത്തുകയാണെന്ന് ക്രിസ്റ്റ്യൻ മൈക്കലിന്റെ അഭിഭാഷകന്‍ അടുത്തിടെ ആരോപിച്ചിരുന്നു. എന്നാല്‍ ഈ ആരോപണം തള്ളിയ സിബിഐ ഇതുവരെ ഇയാളെ യുഎഇയില്‍ ചോദ്യം ചെയ്തിട്ടില്ലെന്നും വ്യക്തമാക്കിയിരുന്നു. 

ക്രിസ്റ്റ്യൻ മൈക്കലിനെ ഇന്ത്യയിലെത്തിച്ചു ചോദ്യം ചെയ്താല്‍ കേസ് സംബന്ധിച്ചു കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ ഏജന്‍സികള്‍. ഇന്ത്യയില്‍ കൈക്കൂലി നല്‍കിയവരുടെ ചുരുക്കപ്പേരുകളാണ് ഇയാള്‍ ഡയറിയില്‍ കുറിച്ചിട്ടിരിക്കുന്നത്. അഴിമതി വിരുദ്ധ പ്രതിഛായ ഉയര്‍ത്തിക്കാട്ടാന്‍ മോദി സര്‍ക്കാര്‍ ഈ അവസരം ഉപയോഗപ്പെടുത്തുമെന്നാണു രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. 

വിവിഐപികള്‍ക്കായി ആംഗ്ലോ - ഇറ്റാലിയന്‍ കമ്പനിയായ അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡില്‍നിന്നു 12 അത്യാധുനിക ഹെലിക്കോപ്റ്ററുകള്‍ 3,727 കോടി രൂപയ്ക്കു വാങ്ങാനുള്ള ഇടപാടിലെ അഴിമതി സര്‍ക്കാരിനു 2,666 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണു കേസ്. കരാര്‍ തുക പെരുപ്പിച്ചു കാണിക്കാന്‍ രാഷ്ട്രീയക്കാര്‍ക്കും വ്യോമസേനാ മുന്‍ തലവന്‍ എസ്.പി. ത്യാഗി ഉള്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും 452 കോടിയോളം രൂപ കൈക്കൂലി നല്‍കിയെന്നും അന്വേഷണത്തില്‍ കണ്ടെത്തി.

അഗസ്റ്റ വെസ്റ്റ്‌ലന്‍ഡ്, ഫിന്‍മെക്കാനിക്ക മുന്‍ ഡയറക്ടര്‍മാരായ ജ്യുസെപ് ഒര്‍സി, ബ്രൂണോ സ്പാഗ്‌നോലിനി, മുന്‍ ഇന്ത്യന്‍ വ്യോമസേന തലവന്‍ എസ്.പി. ത്യാഗി എന്നിവര്‍ കുറ്റക്കാരാണെന്ന് എന്‍ഫോഴ്‌സ്‌മെന്റും കണ്ടെത്തി.  2016-ല്‍ എസ്.പി. ത്യാഗിയെ അറസ്റ്റ് ചെയ്തു. 

കരാര്‍ ലഭിക്കാന്‍ ഇന്ത്യന്‍ അധികൃതര്‍ക്ക് 375 കോടി രൂപ കൈക്കൂലി നല്‍കിയെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് ഇറ്റാലിയന്‍ കോടതി കമ്പനി അധികൃതരെ ശിക്ഷിച്ചതോടെയാണ് അന്വേഷണം ഇന്ത്യയിലേക്കു നീണ്ടത്. 2014-ല്‍ കേന്ദ്രസര്‍ക്കാര്‍ കരാര്‍ റദ്ദാക്കി കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്തി. തുടര്‍ന്ന്് സിബിഐ അന്വേഷണം ആരംഭിച്ചു. കമ്പനിയുടെ ഇന്ത്യയിലെ സ്വത്തുവകകള്‍ കണ്ടുകെട്ടി. 

കുറിപ്പില്‍ രാഷ്ട്രീയ കുടുംബം

കോപ്റ്റർ ഇടപാടിനായി ഇന്ത്യയിലെ ഒരു പ്രമുഖ രാഷ്ട്രീയ കുടുംബത്തിനു 115 കോടി രൂപ നൽകിയെന്നാണു കുറിപ്പുകളിൽ പറയുന്നത്. അഗസ്റ്റ വെസ്റ്റ്ലാൻഡിന്റെ മാതൃസ്ഥാപനമായ ഫിൻമെക്കാനിക്ക ഇന്ത്യയിലെ വമ്പന്മാർക്കു കൈക്കൂലിയായി നൽകാൻ 373 കോടി നീക്കിവച്ചിരുന്നതായും കുറിപ്പിലുണ്ട്.  തന്റെ കുറിപ്പുകൾ എന്നും ഇ–മെയിൽ സന്ദേശം എന്നും പറഞ്ഞു പുറത്തുവന്നിട്ടുള്ളവയിൽ ചിലതു മാത്രമാണു യഥാർഥമെന്നും മൈക്കൽ വ്യക്തമാക്കിയിരുന്നു. ഇറ്റാലിയൻ പൊലീസ് പിടിച്ചെടുത്ത കുറിപ്പുകൾ പിന്നീടു സിബിഐയ്ക്കു കൈമാറി.