Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിർമലയ്ക്കെതിരെ ആഞ്ഞടിച്ച് ജെഎൻയു വിദ്യാർഥി യൂണിയൻ: ചർച്ചയാക്കുന്നത് ദേശീയതയും ദേശവിരുദ്ധതയും

Jawaharlal Nehru University

ന്യൂഡൽഹി∙ ഇന്ത്യയ്ക്കെതിരെ യുദ്ധം നടത്തുന്നവർ ജെഎൻയുവിലുണ്ടെന്ന കേന്ദ്ര പ്രതിരോധമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ സർവകലാശാല വിദ്യാർഥി യൂണിയൻ പ്രസിഡന്റ്. ദേശീയതയും ദേശവിരുദ്ധതയും തമ്മിലുള്ള ചർച്ച വേണമെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം. റഫാൽ, ജിയോ സർവകലാശാല, തൊഴിലില്ലായ്മ തുടങ്ങിയ നിരവധി വിഷയങ്ങളിൽനിന്നു ശ്രദ്ധ തിരിക്കാനാണ് അവരുടെ ശ്രമമെന്നും പ്രസിഡന്റ് എൻ. സായ് ബാലാജി വ്യക്തമാക്കി. ജെഎൻയുവിൽ പഠിച്ച നിർമല സീതാരാമൻ ഇത്തരം ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നില്ല. പൊതു വിദ്യാഭ്യാസത്തെ തകർത്ത് കോർപ്പറേറ്റ്‌വത്കരണത്തെ പ്രോൽസാഹിപ്പിക്കാനാണ് അവർ ശ്രമിക്കുന്നത്. സാധാരണക്കാരെക്കൊണ്ട് ദേശീയതയും ദേശവിരുദ്ധതയും സംസാരിപ്പിക്കുകയാണ് അവരുടെ ലക്ഷ്യം, സായ് ബാലാജി കൂട്ടിച്ചേർത്തു.

എബിവിപിയെ പരാജയപ്പെടുത്തി ഇടത് അനുകൂല സംഘടനകൾ ജെഎൻയു വിദ്യാർഥി യൂണിയന്റെ അമരത്ത് തിരഞ്ഞെടുക്കപ്പെട്ട് ദിവസങ്ങൾക്കുള്ളിലായിരുന്നു പ്രതിരോധ മന്ത്രി നിർമല സീതാരാമന്റെ പ്രതികരണം. ജെഎൻയുവിലെ തിരഞ്ഞെടുപ്പിനെക്കുറിച്ചു ചോദിച്ചപ്പോൾ അവിടെ ഇന്ത്യയ്ക്കെതിരായി പ്രവർത്തിക്കുന്ന ശക്തികളുണ്ടെന്നും വിദ്യാർഥി യൂണിയനിൽ തിരഞ്ഞെടുക്കപ്പെട്ടവർക്കൊപ്പവും അവരുണ്ടെന്നും നിർമല മാധ്യമങ്ങളോടു പറഞ്ഞു. ഇത്തരക്കാരുടെ സാന്നിധ്യം അവിടെയുണ്ടെന്നത് തന്നെ അസ്വസ്ഥയാക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

‘കഴിഞ്ഞ കുറച്ചു വർഷങ്ങളായി ജെഎൻയുവിൽ ഇത്തരം കാര്യങ്ങൾ സംഭവിക്കുന്നു. ഇതു പ്രോൽസാഹജനകമല്ല. നമുക്ക് അംഗീകരിക്കാനാകാത്ത ആശയസംഹിതയുള്ള പാർട്ടിയുണ്ടാകാം. എന്നാൽ അത്തരം ആളുകളെ ദേശവിരുദ്ധശക്തികൾ നയിക്കുന്ന സാഹചര്യമാണ്. ഇവർ ഇന്ത്യയ്ക്കെതിരെയാണ് യുദ്ധം നയിക്കുന്നതെന്ന് രേഖകൾ പറയുന്നു. അത്തരം ആളുകളാണ് ജെഎൻയുഎസ്‌യുവിനെ നയിക്കുന്നത് അല്ലെങ്കിൽ അംഗങ്ങളായിരിക്കുന്നത്’ നിർമല സീതാരാമൻ കൂട്ടിച്ചേർത്തു.

related stories