Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രതിസന്ധി അയയുന്നു; ജാർക്കിഹോളി സഹോദരന്മാരെ അനുനയിപ്പിച്ച് കുമാരസ്വാമി

H.D. Kumaraswamy

ബെംഗളൂരു∙ കർണാടകയിൽ കോൺഗ്രസ് നേതൃത്വത്തോട് ഇടഞ്ഞു നിന്നിരുന്ന ജാർക്കിഹോളി സഹോദരന്മാരെ അനുനയിപ്പിച്ച് മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി. മന്ത്രി രമേഷ് ജാർക്കിഹോളിയുമായും സഹോദരൻ സതീഷ് ജാർക്കിഹോളി എംഎൽഎയുമായും ഇന്നലെ നടന്ന ചർച്ചകൾക്കൊടുവിലാണു തർക്കങ്ങൾക്കു താൽക്കാലിക സമവായമായത്. അതേസമയം സഖ്യസർക്കാരിൽ പ്രശ്നങ്ങളില്ലെന്നും സർക്കാർ സുരക്ഷിതമാണെന്നും മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി.

രമേഷ് ജാർക്കിഹോളിക്ക് ഉപമുഖ്യമന്ത്രി സ്ഥാനം, ബെള്ളാരിയിൽനിന്ന് മന്ത്രിസഭയിൽ അംഗത്വം, ബെളഗാവി രാഷ്ട്രീയത്തിൽ മന്ത്രി ഡി.കെ ശിവകുമാർ അനാവശ്യമായി ഇടപെടുന്നതിനു നിയന്ത്രണം, ചില ഉദ്യോഗസ്ഥരുടെ സ്ഥാനനീക്കം തുടങ്ങിയ ആവശ്യങ്ങളാണ് ജാർക്കിഹോളി സഹോദരന്മാർ ‌മുന്നോട്ടുവയ്ക്കുന്നത്. മുഖ്യമന്ത്രി കുമാരസ്വാമിയോടും ഇക്കാര്യങ്ങൾ ആവശ്യപ്പെട്ടതായാണു സൂചന. എന്നാൽ ഇതിനെക്കുറിച്ചു പ്രതികരിക്കാൻ കുമാരസ്വാമി തയാറായില്ല.

എല്ലാ ആശയക്കുഴപ്പങ്ങളും പരിഹരിച്ചതായി യോഗത്തിനുശേഷം സതീഷ് ജാർക്കിഹോളി പറഞ്ഞു. കോൺഗ്രസ് എംഎൽഎമാർ ആരും പാർട്ടി വിട്ടു പോകില്ലെന്നും പ്രാദേശിക രാഷ്ട്രീയത്തിന്റെ പേരിൽ ചില അതൃപ്തികൾ ഉണ്ടെന്നതു സത്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം സഖ്യസർക്കാരിനു മേൽ ജാർക്കിഹോളിമാർ ഭീഷണി ഉയർത്തുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും സർക്കാർ സുരക്ഷിതമാണെന്നും മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. സംസ്ഥാനത്തെ രാഷ്ട്രീയ സ്ഥിതിഗതികൾ വിലയിരുത്താൻ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ കാണും.