Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രണ്ട് സെന്റിലെ വീട്ടിൽ താമസം; ഡിജെയെന്ന് വിശ്വസിപ്പിച്ചു: കുടുക്കിയത് നിരവധി സ്ത്രീകളെ

fayas-mubeen ഫയാസ് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ.

കോഴിക്കോട്∙ ചേവായൂരില്‍ പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയതിനു പിടിയിലായ ഇരുപതുകാരന്‍ ഒരേസമയം സൗഹൃദം നടിച്ചു കബളിപ്പിച്ചതു നിരവധി സ്ത്രീകളെയും പെണ്‍കുട്ടികളെയും. എറണാകുളം സ്വദേശിയായ ഫയാസ് മുബീന്‍ ഡിജെയാണെന്നു വ്യാജപ്രചരണം നല്‍കി ഫെയ്സ്ബുക്കില്‍ രണ്ടായിരത്തിലധികം സുഹൃത്തുക്കളെ സ്വന്തമാക്കിയിട്ടുണ്ട്. മോഹിപ്പിക്കുന്ന സൗന്ദര്യത്തിന് ഉടമയെന്നു വരുത്തിത്തീര്‍ക്കാന്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങളും ഉള്‍പ്പെടുത്തി. കവര്‍ച്ച ചെയ്ത ബൈക്കില്‍ കറങ്ങുന്നതിനും ആഢംബരജീവിതം നയിക്കുന്നതിനും പണം കണ്ടെത്തിയിരുന്നതും തട്ടിപ്പ് വഴികളിലൂടെയായിരുന്നു.

കുമ്പളയിലെ രണ്ടു സെന്റിലെ വീട്ടിലാണ് താമസം. വീടിനോടു ചേര്‍ന്നുള്ള മുന്തിയ ഹോട്ടലില്‍ ഡിജെയാണെന്നാണു വിശേഷണം. ആരുടെയും കണ്ണിലുടക്കുന്ന തരത്തില്‍ രൂപമാറ്റം വരുത്തിയ ചിത്രങ്ങള്‍ നവമാധ്യമങ്ങളില്‍ ഉള്‍പ്പെടുത്തി. അഭിനയത്തിനൊപ്പം വിവിധ മേഖലയില്‍ മികവുണ്ടെന്നുള്ള വ്യാജവിവരങ്ങള്‍ ഫയാസ് മുബീന്‍ ചേര്‍ത്തിരുന്നു. രണ്ടായിരത്തിൽ അധികം ആളുകളാണു സമൂഹമാധ്യമമായ ഫെയ്സ്ബുക്കില്‍ മാത്രം ഫയാസിനു സുഹൃത്തുക്കളായുള്ളത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുള്‍പ്പെടെ നിരവധി സ്ത്രീകള്‍ യാഥാര്‍ഥ്യമറിയാതെ ഫയാസിന്റെ വലയില്‍ വീണിരുന്നു.

കഴിഞ്ഞ പത്ത് മാസമായി ഫയാസ് കോഴിക്കോട് നഗരത്തിലെ സ്വകാര്യ തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ പഠിക്കുകയായിരുന്നു. ഇതിനിടയിലാണു പതിനേഴുകാരിയെ പരിചയപ്പെടുന്നത്. സൗഹൃദം പ്രണയമായി. പിന്നീടു നാടുവിട്ട് ഒരുമിച്ചു ജീവിക്കാന്‍ തീരുമാനിച്ചു. ജീവിതച്ചെലവിനും ബൈക്കില്‍ ഇന്ധനം നിറയ്ക്കാനുള്ള തുകയുമെല്ലാം പതിനേഴുകാരിയും സ്ത്രീ സുഹൃത്തുക്കളുമാണു നല്‍കിയിരുന്നത്. ഒരാഴ്ച മുന്‍പു പതിനേഴുകാരിയെ കാണാനില്ലെന്ന രക്ഷിതാക്കളുടെ പരാതിയില്‍ ചേവായൂര്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണു വ്യാജ ഡിജെയെ തിരിച്ചറിഞ്ഞത്.

നിരവധി സ്ത്രീകളുമായി ഇയാള്‍ക്കു ബന്ധമുണ്ടായിരുന്നു. വ്യാജവിവരങ്ങള്‍ നവമാധ്യമങ്ങളില്‍ ഉള്‍പ്പെടുത്തിയാണു മറ്റുള്ളവരെ ആകര്‍ഷിച്ചിരുന്നത്. നിരവധിയാളുകള്‍ കബളിപ്പിക്കപ്പെട്ടിട്ടുണ്ടെന്നാണു വിവരം. ഇക്കാര്യം വിശദമായ രീതിയില്‍ അന്വേഷിക്കുന്നുണ്ട്. മൂന്നു മാസം മുന്‍പ് എറണാകുളത്തെ ഷോറൂമില്‍നിന്നാണ് ഫയാസും സുഹൃത്തും ചേര്‍ന്ന് ആഢംബര ബൈക്ക് കവര്‍ന്നത്. വ്യാജ നമ്പര്‍ പതിപ്പിച്ച് ഓടുകയായിരുന്നു.

പെണ്‍കുട്ടിയുമായി ഫയാസ് പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, കാഞ്ഞങ്ങാട്, സുള്ള്യ എന്നിവിടങ്ങളില്‍ ഒളിച്ചു താമസിച്ചു. ഫോണ്‍വിളിയുടെയും സുഹൃത്തുക്കളില്‍നിന്നു ലഭിച്ച വിവരത്തിന്റെയും അടിസ്ഥാനത്തിലാണു മംഗലാപുരത്തുനിന്ന് ഇരുവരെയും കഴിഞ്ഞദിവസം പിടികൂടിയത്. പൂര്‍ണമായും ഇരുചക്രവാഹനത്തിലായിരുന്നു യാത്ര. പൊലീസ് പിന്നാലെയുണ്ടെന്നു മനസിലാക്കി ഓരോയിടത്തുനിന്നും രക്ഷപ്പെടുകയായിരുന്നു.

related stories