Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൂന്നാർ ട്രൈബ്യൂണൽ അതിക്രമം: എസ്.രാജേന്ദ്രനും തഹസിൽദാർക്കുമെതിരെ കേസ്

S-Rajendran എസ്.രാജേന്ദ്രന്‍ എംഎൽഎ

തൊടുപുഴ∙ മൂന്നാർ സ്പെഷൽ ട്രൈബ്യൂണൽ കെട്ടിടത്തിൽ അതിക്രമിച്ചു കയറുകയും ജീവനക്കാരെ കയ്യേറ്റം ചെയ്യുകയും ചെയ്ത സംഭവത്തിൽ എസ്. രാജേന്ദ്രൻ എംഎൽഎയ്ക്കും ദേവികുളം തഹസിൽദാർ പി.കെ. ഷാജിക്കുമെതിരെ ജാമ്യമില്ലാ വകുപ്പു ചുമത്തി പൊലീസ് കേസെടുത്തു. ഭൂമി കയ്യേറ്റക്കേസുകൾ കൈകാര്യം ചെയ്യുന്ന മൂന്നാർ സ്പെഷൽ ട്രൈബ്യൂണൽ ഓഫിസ് സിപിഎം എംഎൽഎ എസ്.രാജേന്ദ്രനും സംഘവും കയ്യേറി എൻജിനീയറിങ് കോളജിനു ക്ലാസ് നടത്തുന്നതിനു വിട്ടുകൊടുക്കാൻ ശ്രമിച്ചിരുന്നു.

കോടതി ഹാളിലുണ്ടായിരുന്ന കസേരകൾ, നിരത്തിയിട്ട ശേഷം വിദ്യാർഥികളോട് ഇരിക്കാനും, ഒപ്പമുണ്ടായിരുന്ന അധ്യാപകരോടു ക്ലാസെടുക്കാനും എംഎൽഎ ആവശ്യപ്പെട്ടു. പൊലീസ് സ്ഥലത്തെത്തിയതോടെ എംഎൽഎയും സംഘവും മടങ്ങി. ട്രൈബ്യൂണൽ അധികൃതർ പൊലീസിൽ പരാതി നൽകിയിരുന്നു. ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്താൻ ശ്രമിച്ച ട്രൈബ്യൂണൽ ജീവനക്കാരനിൽ നിന്നു ഫോൺ പിടിച്ചുവാങ്ങി. ഉന്തിനും തള്ളിനുമിടെ ജീവനക്കാർക്കു പരുക്കേറ്റു. ചില സിപിഎം പ്രവർത്തകർ വനിതാ ജീവനക്കാരെ അസഭ്യം പറയുകയും ചെയ്തിരുന്നു.