Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിണറായി യുഎസ് മലയാളികളെ കാണും; പങ്കുവയ്ക്കുക നവകേരള പ്രതീക്ഷകൾ

cm-at-us തൊട്ടുമുൻപു നടത്തിയ യുഎസ് സന്ദർശനത്തിൽ ബാൾട്ടിമോറിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൺ വൈറോളജിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിച്ചപ്പോൾ. – ഫയൽ ചിത്രം.

തിരുവനന്തപുരം∙ ചികില്‍സയ്ക്കായി അമേരിക്കയിലുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കന്‍ മലയാളികളെ അഭിസംബോധന ചെയ്യും. വ്യാഴാഴ്ച ന്യൂയോർക്കിലെ ദ് ക്രൗൺ പ്ലാസയിൽ പ്രാദേശിക സമയം വൈകിട്ട് 6.30 മുതൽ 8.30 വരെയാണ് പരിപാടിയെന്ന് സംഘാടകർ അറിയിച്ചു.

ചികിൽസയുടെ ആവശ്യത്തിനായി എത്തിയ മുഖ്യമന്ത്രിക്ക് വലിയ സ്വീകരണം സംഘടിപ്പിക്കുന്നില്ലെന്നും തീർത്തും ലളിതമായ പരിപാടിയാണ് ഒരുക്കുന്നതെന്നും സംഘാടകർ പറഞ്ഞു. കേരളം പ്രളയത്തിന്റെ ദുരിതം അനുഭവിച്ച ഈ പ്രത്യേക സാഹചര്യത്തിൽ അമേരിക്കൻ മലയാളികളോട് ഇതുമായി ബന്ധപ്പെട്ട കാര്യം സംസാരിക്കാതെ പോകുന്നത് ശരിയല്ല എന്ന തീരുമാനത്തെ തുടർന്നാണ് മുഖ്യമന്ത്രി പരിപാടിയിൽ പങ്കെടുക്കുന്നത്.

യുഎസിലെ എല്ലാ സംഘടനകളുടെയും പ്രതിനിധികൾക്കും പരിപാടിയിലേക്ക് ക്ഷണമുണ്ട്. നവകേരളം എങ്ങനെ പടുത്തുയർത്താം, അതിനുവേണ്ടി യുഎസ് മലയാളികളിൽ നിന്നു സർക്കാർ എന്തെല്ലാം സഹായമാണ് പ്രതീക്ഷിക്കുന്നത് എന്നത് ചടങ്ങിൽ മുഖ്യമന്ത്രി വിശദീകരിക്കുമെന്നാണ് കരുതുന്നത്. പ്രളയകാലത്ത് കേരളത്തെ സഹായിക്കാൻ നേതൃത്വം നൽകിയ യുഎസിലെ സംഘടനാ ഭാരവാഹികൾ പരിപാടിയിൽ സംസാരിക്കും.

പൊതുപരിപാടിയല്ലാതെ ക്ഷണിക്കപ്പെട്ട അതിഥികൾക്ക് വേണ്ടി മാത്രമാണ് പരിപാടി. മുഖ്യമന്ത്രി നേരിട്ട് യുഎസിൽ നിന്ന് ഫണ്ട് പിരിവ് നടത്തില്ല. ഇതിന്റെ ചുമതല ധനമന്ത്രി തോമസ് ഐസക്കിനാണ്. ഇതിനായി ധനമന്ത്രി അടുത്തുതന്നെ യുഎസിൽ എത്തുമെന്നാണ് കരുതുന്നതെന്നും സംഘാടകർ അറിയിച്ചു.

ചികിത്സയും അമേരിക്കന്‍ സന്ദര്‍ശനവും പൂര്‍ത്തിയാക്കി മുഖ്യമന്ത്രി 23 ന് കേരളത്തിലേക്ക് മടങ്ങുമെന്നാണ് സൂചന. പ്രളയക്കെടുതികളുടെ സാഹചര്യത്തില്‍ അമേരിക്കന്‍ യാത്ര മുഖ്യമന്ത്രി നീട്ടിവച്ചിരുന്നു.

ഓഗസ്റ്റ് 19 ന് അമേരിക്കയിലേക്ക് പോയി സെപ്റ്റംബര്‍ ആറിന് തിരിച്ചെത്തുന്ന തരത്തിലായിരുന്നു ആദ്യം യാത്ര തീരുമാനിച്ചത്. പ്രളയം ഉണ്ടായതോടെ യാത്ര സെപ്റ്റംബര്‍ രണ്ടിലേക്ക് മാറ്റി. തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് പുലര്‍ച്ചെ 4.40നാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയത്.‌‌

related stories