Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ചാണക സോപ്പ്’, യോഗി, മോദി കുര്‍ത്ത; ആമസോണ്‍ വഴി വില്‍പന

PTI12_25_2017_000064B

ആഗ്ര∙ ഗോമൂത്രവും ചാണകവും അടങ്ങിയ സോപ്പ് ഉൾപ്പെടെയുള്ള ഉല്‍പ്പന്നങ്ങള്‍ ആമസോണില്‍ വിറ്റഴിക്കാന്‍ ആര്‍എസ്എസ് പിന്തുണയോടെ പ്രവർത്തിക്കുന്ന ഫാര്‍മസി സ്ഥാപനം. മോദി, യോഗി കുര്‍ത്തകളും ഇതിനൊപ്പം വില്‍പ്പനയ്ക്കുണ്ടാകും. ഉത്തര്‍പ്രദേശിലെ മഥുര ആസ്ഥാനമായി ആര്‍എസ്എസ് നടത്തുന്ന ദീന്‍ ദയാല്‍ ദാം എന്ന സ്ഥാപനമാണ് സൗന്ദര്യവര്‍ധക വസ്തുക്കളും മരുന്നുകളും തുണിത്തരങ്ങളും ഓണ്‍ലൈനിലൂടെ വിറ്റഴിക്കാന്‍ തയാറെടുക്കുന്നത്.

സോപ്പിന്റെയും ഫെയ്‌സ്പായ്ക്കിന്റെയും ചന്ദനത്തിരികളുടെയും അടിസ്ഥാനഘടകങ്ങള്‍ ഗോമൂത്രവും ചാണകവുമാണ്. മറ്റു രാസവസ്തുക്കളൊന്നും ഇതില്‍ ചേര്‍ക്കുന്നില്ലെന്നും ഇവര്‍ അവകാശപ്പെടുന്നു. സ്ഥാപനത്തിന്റെ തന്നെ ഗോശാലയില്‍നിന്നാണ് ഗോമൂത്രവും ചാണകവും ശേഖരിക്കുന്നത്. 90 പശുക്കളും പശുക്കിടാങ്ങളുമുള്ള ഗോശാലയില്‍ പത്തു ജീവനക്കാരാണുള്ളത്. 

പ്രാദേശിക തലത്തില്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഓണ്‍ലൈന്‍ വില്‍പനയിലേക്കു കടക്കുന്നതെന്ന് സ്ഥാപനത്തിന്റെ വക്താവ് അരുണ്‍ കുമാര്‍ പറഞ്ഞു. പ്രതിമാസം ഒരു ലക്ഷം രൂപയുടെ മരുന്നുകളും മൂന്നു ലക്ഷത്തോളം രൂപയുടെ തുണിത്തരങ്ങളും ഇപ്പോള്‍ വില്‍ക്കുന്നുണ്ട്. നിലവില്‍ സ്ഥാപനത്തിലും ആര്‍എസ്എസ് ക്യാംപുകളിലുമാണ് ഉല്‍പന്നങ്ങള്‍ പ്രധാനമായും വില്‍ക്കുന്നത്.

ഗോമൂത്രം കൂടുതലായി അടങ്ങിയ കാമധേനു ശ്രേണിയിലുള്ള ഉല്‍പന്നങ്ങള്‍ അടുത്ത മാസത്തോടെ ആമസോണില്‍ ലഭ്യമാകുമെന്ന് സ്ഥാപനത്തിന്റെ ഡപ്യൂട്ടി സെക്രട്ടറി മനീഷ് ഗുപ്ത പറഞ്ഞു. ഗോമൂത്രവും പെരുംജീരകവും അടങ്ങിയ ‘കാമധേനു ആര്‍ക്’ എന്ന ദഹനസഹായിക്കു  പുറമേ കുരുമുളക്, നെല്ലിക്ക, തുളസി എന്നിവയടങ്ങിയ ഗന്‍വതി, അമിതവണ്ണം കുറയ്ക്കാനും പ്രമേഹം തടയാനുമുള്ള കാമധേനു മധുനാശക് ചുര്‍, സന്ധിവേദനയ്ക്ക് ശൂല്‍ഹാര്‍ എണ്ണ എന്നിവയാണു മറ്റുല്‍പന്നങ്ങള്‍. 

യോഗി കുര്‍ത്തകളേക്കാള്‍ നീളം കൂടുതലാണ് മോദി കുര്‍ത്തകള്‍ക്ക്. കാവി നിറത്തില്‍ മാത്രമേ യോഗി കുര്‍ത്തകള്‍ ലഭ്യമാകുകയുള്ളു. അമ്പതോളം ജീവനക്കാരാണ് തയ്യല്‍ കേന്ദ്രത്തില്‍ ജോലി ചെയ്യുന്നത്. സമീപഗ്രാമത്തിലെ ദരിദ്രരായ ആളുകള്‍ക്കു വേണ്ടി 1980-ലാണ് സ്ഥാപനം ആരംഭിച്ചത്. ദരിദ്രരായ സ്ത്രീകള്‍ക്കു വിവാഹസമ്മാനമായി തയ്യല്‍ മെഷീനുകളാണ് സ്ഥാപനം നല്‍കാറുള്ളതെന്നും മനീഷ് ഗുപ്ത പറഞ്ഞു.

related stories