Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഭിമന്യു കൊലക്കേസ്: ക്യാംപസ് ഫ്രണ്ട് ജില്ലാ നേതാവ് അറസ്റ്റിൽ

abhimanyu-case-arrest മഹാരാജാസ് കോളജിൽ കൊല്ലപ്പെട്ട എം.അഭിമന്യു. കേസിൽ കീഴടങ്ങിയ ആരിഫ് ബിൻ സലിം.

കൊച്ചി ∙ മഹാരാജാസ് കോളജ് വിദ്യാർഥി എം. അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ ക്യാംപസ് ഫ്രണ്ട് ജില്ലാ സെക്രട്ടറിയെ പൊലീസ് അറസ്റ്റു ചെയ്തു. ക്യാംപസ് ഫ്രണ്ട് കൊച്ചി ജില്ലാ സെക്രട്ടറി ആലുവ പെരുമ്പാവൂർ സ്വദേശി ആരിഫ് ബിൻ സലിമാണ് അറസ്റ്റിലായത്. മഹാരാജാസ് കോളജിലേക്ക് അക്രമികളെ സംഘടിപ്പിച്ച് എത്തിച്ചത് സലിമാണെന്ന് പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു.

ഇയാൾ ഉൾപ്പെടെ കേസിലെ എട്ടു പ്രധാന പ്രതികൾക്കെതിരെ പൊലീസ് കഴിഞ്ഞ ദിവസം തിരച്ചിൽ നോട്ടിസ് പുറത്തിറക്കിയിരുന്നു. സലിമിനെ അറസ്റ്റു ചെയ്തതോടെ കേസിൽ നേരിട്ടു പങ്കെടുത്ത 16 പ്രതികളിൽ ഒൻപതു പേർ കസ്റ്റഡിയിലായി. നേരിട്ട് പങ്കെടുത്തവർ കൂടാതെ മുഖ്യപ്രതികളെ ഒളിവിൽ താമസിപ്പിച്ചവർ ഉൾപ്പെടെ കേസിൽ 28 പ്രതികളാണുള്ളത്. 

125 സാക്ഷികളുടെ മൊഴി പരിശോധിച്ച് പൊലീസ് തയ്യാറാക്കിയ കുറ്റപത്രം ഈ ആഴ്ച കോടതിയിൽ സമർപ്പിക്കുമെന്നാണ് സൂചന. മറ്റു പ്രതികൾ അറസ്റ്റിലാകുമ്പോൾ അനുബന്ധ കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിനു ലഭിച്ച നിയമോപദേശം. നിലവിൽ റിമാൻഡിലായ പ്രതികൾക്ക് 90 ദിവസം പൂർത്തിയായാൽ നിയമപ്രകാരം ജാമ്യം ലഭിക്കുന്നത് ഒഴിവാക്കാനാണിത്. അസി.കമ്മിഷണർ എസ്.ടി.സുരേഷ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.