Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സംസ്ഥാനത്ത് ഐഎഎസ് ക്ഷാമം: 231 പേർ വേണ്ടിടത്ത് ഉള്ളത് 115 പേർ

എ.എസ്. ഉല്ലാസ്
kerala-secretariat സെക്രട്ടേറിയറ്റ്

പത്തനംതിട്ട∙ കേരളത്തിൽ ഭരണനിർവഹണത്തിന് ഐഎഎസുകാരുടെ കാര്യമായ കുറവുണ്ടെന്നു സർക്കാരിന്റെ രേഖകൾ. ചിലർക്ക് ‘ചുമതലാഭാരം’ കൂടുതലും.  പല വകുപ്പുകളിലെ തന്നെ വെവ്വേറെ ചുമതലകൾ വഹിക്കേണ്ടിവരുന്നതോടെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാകുന്നില്ലെന്നാണ് ഉദ്യോഗസ്ഥരുടെ അഭിപ്രായം. സംസ്ഥാനത്ത് 126 സീനിയർ ഡ്യൂട്ടി പോസ്റ്റുകൾ ഉൾപ്പെടെ 231 ഐഎഎസ് തസ്തിക വരെയാകാം. അതിൽ തന്നെ 151 തസ്തികകൾ മാത്രമേ നിലവിൽ കേരളത്തിൽ രൂപീകരിച്ചിട്ടുള്ളു. 36 പേർ കേന്ദ്ര ഡപ്യൂട്ടേഷനിലും പോയതോടെ േകരളത്തിൽ 115 പേർ മാത്രമേ ജോലിചെയ്യുന്നുള്ളു. 

ഓരോ വർഷവും പുതിയ ബാച്ച് വരുമ്പോൾ സംസ്ഥാനം ആവശ്യപ്പെടുന്നതിന്റെ പകുതി ഉദ്യോഗസ്ഥരെ മാത്രമേ കേന്ദ്രം കേരളത്തിലേക്ക് അനുവദിക്കാറുള്ളു. എട്ടു പേരാണു കഴിഞ്ഞവർഷം വന്നത്. ഒരു ഐഎഎസ് ഉദ്യോഗസ്ഥൻ പല വകുപ്പുകളിലെ മറ്റു ചുമതലകൾകൂടി വരുന്നതോടെ പല മന്ത്രിമാർക്ക് റിപ്പോർട്ട് നൽകേണ്ടിയും വരുന്നു. ഡെപ്യൂട്ടി കലക്ടറിൽ നിന്ന് പ്രെമോഷൻ കിട്ടി ഐഎഎസ് തസ്തികയിലെത്തുന്നവർക്കായി 32 തസ്തികകൾ ഒഴിഞ്ഞു കിടപ്പുണ്ടെങ്കിലും എട്ടു വർഷം പൂർത്തിയാകണമെന്ന യോഗ്യതാ മാനദണ്ഡത്തിൽപ്പെട്ടവരില്ലാത്തതിനാൽ ആ തസ്തികകളും ഒഴിഞ്ഞു കിടക്കുന്നു.

ചീഫ് സെക്രട്ടറിയും അഡീഷനൽ ചീഫ് സെക്രട്ടറിമാരും ഉൾപ്പെടെ ചീഫ് സെക്രട്ടറി റാങ്കിൽ എട്ടുപേരുണ്ട്. ഇതിൽ രണ്ടുപേർക്ക് അധിക വകുപ്പുകളുടെ ചുതമലയുണ്ട്. ഒരാൾ നോക്കുന്നത് മൂന്ന് പ്രധാന വകുപ്പുകളുടെ ചുമതല. പത്ത് സെക്രട്ടറിമാർക്ക് മൂന്ന് വകുപ്പുകളുടെയെങ്കിലും ചുമതലയുണ്ട്. ഒരു സെക്രട്ടറിക്ക് നാലുവകുപ്പുകളുടെ ചുമതലയാണു നൽകിയിട്ടുള്ളത്. മിക്കവാറും സെക്രട്ടറിമാർ അധികചുമതല വഹിക്കുന്നു. പല മന്ത്രിമാർക്കു മുന്നിൽ യോഗങ്ങളിൽ പങ്കെടുക്കേണ്ടിവരുന്നതോടെ വരുന്ന സമയനഷ്ടം കാര്യക്ഷമതയെയും ബാധിക്കുന്നു. ഫയലുകളിൽ തീരുമാനമെടുക്കലിനു കാലതാമസവും നേരിടുന്നു. 

ചില വകുപ്പുകളിൽ നിർണായകമായ  ഡയറക്ടർ തസ്തികയിൽ ഇരിക്കുന്നവർ വേറെ വകുപ്പുകളിലും സ്ഥാപനങ്ങളുടെ ഡയറക്ടർ ചുമതല വഹിക്കേണ്ടിവരുന്നു. ആറു മാസത്തിൽ കൂടുതൽ അധിക ചുമതല പാടില്ലെന്നതിനാൽ ഓരോ ഓഫിസർമാരുടെയും ചുമതല മാറ്റി മാറ്റി നൽകുകയും ചെയ്യുന്നു. ഒരു തസ്തികയിൽ സ്ഥിരമായി ഇരിക്കാനാകില്ലെന്നു വരുന്നതോടെ ഓഫിസർമാർക്ക് ഏതെങ്കിലും വിഷയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാകുന്നില്ലെന്നാണ് ഐഐഎസ് ഉദ്യോഗസ്ഥർ പറയുന്നത്. എന്നാൽ ഇഷ്ടക്കാരെ നോക്കി ചുമതലകൾ നൽകാതെ കാര്യക്ഷമത നോക്കി ഐഎഎസ് ഉദ്യോഗസ്ഥരെ വിന്യസിച്ചാൽ നിലവിലുള്ള പ്രശ്നത്തിനു പകുതിയെങ്കിലും പരിഹാരം കാണാമെന്നാണ് ഐഎഎസ് ഓഫിസർമാർ മുന്നോട്ടുവയ്ക്കുന്ന അഭിപ്രായം.

ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധ കുറയുന്നതോടെ താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥരും ചടങ്ങു മാത്രമാക്കി കാര്യങ്ങളെ അവസാനിപ്പിക്കുന്നു. ഫയലിൽ തീരുമാനമെടുക്കേണ്ട ഐഎഎസ് ഉദ്യോഗസ്ഥർക്കു വിവിധ വകുപ്പുകളുടെ ചുമതലയുള്ളതോടെ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെ വരികയും ഫയൽ നീക്കം താമസിക്കുന്നുവെന്നാണ് ഉദ്യോഗസ്ഥരുടെ അഭിപ്രായം. രാജ്യത്ത് എല്ലാ സംസ്ഥാനങ്ങളിലുമായി 1500 ഐഎഎസ് ഓഫിസർമാരുടെ കുറവുണ്ടെന്നാണു കണ്ടെത്തൽ. ചെലവു ചുരുക്കലിനായി ഐഎഎസ് ഓഫിസർമാരുടെ എണ്ണം കുറയ്ക്കുന്നതിന് 1991ൽ കേന്ദ്രസർക്കാർ തീരുമാനിച്ചിരുന്നു. പിന്നീട് 2012ഓടെ ഇൗ തീരുമാനത്തിൽ മാറ്റം വരുത്തിയെങ്കിലും ഉദ്യോഗസ്ഥരുടെ ക്ഷാമമാണു കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും.