Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയബാധിതർക്ക് ധനസഹായം: വിതരണം പുർത്തിയാക്കാൻ രേഖകളിലെ പിഴവ് തടസമെന്ന് എറണാകുളം കലക്ടർ

mohammed-y-safirulla എറണാകുളം ജില്ല കലക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ള

കൊച്ചി∙ പ്രളയ ദുരിതബാധിതരിൽ അടിയന്തര ധനസഹായത്തിന് അർഹരായവരുടെ പട്ടികയിൽ ഉണ്ടായിട്ടും ചിലർക്കു പണം ലഭിക്കാത്തത് ബാങ്ക് രേഖകൾ നൽകിയതിലെ പിഴവു മൂലമെന്നു ജില്ലാ കലക്ടർ മുഹമ്മദ് വൈ സഫീറുള്ള. അതേ സമയം സഹായം ലഭിച്ചിട്ടില്ലാത്തവർ വില്ലേജ് ഓഫിസിൽ രേഖകളുമായി എത്തണമെന്നു സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാർത്ത തെറ്റാണെന്നും കലക്ടർ പറഞ്ഞു. നിലവിൽ അർഹരായ 90 ശതമാനം ആളുകൾക്കും സഹായം എത്തിച്ചു കഴിഞ്ഞതായാണു വിവരം.

ബാങ്ക് വിവരങ്ങളിലെ പിഴവു മൂലം തഹസില്‍ദാര്‍മാര്‍ അയച്ച തുക ബാങ്കുകള്‍ തിരിച്ചയയ്ക്കുകയാണ്. പേരിലെ ഇരട്ടിപ്പു കാരണവും ചില അപേക്ഷകള്‍ വിശദപരിശോധനയ്ക്കായി മാറ്റിയിരുന്നു. കലക്ടറുടെ സമൂഹമാധ്യമത്തിലെ പേജിലും ജില്ലാ ഭരണകൂടത്തിന്റെ വെബ്‌സൈറ്റിലുമായി ലഭിച്ചിട്ടുള്ള നാലായിരത്തോളം പരാതികളില്‍ 2300 എണ്ണം അനര്‍ഹരെ അടിയന്തരസഹായ ലിസ്റ്റിലുള്‍പ്പെടുത്തിയെന്നുള്ളതാണ്.  ഇവ പുനഃപ്പരിശോധനയ്ക്കായി തരംതിരിക്കുന്നതും കാലതാമസത്തിനു കാരണമായതായി ജില്ലാ കലക്ടര്‍ പറഞ്ഞു.  

ധനസഹായത്തിന് അര്‍ഹരായി പ്രഖ്യാപിച്ച ആരുംതന്നെ ഓഫിസുകള്‍ കയറിയിറങ്ങേണ്ടതില്ല.  ഇക്കൂട്ടത്തില്‍ ഇനിയും പണം ലഭിക്കാത്തവരുടെ വീട്ടില്‍ റവന്യൂ ഉദ്യോഗസ്ഥരെത്തി രേഖകള്‍ പരിശോധിക്കുകയും പിഴവു തിരുത്തി ഉടനടി പണം ലഭ്യമാക്കുകയും ചെയ്യും. അന്തിമ പട്ടിക തയാറാക്കുന്നതു സംബന്ധിച്ച് ഇതുവരെ അവസാന തീയതി പ്രഖ്യാപിച്ചിട്ടില്ല.  ഇതുവരെ ധനസഹായം ലഭിക്കാത്തവരോ ലിസ്റ്റില്‍ ഇടം നേടാത്തവരോ വില്ലേജ് ഓഫിസില്‍ ഹാജരാകേണ്ടതുമില്ല.  ജില്ലയില്‍ 1,68,298 വീടുകളാണു പ്രളയബാധിതമായി പ്രാരംഭ കണക്കെടുപ്പില്‍ കണ്ടെത്തിയിട്ടുള്ളത്.

അര്‍ഹതയുണ്ടായിട്ടും ലിസ്റ്റില്‍ ഉള്‍പ്പെടാതെ പോയതായി ആക്ഷേപമുള്ളവര്‍ ബന്ധപ്പെട്ട തഹസില്‍ദാര്‍ക്കു പരാതി നല്‍കുന്ന മുറയ്ക്ക് ഓരോ പരാതിയിലും വിശദാന്വേഷണം നടത്തി പരിഹാരം കാണാൻ ഉത്തരവുണ്ട്. പ്രളയദുരിതബാധിതര്‍ക്ക് അടിയന്തരധനസഹായം അനുവദിച്ചതില്‍ അര്‍ഹരെ വിട്ടുപോയിട്ടുണ്ടെങ്കില്‍ ജില്ലാ ഭരണകൂടത്തിന്റെ വെബ്‌സൈറ്റിലോ ജില്ലാ കലക്ടറുടെ സമൂഹമാധ്യമത്തിലെ പേജിൽ നല്‍കിയിട്ടുള്ള ലിങ്കിലോ പരാതിപ്പെടാനും അവസരം നല്‍കി. പരാതികള്‍ ബന്ധപ്പെട്ട തഹസില്‍ദാര്‍ക്കു കൈമാറി ഉടനടി അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശവും നല്‍കിയിരുന്നു.

അര്‍ഹതയുണ്ടായിട്ടും ലിസ്റ്റില്‍ ഉള്‍പ്പെട്ടില്ലെന്ന് ആക്ഷേപമുള്ളവര്‍ ബന്ധപ്പെട്ട തഹസില്‍ദാര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം.  റവന്യൂ ഉദ്യോഗസ്ഥര്‍ അപേക്ഷകരുടെ വീട്ടിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

related stories