Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിപിഎം തൊടുപുഴ ഏരിയാ കമ്മിറ്റി ഓഫിസിനു നേരെ കല്ലേറ്

CPM Logo

തൊടുപുഴ∙ സിപിഎം തൊടുപുഴ ഏരിയാ കമ്മിറ്റി ഓഫിസിനു നേരെ കല്ലേറ്. പുലർച്ചെ അഞ്ചിനാണു മൂന്നു ബൈക്കുകളിലായി എത്തിയ ഒരു സംഘം കല്ലെറിഞ്ഞതെന്നു സിപിഎം പ്രവർത്തകർ പറഞ്ഞു. ഓഫിസിന്റെ മുൻവശത്തെ ജനാലച്ചില്ലുകൾ തകർന്നു. ഓഫിസിനുള്ളിലുണ്ടായിരുന്നവർ പുറത്തിറങ്ങിയപ്പോൾ അക്രമികൾ ഓടി രക്ഷപ്പെട്ടു. എസ്ഡിപിഐ പ്രവർത്തകരാണു അക്രമം നടത്തിയതെന്നു സിപിഎം ആരോപിച്ചു. ഏരിയാ കമ്മിറ്റി ഓഫിസിൽ സിസിടിവി ക്യാമറകളില്ല.  

കോളജ് യൂണിയൻ തിരഞ്ഞെടുപ്പിന്റെ പേരിൽ കഴിഞ്ഞയാഴ്ച എസ്എഫ്ഐ–എസ്ഡിപിഐ പ്രവർത്തകർ തമ്മിൽ തൊടുപുഴ നഗരത്തിൽ ഏറ്റുമുട്ടിയിരുന്നു. ഇതിനിടെ പോപ്പുലർ ഫ്രണ്ടിന്റെ ജില്ലാ കമ്മിറ്റി ഓഫിസ് അടിച്ചു തകർത്തു. ഇതേ തുടർന്നു സിപിഎം തൊടുപുഴ ഏരിയാ കമ്മിറ്റി ഓഫിസിനു മുന്നിൽ പൊലീസ് സംഘത്തെ ഡ്യൂട്ടിക്കിട്ടിരുന്നു. ഇന്നലെ വൈകിട്ടാണു ഇവിടെ നിന്നു പൊലീസുകാരെ പിൻവലിച്ചത്.  

കോളജ് യൂണിയൻ തിരഞ്ഞെടുപ്പിന്റെ പേരിൽ നഗരത്തിൽ അക്രമം വ്യാപിച്ചതിനു പിന്നിൽ തൊടുപുഴ ഏരിയാ സെക്രട്ടറിയുടെ പക്വതക്കുറവാണെന്ന ആരോപണം പാർട്ടിക്കുള്ളിൽ നിലനിൽക്കുകയാണ്. ഇതേക്കുറിച്ച് മുതിർന്ന നേതാക്കൾ ജില്ലാ സെക്രട്ടറിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.  ഈ വിഷയം ഇന്നു നടക്കുന്ന ഏരിയാ കമ്മിറ്റി യോഗത്തിൽ ചർച്ച ചെയ്യാനിരിക്കെയാണു ഓഫിസിനു നേരെ ആക്രമണമുണ്ടായത്. വിഷയത്തിൽ നിന്നു ശ്രദ്ധ തിരിക്കാൻ ഏരിയാ സെക്രട്ടറി നടത്തിയ നാടകമാണു കല്ലേറെന്നും ആരോപണമുയർന്നിട്ടുണ്ട്.