Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചെന്നൈ വിമാനത്താവളത്തിൽ ഫെയ്സ് റെക്കഗ്‌നിഷൻ സംവിധാനം; മുഖം നോക്കി ഇനി എളുപ്പം ചെക്ക് ഇൻ

Chennai-Airport ചെന്നൈ വിമാനത്താവളം

ചെന്നൈ∙ ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ ചെന്നൈ വിമാനത്താവളത്തിൽ ഫെയ്സ് റെക്കഗ്‌നിഷൻ ചെക്ക് ഇൻ സംവിധാനം ഏർപ്പെടുത്തുമെന്ന് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ). ‘ഡിജിറ്റൽ യാത്ര’ എന്ന സംവിധാനം യാത്രക്കാരുടെ മുഖവും ടിക്കറ്റിലെ ക്യൂ ആർ കോഡും സ്കാൻ ചെയ്ത ശേഷം അതതു ഗേറ്റുകളിലേക്കു പ്രവേശനം നൽകും. ഇതോടെ ബോർഡിങ് പാസിനായുള്ള നീണ്ട ക്യൂ ഒഴിവാകും. അടുത്ത വർഷം അവസാനത്തോടെ പുതിയ സംവിധാനം നിലവിൽ വരുമെന്ന് എഎഐ അധികൃതർ പറഞ്ഞു.

എല്ലാ ടെർമിനലുകളിലും ക്യാമറകളും സ്കാനറുമുള്ള ഇ–ഗേറ്റുകൾ സ്ഥാപിക്കും. സുരക്ഷാ പരിശോധനയ്ക്കു ശേഷം ഇ–ഗേറ്റുകളിൽ എത്തി മുഖവും ടിക്കറ്റും സ്കാൻ ചെയ്യണം. ടിക്കറ്റിലെ വിവരങ്ങളും ഫെയ്സ് റെക്കഗ്‌നിഷൻ വിവരങ്ങളും താരതമ്യം ചെയ്ത ശേഷം ഓട്ടമാറ്റിക്കായി ബോർഡിങ് പാസുകൾ ലഭിക്കും. 

യാത്രക്കാരുടെ സമയം ലാഭിക്കാനും സുരക്ഷ ഉറപ്പാക്കാനും പുതിയ സംവിധാനം സഹായിക്കും. കൂടാതെ വ്യാജ ടിക്കറ്റുകളും ബോർഡിങ് പാസുകളും ഉപയോഗിക്കുന്നത് തടയാനും കഴിയും. ഇന്ത്യയിൽ കൊൽക്കത്ത, വാരാണസി, വിജയവാഡ, പുണെ തുടങ്ങിയ എയർപോർട്ടുകളിൽ പരീക്ഷിച്ചതിനു ശേഷമാണ് ഇ–ഗേറ്റുകൾ ചെന്നൈയിൽ സ്ഥാപിക്കുന്നത്.

എഎഐ ഏർപ്പെടുത്തുന്ന പ്രത്യേക സംവിധാനത്തിൽ ഡിജിറ്റൽ അക്കൗണ്ട് തുടങ്ങി റജിസ്റ്റർ ചെയ്താൽ ഇ–ഗേറ്റ് സേവനം ഉപയോഗപ്പെടുത്താം. 

പുതിയ സംവിധാനം ഏർപ്പെടുത്തിയാലും പരമ്പരാഗത ബോർഡിങ് പാസ് കൗണ്ടറുകൾ നിർത്തലാക്കില്ല. ഓരോ എയർപോർട്ടുകളിലും വ്യത്യസ്ത കമ്പനികൾക്കാവും നിർമാണ കരാർ നൽകുക. ജെറ്റ് എയർവേസ്, എയർ ഏഷ്യ, സ്പൈസ് ജെറ്റ് എന്നീ വിമാനക്കമ്പനികളുടെ യാത്രക്കാർക്കായിരിക്കും ആദ്യ ഘട്ടത്തിൽ ഇ–ഗേറ്റ് ഉപയോഗിക്കാൻ സാധിക്കുക. 

തിരുവിക പാർക്ക് പുനർനിർമാണം ഉടൻ

ഷെണോയ് നഗർ മെട്രോ സ്റ്റേഷന്റെ നിർമാണത്തിനായി പൂട്ടിയ തിരുവിക പാർക്കിന്റെ പുനർനിർമാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് സിഎംആർഎൽ. പാർക്കിന് അടിയിലാണു ഷെണോയ് നഗർ ഭൂഗർഭ സ്റ്റേഷൻ സ്ഥിതിചെയ്യുന്നത്. 

സ്റ്റേഷന് ഉള്ളിൽ നിന്നും പുറത്തു നിന്നും പ്രവേശിക്കാവുന്ന രീതിയിൽ പുതിയ കവാടങ്ങൾ നിർമിക്കും. പാർക്കിലെ മരങ്ങൾ മാറ്റി നടും. പല സോണുകളായി തിരിച്ചു നിർമിക്കുന്ന പാർക്കിൽ ഫൗണ്ടൻ, ജോഗിങ് ട്രാക്ക്, കുട്ടികൾക്കുള്ള കളിസ്ഥലം, പൂന്തോട്ടം, പുൽത്തകിടികൾ, നടപ്പാതകൾ, ബാഡ്മിന്റൺ/ബാസ്ക്കറ്റ് ബോൾ കോർട്ടുകൾ, ഓപ്പൺ എയർ തിയറ്റർ, യോഗാ ഏരിയ,  മുതിർന്നവർക്കായുള്ള പ്രത്യേക സ്ഥലം തുടങ്ങിയവ ഉണ്ടാവും. 

പ്രവേശന കവാടത്തിനു താഴെ ഒരുക്കുന്ന പാർക്കിങ് സ്ഥലത്ത് എണ്ണൂറോളം ഇരുചക്ര വാഹനങ്ങൾക്കും നാന്നൂറിലധികം കാറുകൾക്കുമുള്ള സൗകര്യം ഒരുക്കും. കോൾ ടാക്സികൾ നിർത്തുന്നതിനുള്ള സൗകര്യവും ഒരുക്കും.