Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ അറസ്റ്റിൽ; കുറ്റം തെളിഞ്ഞെന്ന് എസ്പി ഹരിശങ്കർ

Bishop Franco Mulakkal ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോകുന്നു. ചിത്രം: ടോണി ഡൊമിനിക്

കൊച്ചി∙ മൂന്നു ദിവസമായി തുടരുന്ന അഭ്യൂഹങ്ങൾക്കും പിരിമുറുക്കത്തിനും ഒടുവിൽ ജലന്തർ ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അറസ്റ്റിൽ. മൂന്നു ദിവസത്തോളം നീണ്ട ചോദ്യം ചെയ്യലിനുശേഷം വെള്ളിയാഴ്ച രാത്രിയാണു ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ചോദ്യം ചെയ്യൽ പൂർത്തിയായെന്നും ബിഷപ്പ് കന്യാസ്ത്രീയെ മാനഭംഗപ്പെടുത്തിയതായി തെളിഞ്ഞെന്നും കോട്ടയം എസ്പി എസ്.ഹരിശങ്കർ നേരത്തേ വ്യക്തമാക്കിയിരുന്നു.

ചോദ്യം ചെയ്യലിൽ ബിഷപ് നല്‍കിയ മൊഴികളിൽ വസ്തുതാപരമായ പിശകുകളുണ്ടെന്ന് കണ്ടെത്തിയതോടെയാണ് അറസ്റ്റ് അനിവാര്യമായത്. ബിഷപ്പിനെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കു വിധേയനാക്കി. രാത്രിയോടെ കോട്ടയത്തെത്തിച്ച ബിഷപ്പിനെ ശനിയാഴ്ച പാലാ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കും.

nun-strike ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തതിനെത്തുടർന്ന് കൊച്ചിയിലെ സമരപ്പന്തലിൽ സന്തോഷം പ്രകടിപ്പിക്കുന്ന കന്യാസ്ത്രീകള്‍. ചിത്രം: ഇ.വി. ശ്രീകുമാർ

ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റു ചെയ്തതായി ആറുമണിയോടെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മാധ്യമങ്ങൾ വാർത്ത റിപ്പോർട്ടു ചെയ്തെങ്കിലും ഐജി വിജയ് സാക്കറെയുമായുള്ള കൂടിക്കാഴ്ചയ്ക്കു പോകവെ എസ്പി ഇതു നിഷേധിച്ചിരുന്നു. പിന്നീട് അറസ്റ്റുണ്ടാകുമെന്ന് മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തു.

തൃപ്പൂണിത്തുറയിലെ ഹൈടെക് സെല്ലിൽ കോട്ടയം എസ്പി ഹരിശങ്കർ, വൈക്കം ഡിവൈഎസ്പി സുഭാഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. മൊഴികളും തെളിവുകളും ശക്തമാക്കണമെന്നു ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിൽ, രാവിലെ കുറവിലങ്ങാട് നാടുകുന്ന് മഠത്തിലെത്തി പരാതിക്കാരിയായ കന്യാസ്ത്രീയുടെ മൊഴി വീണ്ടുമെടുത്തു. ബിഷപ്പിന്റെ വാദങ്ങളില്‍ വ്യക്തത വരുത്താനായിരുന്നു ഇത്. ആദ്യ രണ്ടു ദിവസവും ചോദ്യം ചെയ്യൽ ഏഴു മണിക്കൂറിലേറെ നീണ്ടു. ചോദ്യം ചെയ്യൽ മൂന്നു ദിവസം നീണ്ടെങ്കിലും രണ്ടാംദിവസം തന്നെ അറസ്റ്റിന്റെ അനിവാര്യത പൊലീസ് ബിഷപ്പിനെ അറിയിച്ചിരുന്നെന്നാണു വിവരം.

nun-strike-1 ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തതിനെത്തുടർന്ന് കൊച്ചിയിലെ സമരപ്പന്തലിൽ സന്തോഷം പ്രകടിപ്പിക്കുന്ന കന്യാസ്ത്രീകള്‍. ചിത്രം: ഇ.വി. ശ്രീകുമാർ

പീഡനം നടന്ന ദിവസങ്ങളില്‍ കുറവിലങ്ങാട് മഠത്തില്‍ ബിഷപ് താമസിച്ചതിന്‍റെ തെളിവുകളും മൊഴികളും നിരത്തിയായിരുന്നു ചോദ്യം ചെയ്യൽ. കന്യാസ്ത്രീയുടെ പരാതിക്കു കാരണം അച്ചടക്ക നടപടിയാണെന്ന ബിഷപ്പിന്‍റെ ആരോപണം തെളിവുകള്‍ നിരത്തി അന്വേഷണസംഘം പൊളിച്ചു. ബിഷപ്പിനെ കുരുക്കുന്ന പത്തിലേറെ തെളിവുകളാണു നിരത്തിയത്. കന്യാസ്ത്രീയുടെ പരാതിയില്‍ പറയുന്നതു പോലെ 13 തവണ കുറവിലങ്ങാട് മഠത്തില്‍ താമസിച്ചിട്ടില്ലെന്നായിരുന്നു ബിഷപ്പിന്‍റെ മൊഴി. എന്നാൽ, ബിഷപ് മഠത്തിൽ എത്തിയതിന് സന്ദര്‍ശക റജിസ്റ്റര്‍ തെളിവായി. മഠത്തില്‍ ബിഷപ്പ് എത്തിയ തീയതികള്‍ റജിസ്റ്ററില്‍ കൃത്യമായി രേഖപ്പെടുത്തിയിരുന്നു. ഇതെല്ലാം കൃത്രിമമാണെന്നു ബിഷപ് വാദിച്ചപ്പോൾ മൂന്ന് നിര്‍ണായക മൊഴികള്‍ കൂടി പൊലീസ് മുന്നോട്ടുവച്ചു.

കുറവിലങ്ങാട് മഠത്തില്‍ ആറു മാസത്തിലേറെ ഉണ്ടായിരുന്ന കന്യാസ്ത്രീയുടെ മൊഴിയായിരുന്നു ഒന്ന്. കന്യാസ്ത്രീ ആദ്യ പീഡനത്തിന് ഇരയായ 2014 മേയ് അഞ്ചിനു ബിഷപ് എത്തിയ കാര്യം റജിസ്റ്ററില്‍ എഴുതിയത് ഈ കന്യാസ്ത്രീയാണ്. ബിഷപ് ഇവിടെ തങ്ങിയിരുന്നതായി മൊഴിയിലുണ്ട്. ബിഷപ് വന്ന ബിഎംഡബ്ല്യു കാറിന്‍റെ ഡ്രൈവറുടെ മൊഴിയായിരുന്നു മറ്റൊന്ന്. മുതലക്കോടം മഠത്തിലെ കന്യാസ്ത്രീയുടെ മൊഴിയും ബിഷപ്പിന് എതിരായി.

അന്വേഷണ സംഘത്തിന്റെ പഴുതടച്ച ചോദ്യങ്ങളില്‍ മറുപടികളില്ലാതെ ബിഷപ് കുഴഞ്ഞു. അച്ചടക്ക നടപടിയുടെ പ്രതികാരമാണു പരാതിക്കു കാരണമെന്നുമാത്രം ബിഷപ് ആവര്‍ത്തിച്ചു. അച്ചടക്ക നടപടിക്കു മുന്‍പുതന്നെ ബിഷപ്പിനെതിരെ കന്യാസ്ത്രീ പരാതി നല്‍കിയതിന്‍റെ തെളിവുകൾ പൊലീസ് നിരത്തി. ഇതോടെ പ്രതിരോധിക്കാനുള്ള ബിഷപ്പിന്‍റെ വഴികളെല്ലാം അടയുകയായിരുന്നു. ഒടുവിൽ, അനിവാര്യമായ അറസ്റ്റിലേക്ക് അന്വേഷണസംഘം നീങ്ങി.

മിഷനറീസ് ഓഫ് ജീസസിന്റെ കുറവിലങ്ങാട്ടെ മഠത്തിൽ ജലന്തർ രൂപത ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കൽ പലതവണ പീഡിപ്പിച്ചെന്നാണു കന്യാസ്ത്രീയുടെ പരാതി. കുറവിലങ്ങാട് പൊലീസ് കേസെടുത്തതിനുപിന്നാലെ കന്യാസ്ത്രീക്കെതിരെ സഭ അച്ചടക്ക നടപടി എടുക്കുകയും മദർ സൂപ്പീരിയർ സ്ഥാനം എടുത്തുകളയുകയും ചെയ്തിരുന്നു. ഇതു സംബന്ധിച്ച തർക്കത്തിൽ കന്യാസ്ത്രീയുടെ സഹോദരൻ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് ബിഷപ് കോട്ടയം ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകി. ഇതിൽ അന്വേഷണം നടക്കുന്നതിനിടെ കന്യാസ്ത്രീ ബിഷപ്പിനെതിരെ പരാതി നൽകുകയായിരുന്നു.

related stories