Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുറ്റം തെളിഞ്ഞു; ബിഷപ് ഫ്രാങ്കോയെ ഇന്നുതന്നെ അറസ്റ്റു ചെയ്യുമെന്ന് എസ്പി

SP: S Harisankar എസ്പി എസ്. ഹരിശങ്കര്‍ മാധ്യമങ്ങളെ കാണുന്നു.ചിത്രം: എഎൻഐ ട്വിറ്റര്‍

കൊച്ചി∙ കന്യാസ്ത്രീയുടെ പരാതിയിൽ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് അറസ്റ്റു ചെയ്യുമെന്ന് കോട്ടയം എസ്പി എസ്.ഹരിശങ്കർ. നടപടിക്രമങ്ങൾ പൂർത്തിയായി വരികയാണ്. എപ്പോൾ അറസ്റ്റ് ചെയ്യുമെന്നു തീരുമാനമായിട്ടില്ല. അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടുമില്ല. ബിഷപ്പ് കന്യാസ്ത്രീയെ മാനഭംഗപ്പെടുത്തിയതായി തെളിഞ്ഞിട്ടുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയാൽ ഉടൻ വൈദ്യപരിശോധനയ്ക്കു കൊണ്ടുപോകുമെന്നും 24 മണിക്കൂറിനുള്ളിൽ കോടതിയില്‍ ഹാജരാക്കുമെന്നും എസ്പി വ്യക്തമാക്കി. ഐജി വിജയ് സാക്കറെയുമായി ചർച്ച നടത്തിയതിനുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നേരത്തേ ഐജിയുമായുള്ള കൂടിക്കാഴ്ചയ്ക്കു പോകവെ അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടില്ലെന്ന് എസ്പി വ്യക്തമാക്കിയിരുന്നു. ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തതായി ആറുമണിയോടെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മാധ്യമങ്ങൾ വാർത്ത റിപ്പോർട്ടു ചെയ്തെങ്കിലും എസ്പി ഇതു നിഷേധിക്കുകയായിരുന്നു. ഉച്ചയ്ക്ക് ഒന്നരയോടെയും അറസ്റ്റെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. പിന്നീടു മുഖ്യമന്ത്രിയുടെ ഓഫിസ് വാർത്ത നിഷേധിക്കുകയായിരുന്നു.

Bishop

അതേസമയം, ബിഷപ്പിന്റെ അറസ്റ്റിനുശേഷം കാര്യങ്ങൾ വിശദീകരിക്കാൻ എസ്പി ഹരിശങ്കറെ ചുമതലപ്പെടുത്തിയതായി ഡിജിപിയുടെ ഓഫിസ് അറിയിച്ചു. ഡോക്യുമെന്റേഷൻ നടപടികൾ പൂർത്തിയായി വരികയാണെന്നും ഓഫിസ് വ്യക്തമാക്കി. അതേസമയം, ഉറ്റബന്ധുക്കളെ ജാമ്യക്കാരാക്കി ബിഷപ്പിന്റെ അഭിഭാഷകര്‍ ജാമ്യഹർജി തയാറാക്കിയിട്ടുണ്ട്.

അതിനിടെ, തുടരന്വേഷണത്തിന്റെ ഭാഗമായി പൊലീസ് പരാതിക്കാരിയുടെ മൊഴി വീണ്ടും എടുത്തു. വാകത്താനം സിഐ മനോജ് കുമാർ നാടുകുന്ന് മഠത്തിലെത്തി പരാതിക്കാരിയായ കന്യാസ്ത്രീയുമായി സംസാരിച്ചു. ഔദ്യോഗിക മൊഴിയെടുക്കലല്ലെന്ന് സിഐ പറഞ്ഞു. സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി പട്രോളിങ്ങിന് എത്തിയതായിരുന്നു. ഒപ്പം കന്യാസ്ത്രീയുമായി സംസാരിച്ചു. അട്ടപ്പാടിയിലെ ധ്യാന കേന്ദ്രത്തിൽ കന്യാസ്ത്രീ കുമ്പസരിച്ചതുമായി ബന്ധപ്പെട്ടു ചില സംശയങ്ങൾ ബാക്കിയുണ്ട്. കഴിഞ്ഞ ദിവസം ധ്യാനകേന്ദ്രം സന്ദർശിച്ച് അവിടുത്തെ വൈദികരുമായി സംസാരിച്ച കടുത്തുരുത്തി സിഐക്ക് വൈദികരിൽ നിന്ന് അനുകൂല പ്രതികരണം ലഭിച്ചില്ല. ബിഷപ്പിനെ ചോദ്യം ചെയ്തപ്പോൾ ഇക്കാര്യത്തിൽ ചില പൊരുത്തക്കേടുകള്‍ വ്യക്തമായിരുന്നു. കുമ്പസാരം സംബന്ധിച്ചു കന്യാസ്ത്രീയുടെ മറുപടി ലഭ്യമാക്കുന്നതിനാണ് സിഐ എത്തിയത്.

Bishop Franco Mulakkal

ബിഷപ്പിനു ഇന്നു നിര്‍ണായകദിനമാണ്. മൂന്നാം ദിവസത്തെ ചോദ്യം ചെയ്യലിനുശേഷം അന്വേഷണസംഘം ബിഷപ്പിന്റെ അറസ്റ്റിലേക്കു കടന്നേക്കാമെന്നു സൂചനയുണ്ട്. എന്നാല്‍ മൊഴികളും തെളിവുകളും ശക്തമാക്കണമെന്നു ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. വ്യാഴാഴ്ച ബിഷപ് നല്‍കിയ മൊഴികളിലും തെളിവുകളിലുമുളള ആശയക്കുഴപ്പങ്ങള്‍ പരിഹരിക്കാനായി മൂന്നുസംഘങ്ങള്‍ രാത്രിമുതല്‍ പരിശ്രമത്തിലാണ്. ഇവരുടെ വിശകലനങ്ങളുടെ സംഗ്രഹം കൂടി ചേര്‍ത്താകും തുടർന്നുള്ള ചോദ്യം ചെയ്യല്‍. അറസ്റ്റ് ചെയ്യുന്നതില്‍ തീരുമാനമായില്ലെന്നു കോട്ടയം എസ്പി ഹരിശങ്കര്‍. ചോദ്യം ചെയ്യല്‍ തുടരുകയാണെന്നും അറസ്റ്റ് എപ്പോഴെന്നു പറയാനാകില്ലെന്നും എസ്പി പറഞ്ഞു. നിയമോപദേശം തേടിയിട്ടില്ല. സര്‍ക്കാര്‍ അഭിഭാഷകരുടെ അഭിപ്രായം ആരായുക മാത്രമാണു ചെയ്തതെന്നും എസ്പി വ്യക്തമാക്കി.

രണ്ടാം ദിവസത്തിലെ ചോദ്യം ചെയ്യലില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ ഉത്തരംമുട്ടിക്കുന്നതായിരുന്നു അന്വേഷണ സംഘത്തിന്റെ തെളിവുകള്‍. പീഡിപ്പിച്ചെന്ന് ആരോപണമുള്ള ദിവസങ്ങളില്‍ കുറവിലങ്ങാട് മഠത്തില്‍ താമസിച്ചതിന്റെ തെളിവുകളും മൊഴികളും നിരത്തിയതോടെ ബിഷപ് കൂടുതല്‍ പ്രതിരോധത്തിലായി. അച്ചടക്കനടപടിയാണു പരാതിക്കു കാരണമെന്ന ബിഷപ്പിന്റെ ആരോപണവും തെളിവുകള്‍ നിരത്തി അന്വേഷണ സംഘം പൊളിച്ചെന്നാണു സൂചന.

ബിഷപ്പിനെ കുരുക്കുന്ന പത്തിലേറെ തെളിവുകളാണു ചോദ്യംചെയ്യലിന്റെ രണ്ടാംദിവസം അന്വേഷണ സംഘം നിരത്തിയത്. കന്യാസ്ത്രീയുടെ പരാതിയില്‍ പറയുന്നതു പോലെ 13 തവണ കുറവിലങ്ങാട് മഠത്തില്‍ താമസിച്ചിട്ടില്ലെന്നായിരുന്നു ബിഷപ്പിന്റെ മൊഴി. തെളിവായി മഠത്തിലെ സന്ദര്‍ശക റജിസ്റ്റര്‍ അന്വേഷണ സംഘം ആദ്യം പുറത്തെടുത്തു. മഠത്തില്‍ ബിഷപ് എത്തിയ തീയതികള്‍ റജിസ്റ്ററില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. 20–ാം നമ്പര്‍ മുറിയിലായിരുന്നു താമസം. ഇതെല്ലാം കൃത്രിമമാണെന്നു ബിഷപ് വാദിച്ചു. ഇതോടെ മൂന്നു നിര്‍ണായക മൊഴികള്‍ പൊലീസ് നിരത്തി.

കുറവിലങ്ങാട് മഠത്തില്‍ ആറു മാസത്തിലേറെ ഉണ്ടായിരുന്ന കന്യാസ്ത്രീയുടെ മൊഴിയാണ് ഒന്ന്. കന്യാസ്ത്രീ ആദ്യ പീഡനത്തിന് ഇരയായ 2014 മേയ് അഞ്ചിന് ബിഷപ് എത്തിയതു റജിസ്റ്ററില്‍ എഴുതിയത് ഈ കന്യാസ്ത്രീയാണ്. ബിഷപ് ഇവിടെ തങ്ങിയിട്ടുണ്ടെന്നു മൊഴിയിലുണ്ട്. ബിഷപ് മഠത്തിലെത്തിയ ബിഎംഡബ്‌ള്യു കാറിന്റെ ഡ്രൈവറുടെ മൊഴിയാണു മറ്റൊന്ന്. മുതലക്കോടം മഠത്തിലെ കന്യാസ്ത്രീയുടെ മൊഴിയും ബിഷപ്പിന് എതിരായി. തുടര്‍ന്നുള്ള ചോദ്യങ്ങളില്‍ ഉത്തരംമുട്ടിയ ബിഷപ് മറുപടികളില്ലാതെ കുഴഞ്ഞു. ഒടുവില്‍ അച്ചടക്ക നടപടിയുടെ പ്രതികാരമാണു പരാതിക്കു കാരണമെന്നു ബിഷപ് ആവര്‍ത്തിച്ചു.

അച്ചടക്ക നടപടിക്കു മുന്‍പു തന്നെ ബിഷപ്പിനെതിരെ കന്യാസ്ത്രീ പരാതി നല്‍കിയതിന്റെ തെളിവുകൾ പൊലീസ് നിരത്തി. ഇതോടെ പ്രതിരോധിക്കാനുള്ള ബിഷപ്പിന്റെ വഴികളെല്ലാം അടഞ്ഞു. ചോദ്യം ചെയ്യലിന്റെ 80 ശതമാനം പൂര്‍ത്തിയാകുമ്പോള്‍ ബിഷപ് കുറ്റക്കാരനെന്ന നിലപാടിലാണ് അന്വേഷണ സംഘമെന്നാണ് അറിയുന്നത്. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതുവരെ അറസ്റ്റ് ഒഴിവാക്കണമെന്ന അഭ്യര്‍ഥന ബിഷപ്പിന്റെ അഭിഭാഷകര്‍ മുന്നോട്ടുവച്ചു. എന്നാല്‍ വിട്ടുവീഴ്ച വേണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

related stories