Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘രണ്ടു ലക്ഷത്തിനു ലക്ഷ്വറി കാർ’; ഒരേ ചൂണ്ടയിൽ കുരുങ്ങി നിരവധിപ്പേർ

സിബി നിലമ്പൂർ
Online Fraud പ്രതീകാത്മക ചിത്രം

കൊച്ചി∙ ‘രണ്ടു ലക്ഷം രൂപയ്ക്കു മൂന്നു വർഷം മാത്രം പഴക്കമുള്ള ലക്ഷ്വറി കാർ ലഭിച്ചാൽ പുളിക്കുമോ? പുളിക്കില്ല, പക്ഷെ കാശു പോകുമ്പോൾ പഠിക്കും വഞ്ചിക്കപ്പെട്ടുവെന്ന്. എന്നിട്ടും പഠിക്കാത്തവർ ഒരുപാടുണ്ടെന്നതാണ് അനുഭവം. കാറിന്റെ പേരുപറഞ്ഞു പലരെയും പറ്റിച്ച കേസുകളുടെ കഥയാണു സൈബർസെൽ കൊച്ചി വിഭാഗം സിഐക്കു പറയാനുള്ളത്. ഇതേ കാറിന്റെ പേരിൽ പറ്റിക്കപ്പെട്ട പലരിൽനിന്നും പരാതി ലഭിച്ചതായി അദ്ദേഹം പറയുന്നു.

Read Also: ‘കൊറിയറിലേറി’ ഓൺലൈൻ തട്ടിപ്പ്, കൂട്ടിന് വാട്സാപ് ചാറ്റ്, തെളിവായി ലൈസൻസും...

രണ്ടു ലക്ഷം രൂപയ്ക്കു ലക്ഷ്വറി കാർ വിൽക്കാനുണ്ടെന്നു കാണിച്ച്, ഉപയോഗിച്ച സാധനങ്ങൾ വിൽക്കുന്നതിനുള്ള രാജ്യാന്തര വെബ്സൈറ്റിൽ പരസ്യം. മൂന്നു വർഷത്തിൽ താഴെ മാത്രം പഴക്കമുളള കാറായതിനാൽ സൂപ്പർ ഡീൽ. കക്ഷി കൊച്ചി വിമാനത്താവളത്തിലെ കസ്റ്റംസ് ജീവനക്കാരനാണത്രെ. വിളിച്ചു നോക്കിയാൽ ഉടമ നല്ല തിരക്കിൽ. എപ്പോൾ വേണമെങ്കിലും കാണാം. പക്ഷെ കക്ഷിക്കു കാശിന് അത്യാവശ്യമുള്ളതിനാൽ ഒരു ലക്ഷം രൂപ അക്കൗണ്ടിലിട്ടു കൊടുക്കണം. കാണാൻ വരുമ്പോൾ ബാക്കി കാശു നൽകി കാർ സ്വന്തമാക്കാം. എത്രയും പെട്ടെന്നുതന്നെ സ്വന്തം പേരിലാക്കിക്കോളണമെന്നും നിർദേശം. പറ്റിക്കപ്പെടാൻ തയാറായി നിൽക്കുന്നവർക്ക് ഇത്രയും ഒക്കെ കേട്ടാൽ മതിയാകും വിശ്വസിക്കാൻ. പോരാത്തതിനു നല്ല മലയാളമറിയുന്ന ആൾ. ഇംഗ്ലിഷ് മണിമണിയായി പറയുന്നുമുണ്ട്.

കുറഞ്ഞ വിലയ്ക്കു ലക്ഷ‌്വറി കാർ കിട്ടുന്നതല്ലേ, പണം ബാങ്കിലിട്ടു തരാൻ കാറുടമ ആവശ്യപ്പെട്ടതോടെ കൂടുതലൊന്നും ആലോചിക്കാതെ ബാങ്കിൽ പണം നിക്ഷേപിക്കുന്നു. കാർ കാണാൻ വിമാനത്താവളത്തിലെത്താനാണു നിർദേശം. വിമാനത്താവളത്തിലേയ്ക്ക‌ു പുറപ്പെടും മുൻപുതന്നെ അടുത്ത വിളി വരും. ‘സർ, ഇതിൽ കൂടിയ വിലയ്ക്ക് എടുക്കാൻ ഒരാൾ തയാറായി വന്നിട്ടുണ്ട്. സാറിനു കാർ കാണണമെങ്കിൽ അമ്പതിനായിരം കൂടി ഇട്ടു താ’ എന്ന്. ഇതോടെ വഞ്ചിക്കപ്പെട്ടു എന്നു മനസ്സിലാകും. അല്ലെങ്കിൽ വീണ്ടും പണം ഇട്ടു കൊടുക്കും. പിന്നെ വിളിച്ച നമ്പരും കാണില്ല, ആളെയും കിട്ടില്ല. കാശു പോയതു മിച്ചം. ഒരു ലക്ഷം രൂപ വരെ ഇൗ കളിയിൽ നഷ്ടപ്പെട്ടവരാണു പരാതിയുമായി പൊലീസിലെത്തിയത്.

വീട്ടിലിരുന്നു പണം സമ്പാദിക്കാം എന്ന തട്ടിപ്പ്

വീട്ടിലിരുന്നു പണം സമ്പാദിക്കാമെങ്കിൽ പിന്നെ എന്തിനു ജോലിക്കു പോകണം എന്ന് ആരും ചിന്തിച്ചു പോകും. വാട്സാപ്പിലൂടെ ഏറ്റവും അധികം പ്രചരിക്കുന്ന തട്ടിപ്പുകളിലൊന്നാണ് ഇത്. ഡേറ്റാ എൻട്രി ജോലി, സാധനങ്ങൾ നിർമിച്ചു നൽകുന്ന ജോലി അങ്ങനെ നീണ്ട നിരതന്നെയുണ്ടു തട്ടിപ്പുകാർക്ക്. ഈ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവരിൽ നിന്ന് ആദ്യം നമ്മൾ ചില സാധനങ്ങൾ പണം കൊടുത്തു വാങ്ങണം. അതുപയോഗിച്ച് നമ്മൾ പഠിച്ച കാര്യങ്ങളോ, നിർമിക്കുന്ന ഉൽപന്നങ്ങളോ കമ്പനികൾ വാങ്ങുമെന്നാണു പ്രചരിപ്പിക്കുക. ഡേറ്റാ എൻട്രി ജോലി തുടങ്ങുന്നതിനു മുൻപ് അവർക്ക് ഡെപ്പോസിറ്റായി ഒരു തുക നൽകണം. പക്ഷേ നമ്മൾ ജോലി ചെയ്ത് ഉൽപന്നങ്ങൾ നൽകുമ്പോൾ അതിനു ഗുണനിലവാരം ഇല്ലെന്നാകും പരാതി. അല്ലെങ്കിൽ ഡേറ്റാ എൻട്രി ചെയ്തവയിൽ തെറ്റുകൾ കൂടുതലാണെന്നും പണം നൽകാനാവില്ലെന്നും പരാതി പറയും. ഇവിടെയും ചെറിയ തുകകൾ ആയതിനാൽ ആരും പൊലീസിൽ പരാതിപ്പെടില്ലെന്നതു തട്ടിപ്പുകാർക്കു സൗകര്യമാകുന്നു.

കുരുക്കിൽ വീഴാതിരിക്കുക മാത്രം പോംവഴി

ഇവരെ പിടികൂടാൻ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും സൈബർ സെല്ലിനു കഴിയുന്നില്ല. കാരണം വിളിവരുന്നത് ഒരിക്കലും കേരളത്തിൽ നിന്നല്ല, നാട്ടിലെ നമ്പരുകൾ ഉപയോഗിച്ചു നിർമിക്കുന്ന വാട്സാപ് അക്കൗണ്ടുകളിൽ നിന്നോ മറ്റ് ആപ്പുകളിൽ നിന്നോ ആണ്. വ്യാജ ഐഡികൾ ഉപയോഗിച്ചു നിർമിച്ച നമ്പരുകളായതിനാൽ പിടിയിലാകുന്നത് ഏതെങ്കിലും പാവപ്പെട്ടവൻ. മരിച്ചു പോയവരുടെ ഐഡി ഉപയോഗിച്ച് ഫോൺ കണക്‌ഷനെടുത്തു തട്ടിപ്പു നടത്തുന്നതും പതിവ്. തട്ടിപ്പുകാരുടെ കുരുക്കിൽ വീഴാതിരിക്കുക എന്നതു മാത്രമാണു പൊലീസിനു നിർദേശിക്കാനുള്ള പോംവഴി.

ഒരേ ചൂണ്ടയിൽ നിരവധിപ്പേർ

കഴിഞ്ഞ ദിവസം കൊറിയർ ചാർജ് തട്ടിപ്പ് വാർത്ത പുറത്തു വന്നതോടെ സമാന രീതിയിൽ പറ്റിക്കപ്പെട്ട നിരവധിപ്പേരാണ് ഇമെയിലിലൂടെ ബന്ധപ്പെട്ടത്. പലരും കേരളത്തിൽ നിന്നാണു പറ്റിക്കപ്പെട്ടതെങ്കിൽ ഗൾഫ് രാജ്യങ്ങളിൽ നിന്നു പോലും തട്ടിപ്പിന് ഇരയായവരുണ്ട്. ഒരു ഫോൺകോളിൽ പരിചയപ്പെടുന്നവരെ വിശ്വസിച്ച് എടുത്തുചാടി പണം ബാങ്കിലിട്ടവർക്ക് അതു നഷ്ടമായി എന്നല്ലാതെ തിരിച്ചുപിടിക്കാൻ മറ്റൊരു വഴികളുമില്ല. അതു പോലെ തന്നെ പണം അക്കൗണ്ടിൽ വന്നു എന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം സാധനം അയച്ചു തരാം എന്നു നിർബന്ധം പറഞ്ഞവരും അനുഭവം പങ്കുവച്ചു. പണം അക്കൗണ്ടിൽ വരുമെന്നു പറഞ്ഞതല്ലാതെ പണം വന്നില്ലെന്നു മാത്രമല്ല, അവരുടെ തട്ടിപ്പിൽ കുരുങ്ങുന്നില്ല എന്നു തോന്നിയവരെ പിന്നെ ബന്ധപ്പെടാതിരിക്കുന്നതായും ചിലർ പറയുന്നു.

തട്ടിപ്പിൽ ഇരകളാകാതിരിക്കാൻ

തട്ടിപ്പുകാരുടെ വാക്ചാതുര്യത്തിൽ കുരുങ്ങിയാണു പലരും ഇരകളാക്കപ്പെടുന്നത്. തട്ടിപ്പിനെത്തുന്ന ആൾ പറയുന്നതു സത്യമാണെന്നു വരുത്താൻ എല്ലാ തന്ത്രങ്ങളും ഉപയോഗിക്കും. നമ്മൾ മണ്ടൻമാരായതിനാലാണു പറയുന്നതു മനസിലാകാത്തത് എന്നുവരെ പറഞ്ഞു കളയും. ഇവിടെ എല്ലാം സാമാന്യയുക്തി ഉപയോഗിക്കുക എന്നതാണു ഏക പോംവഴി. അല്ലെങ്കിൽ നിങ്ങൾക്കു വിശ്വാസമുള്ള, ഓൺലൈൻ ഇടപാടുകളിൽ മുൻപരിചയമുള്ളവരുടെ ഉപദേശം തേടുന്നതു നന്നായിരിക്കും.

സ്വകാര്യ വിവരങ്ങൾ പരസ്യമാക്കാതിരിക്കുക

എടിഎം കാർഡും ക്രെഡിറ്റ് കാർഡുമെല്ലാം അലസമായി ഉപയോഗിക്കാതെ ഗൗരവമായി കൈകാര്യം ചെയ്യണം. വേസ്റ്റുകൾ കളയുമ്പോൾ അതിൽ പെട്ടാൽ പോലും നമ്മൾ തട്ടിപ്പിനിരയായേക്കാം. ക്രെഡിറ്റ്കാർഡിനും സമാന വിവരങ്ങൾക്കുമായി വേസ്റ്റ് ബിന്നുകളിൽ പരതുന്ന തട്ടിപ്പുകാരുമുണ്ട്. അനാവശ്യമായി ആപ്പുകളിലും മറ്റും സ്വന്തം ബാങ്കിങ് വിവരങ്ങളോ ക്രെഡിറ്റ്കാർഡ് വിവരങ്ങളോ നൽകാതിരിക്കുക എന്നതാണു ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം.

പരസ്യസ്ഥലത്തുള്ള ഇടപാടുകൾ മാത്രം

ഉപയോഗിച്ച സാധനങ്ങൾ വിൽക്കുകയും വാങ്ങുകയും ചെയ്യുമ്പോൾ അതിനൊരു രഹസ്യ സ്വഭാവത്തിന്റെ ആവശ്യമില്ല. അങ്ങനെ രഹസ്യമായി എന്തെങ്കിലും ചെയ്യാൻ നിർദേശം ലഭിക്കുന്നുണ്ടെങ്കിൽ അതിൽ തട്ടിപ്പുണ്ടെന്ന് ഉറപ്പിക്കാം. സാധനങ്ങൾ നേരിൽ കണ്ടതിനുശേഷം മാത്രം വില പറയുകയും സാധനങ്ങൾ വാങ്ങുകയും ചെയ്യണം. ഇത് ഇത്തരം സൈറ്റുകളുടെ ടേംസ് ആൻഡ് കണ്ടിഷൻസിൽ തന്നെ പറയുന്നുണ്ട്.

എളുപ്പത്തിൽ പണം ഉണ്ടാക്കാമോ?

എളുപ്പത്തിൽ പണമുണ്ടാക്കാം എന്ന് ആരു പറഞ്ഞാലും ‍വിശ്വസിക്കരുത്. അതിനു കുറുക്കുവഴികളില്ല. കഠിനാധ്വാനവും സത്യസന്ധമായ ബിസിനസുകളുമല്ലാതെ വേഗത്തിൽ പണം ഉണ്ടാക്കാനാവില്ല എന്നതാണു വസ്തുത. മണി ചെയിനുകളും എടുക്കാത്ത ലോട്ടറിയുമെല്ലാം സമ്പന്നനാക്കുന്നതു നമ്മളെ ആയിരിക്കില്ല. തട്ടിപ്പുകാരെ ആയിരിക്കും. അറിയുന്നവരോ ബന്ധമുള്ളവരോ അല്ലാതെ പണമുണ്ടാക്കാൻ സഹായിക്കാം എന്നു പറഞ്ഞ് ആരു വന്നാലും തട്ടിപ്പാണെന്നു തിരിച്ചറിയണം. പണം നഷ്ടപ്പെടുന്നതിനു മുൻപ് ഇതു സംബന്ധിച്ച വിവരം പൊലീസിനു കൈമാറിയിട്ടും ഉണ്ടാകണം. അല്ലെങ്കിൽ ഇവർ ഈ സമയം മറ്റൊരാളെ തട്ടിക്കാൻ ചൂണ്ട കോർക്കുകയായിരിക്കും.

related stories