Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലപ്പുറത്ത് ദേശീയ പാതയില്‍ ടാങ്കര്‍ ലോറി മറിഞ്ഞു; ജാഗ്രതാ നിര്‍ദേശം

malappuram-gas-tanker-1 ദേശീയ പാതയിൽ പാണമ്പ്ര വളവിൽ മറിഞ്ഞ പാചക വാതക ടാങ്കറിലെ വാതകം മറ്റൊരു ടാങ്കറിലേക്കു മാറ്റുന്നു. ചിത്രം: ഷാജി ചേലേമ്പ്ര

മലപ്പുറം∙ ദേശീയ പാതയിൽ പാണമ്പ്ര വളവിൽ ടാങ്കര്‍ ലോറി മറിഞ്ഞു വാതകം ചോര്‍ന്നു. പുലര്‍ച്ചെയാണ് അപകടമുണ്ടായത്. ചേളാരി ഐഒസി പ്ലാന്റിലേക്കുള്ള ബുള്ളറ്റ് ടാങ്കറാണു റോഡരികിലെ താഴ്‌ചയിലേക്കു മറിഞ്ഞത്. ദ്രവരൂപത്തിലുള്ള  18 ടൺ എൽപിജി ഏഴ് ടാങ്കറുകളിലേക്കു മാറ്റിനിറച്ച് ചേളാരി ഐഒസി പ്ലാന്റിൽ എത്തിച്ചു. ബാഷ്പ എൽപിജി പരക്കുന്നതു തടയാനുള്ള ശ്രമം തുടരുന്നു. വൈകിട്ട് നാലിന് നടപടികൾ പൂർത്തിയാക്കാനാകുമെന്നു പ്രതീക്ഷ. 

അരക്കിലോമീറ്റര്‍ ചുറ്റളവില്‍ ജാഗ്രതാ നിര്‍ദേശം പ്രഖ്യാപിച്ചിട്ടുണ്ട്. വീടുകളില്‍ തീ കത്തിക്കരുതെന്നു കര്‍ശന നിര്‍ദേശം നല്‍കി. പ്രദേശത്തെ വൈദ്യുതി ബന്ധം വിഛേദിച്ചു. വാതക ചോരുന്നതിന്റെ ശക്തി കുറയ്ക്കാനായി ആറിടങ്ങളില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് സംഘങ്ങള്‍ ടാങ്കറിലേക്കു വെളളം പമ്പ് ചെയ്തു. ഇതോടൊപ്പമാണു ചോര്‍ച്ച അടയ്ക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നത്. സമീപത്തു തന്നെ ഐഒസി പ്ലാന്റ് ഉള്ളതിനാല്‍ ഉടന്‍ തന്നെ വിദഗ്ധ സംഘത്തിനു സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനായി.

malappuram-gas-tanker ദേശീയ പാതയിൽ പാണമ്പ്ര വളവിൽ മറിഞ്ഞ പാചക വാതക ടാങ്കറിലെ വാതകം മറ്റൊരു ടാങ്കറിലേക്കു മാറ്റുന്നു. ചിത്രം: ഷാജി ചേലേമ്പ്ര

പൊലീസും റവന്യൂ ഉദ്യോഗസ്ഥരും ഉച്ചഭാഷിണിയിലൂടെ മുന്നറിയിപ്പു നല്‍കുകയും വീടുകള്‍ കയറിയിറങ്ങി വിവരം അറിയിക്കുകയും ചെയ്തു. ദേശീയ പാതയിലൂടെയുള്ള ഗതാഗതം വഴിതിരിച്ചുവിട്ടു. തൃശൂര്‍ ഭാഗത്തേക്കുള്ള വലിയ വാഹനങ്ങള്‍ രാമനാട്ടുകര ജങ്ഷനില്‍നിന്നും ചെറിയ വാഹനങ്ങള്‍ കാക്കഞ്ചേരിയില്‍നിന്നും വഴിതിരിച്ചു വിടുകയാണ്.