Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുമാരസ്വാമി കലാപം ഉണ്ടാക്കുന്നുവെന്ന് ബിജെപി: കലുഷിതമായി കർണാടക രാഷ്ട്രീയം

bs-yeddyurappa-hd-kumaraswamy കർണാടക ബിജെപി അധ്യക്ഷൻ ബി.എസ്. യെഡിയൂരപ്പ, മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി

ബെംഗളുരു∙ കർണാടകയിൽ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയും ബിജെപി നേതൃത്വവും തമ്മിലുള്ള പോര‌ു മുറുകുന്നു. സർക്കാരിനെ മറിച്ചിടാനുള്ള ബിജെപിയുടെ നീക്കങ്ങൾക്കെതിരെ ജനകീയ പ്രതിഷേധം ഉയർത്താന്‍ ആവശ്യപ്പെടുമെന്ന കുമാരസ്വാമിയുടെ പ്രസ്താവനയാണ് ബിജെപിയെ ചൊടിപ്പിച്ചത്. കുമാരസ്വാമിയുടെ അതേരീതിയിൽ തന്നെ മറുപടി നൽകുന്നതിനാണ് കർണാടകയിലെ പ്രതിപക്ഷമായ ബിജെപിയുടെ നീക്കം. ഇതേച്ചൊല്ലി കുമാരസ്വാമിയും ബിജെപി സംസ്ഥാന അധ്യക്ഷൻ ബി.എസ്. യെഡിയൂരപ്പയും തമ്മിലുള്ള വാഗ്വാദവും തുടരുകയാണ്.

മുഖ്യമന്ത്രിക്കെതിരെ ബിജെപി നേതാക്കൾ ഗവർണർ വാജുഭായ് വാലയെ സമീപിച്ചിട്ടുണ്ട്. ഭരണഘടനാപരമായ ഉന്നതസ്ഥാനത്തിരിക്കെ പരസ്യമായി നിയമ വിരുദ്ധമായി പ്രവർത്തിച്ച മുഖ്യമന്ത്രിയെ പുറത്താക്കണമെന്നു നേതാക്കൾ ആവശ്യപ്പെട്ടു. എന്നാൽ ഇതു സംബന്ധിച്ച് ഗവര്‍ണർ കേന്ദ്രസർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചതായും സൂചനയുണ്ട്. കേന്ദ്രനിർദേശത്തിനായി ഗവർണർ കാത്തിരിക്കുകയാണ്. സർക്കാരിനെ സംരക്ഷിക്കുന്നതിനായി ഇനിയും ജനങ്ങളെ പ്രകോപിപ്പിച്ചാൽ കുമാരസ്വാമി പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ബിജെപി നേതാവ് ശോഭ കരന്തലജെ മുന്നറിയിപ്പ് നൽകി.

ഇന്നലെ കുറച്ചുപേർ ബിജെപി അധ്യക്ഷൻ യെഡിയൂരപ്പയുടെ വീട് ആക്രമിച്ചു. ബിജെപിയുടെ എംഎൽഎമാർ ചേർന്നാണ് അദ്ദേഹത്തെ രക്ഷിച്ചത്. തീര്‍ത്തും ഞെട്ടലുളവാക്കുന്ന കാര്യമാണിത്– ശോഭ വ്യക്തമാക്കി. രാജ്യ ചരിത്രത്തിൽ തന്നെ അനുയായികളെ കലാപമുണ്ടാക്കാൻ പരസ്യമായി പ്രേരിപ്പിക്കുന്ന ആദ്യ രാഷ്ട്രീയക്കാരൻ കുമാരസ്വാമിയായിരിക്കുമെന്ന് ബിജെപി ആരോപിച്ചു. അത്തരം ആൾക്കാർ കർണാടകയ്ക്ക് അപമാനമാണ്. രാജ്യസുരക്ഷയ്ക്കു ഭീഷണിയാണെന്നും ബിജെപി ട്വിറ്ററില്‍ അറിയിച്ചു.

അതേസമയം എന്തുവില കൊടുത്തും സർക്കാരിനെ പിടിച്ചുനിർത്തണമെന്നാണ് കോൺഗ്രസ് നേതാക്കൾക്ക് രാഹുൽ ഗാന്ധി നല്‍കിയിരിക്കുന്ന നിർദേശം. മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യയും കെപിസിസി പ്രസിഡന്റ് ദിനേഷ് ഗുണ്ഡ്റാവുവും വെള്ളിയാഴ്ച ബെംഗളുരുവിൽ അടിയന്തര യോഗം ചേർന്നു. എംഎൽഎമാർ മറുകണ്ടം ചാടുന്നത് ഒഴിവാക്കുന്നതിനുള്ള തന്ത്രങ്ങളായിരുന്നു മുഖ്യ അജൻഡ. ജെഡ‍ിഎസ്, കോൺഗ്രസ് നിയമസഭാംഗങ്ങൾക്കു കോടികളും പാർട്ടി സ്ഥാനങ്ങളും വാഗ്ദാനം ചെയ്താണ് ബിജെപി പ്രലോഭിപ്പിക്കുന്നതെന്ന് കോൺഗ്രസ് നേതൃത്വം ആരോപിക്കുന്നു. 37 എംഎല്‍എമാരെയും വിളിച്ചുകൂട്ടി ബിജെപിയുടെ വാഗ്ദാനങ്ങളിൽ വീഴരുതെന്ന് അഭ്യർഥിക്കാൻ ജെഡിഎസും പ്രത്യേക യോഗം വിളിക്കുന്നുണ്ട്.

related stories