Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റഷ്യൻ യുദ്ധവിമാനങ്ങൾ വാങ്ങിയ ചൈനയ്ക്ക് ഉപരോധവുമായി യുഎസ്; ഇന്ത്യയ്ക്ക് ആശങ്ക

Sukhoi-Su-30 സുഖോയ് വിമാനം (ഫയൽ ചിത്രം)

വാഷിങ്ടൻ∙ റഷ്യയിൽനിന്നു യുദ്ധവിമാനങ്ങളും മിസൈലുകളും വാങ്ങിയ ചൈനയുടെ സൈനിക സ്ഥാപനത്തിനു സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി യുഎസ്. റഷ്യക്കുമേൽ സമ്മർദം ശക്തമാക്കാനുള്ള നടപടികളുടെ ഭാഗമായാണ് ഉപരോധം. ചൈനയ്ക്കുമേലാണ് ഉപരോധമെങ്കിലും ആത്യന്തികലക്ഷ്യം റഷ്യ തന്നെയാണെന്നു യുഎസ് ഭരണകൂടത്തിലെ ഉന്നതർ അഭിപ്രായപ്പെട്ടു.

സുഖോയ് എസ്‌യു–35 വിമാനങ്ങളും കരയിൽനിന്നു വായുവിലേക്ക് അയക്കാൻ പര്യാപ്തമായ എസ്–400 മിസൈൽ പ്രതിരോധ സംവിധാനവും റഷ്യയിൽനിന്നു വാങ്ങിയതിനാണു ചൈനീസ് പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള എക്യുപ്മെന്‍റ് ഡെവലപ്മെന്റ് ഡിപാർട്ടുമെന്‍റിന് (ഇഡിഡി) ഉപരോധം ഏർപ്പെടുത്തിയതെന്നു യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് വ്യക്തമാക്കി. ഇതാദ്യമായാണു റഷ്യയല്ലാതെ മറ്റൊരു രാഷ്ട്രത്തിനുമേൽ ‘കാറ്റ്സാ ഉപരോധം’ (കൗണ്ടറിങ് അമേരിക്കാസ് അഡ്വേസറീസ് ത്രൂ സാക്‌ഷൻ ആക്ട്) ഏർപ്പെടുത്തുന്നത്. യുഎസിന്‍റെ ശത്രുക്കളെ ഉപരോധത്തിലൂടെ ചെറുക്കാൻ അധികാരം നൽകുന്നതാണ് ഈ നിയമം.

സിറിയൻ യുദ്ധത്തിൽ അസദ് ഭരണകൂടത്തെ സഹായിക്കുന്നതിനാൽ‌ കാറ്റ്സയുടെ കരിമ്പട്ടികയിലുള്ള, റഷ്യയിലെ പ്രധാന ആയുധ കയറ്റുമതിക്കാരായ റോസോബോറൻ എക്സ്പോർട്ടുമായി സഹകരിച്ചതിനാണ് ഇഡിഡിക്കും ഡയറക്ടർ ലിഷാങ് ഫുവിനും ഉപരോധം ഏർപ്പെടുത്തിയിട്ടുള്ളത്. റഷ്യയിൽനിന്നു പ്രതിരോധ ഉപകരണങ്ങള്‍ വാങ്ങുന്ന രാജ്യങ്ങൾക്കുമേൽ ഉപരോധം ഏർപ്പെടുത്താനുള്ള യുഎസ് തീരുമാനം ഇന്ത്യയ്ക്കും ആശങ്ക ഉളവാക്കുന്നതാണ്. ഇന്ത്യയിലെ പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട 60 ശതമാനം ഇറക്കുമതിയും റഷ്യയിൽനിന്നാണ്.