Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രധാനമന്ത്രി അമിതോത്സാഹം കാട്ടി: ഇമ്രാനെതിരെ പാക്ക് പ്രതിപക്ഷം

Imran Khan പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ

ഇസ്‍ലാമാബാദ്∙ ഇന്ത്യയുമായുള്ള സമാധാന ചർച്ചകൾ തടസ്സപ്പെട്ടതോടെ പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്ന കാര്യത്തിൽ ഇമ്രാൻ ഖാൻ തിടുക്കം കാട്ടിയെന്നും നയതന്ത്ര മേഖലയിലെ പതനത്തിനു പ്രധാനമന്ത്രിയാണ് ഉത്തരവാദിയെന്നും പ്രതിപക്ഷ കക്ഷികൾ ആരോപിച്ചു. ഇന്ത്യയുമായുള്ള ചർച്ചകൾക്കു മുന്‍പു പ്രധാനമന്ത്രി ഗൃഹപാഠം ചെയ്തില്ലെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.

പാക്കിസ്ഥാൻ മുസ്‍ലിം ലീഗ്– നവാസ് (പിഎംഎൽ–എൻ), പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) കക്ഷികളാണ് ഇമ്രാൻ ഖാനെതിരെ രംഗത്തെത്തിയത്. ഇമ്രാൻ ഖാൻ‌ ഇന്ത്യയ്ക്കയച്ച കത്തിൽ പാക്ക് ഭീകരവാദത്തെക്കുറിച്ചു ചർച്ച ചെയ്യാൻ തയാറാണെന്ന് എഴുതിയത് ശരിയായില്ലെന്നു മുൻ വിദേശകാര്യ മന്ത്രി ഖ്വാജ ആസിഫ് മുഹമ്മദ് പറഞ്ഞു. ചർച്ചകള്‍ക്കായി പ്രധാനമന്ത്രി അമിതോത്സാഹം കാട്ടിയതു പാക്കിസ്ഥാന്റെ ഭാഗത്തെ ദൗർബല്യം തുറന്നുകാട്ടി. ഇന്ത്യ– പാക്കിസ്ഥാൻ ബന്ധം സാധാരണ രീതിയിലാക്കുന്നതിന് എതിരല്ല. പക്ഷേ, അന്തസ്സ് നിലനിർത്തണമായിരുന്നെന്നും ആസിഫ് ചൂണ്ടിക്കാട്ടി.

അടുത്തിടെ യുഎസും ഇന്ത്യയും പാക്കിസ്ഥാനെതിരെ സംയുക്ത പ്രസ്താവന ഇറക്കിയിരുന്നു. ഇരു രാഷ്ട്രങ്ങളും എല്ലാ തരത്തിലുള്ള ആരോപണങ്ങളും പാക്കിസ്ഥാനെതിരെ ഉന്നയിച്ചിട്ടുണ്ട്. എന്നിട്ടും കത്തിൽ തീവ്രവാദത്തെക്കുറിച്ചു സംസാരിക്കുന്നു. പാക്കിസ്ഥാന്റെ ഭാഗത്താണു ദൗർബല്യം എന്നതിനു തെളിവാണിത്– ആസിഫ് പറഞ്ഞു. പിപിപി ഉപാധ്യക്ഷൻ ഷെറി റഹ്മാനും ഇമ്രാൻ ഖാനെതിരെ വിമർശനമുന്നയിച്ചു.

ഭീകരവാദം, കശ്മീർ വിഷയങ്ങളിൽ ഇന്ത്യയുമായി ചർ‌ച്ചകൾക്കു തയാറാണെന്നു പാക്ക് പൊതുതിരഞ്ഞെടുപ്പ് ഫലം വന്നയുടനെ ഇമ്രാൻ ഖാൻ പ്രഖ്യാപിച്ചിരുന്നു. ചർച്ചകൾ വീണ്ടും തുടങ്ങണമെന്നാവശ്യപ്പെട്ടു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തച്ചു. യുഎൻ പൊതുസഭയ്ക്കു മുന്നോടിയായി ഇന്ത്യ–പാക്ക് വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ചയ്ക്കു സാഹചര്യമൊരുങ്ങി. കശ്മീരിൽ മൂന്നു പൊലീസ് ഉദ്യോഗസ്ഥരെ ഭീകരർ അതിക്രൂരമായി കൊലപ്പെടുത്തിയതോടെ ചർച്ച വേണ്ടെന്ന് ഇന്ത്യ തീരുമാനിച്ചു. കശ്മീരിൽ കൊല്ലപ്പെട്ട ഭീകരൻ ബുർഹാൻ വാനിയുടെ പേരിൽ പാക്കിസ്ഥാൻ സ്റ്റാംപ് പുറത്തിറക്കിയതും ഇന്ത്യയെ പ്രകോപിപ്പിച്ചു.

related stories