Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കമാൻഡർ അഭിലാഷ് ടോമിയെ കപ്പലിലേക്കു മാറ്റി; സുരക്ഷിതനെന്ന് നാവികസേന

Abhilash Tomy തുരീയ പായ്‌വഞ്ചിക്കുള്ളില്‍ അഭിലാഷ് ടോമി. ഗോള്‍ഡന്‍ ഗ്ലോബ് റേസ് ആരംഭിക്കുന്നതിനു മുമ്പ് സംഘാടകര്‍ നടത്തിയ ഫോട്ടോഷൂട്ടിനിടെ എടുത്ത ചിത്രം.

ന്യൂഡൽഹി∙ ഗോൾഡൻ ഗ്ലോബ് പായ്‌വഞ്ചി പ്രയാണത്തിനിടെ ഇന്ത്യൻ മഹാസമുദ്രത്തിൽ അപകടത്തിൽപെട്ട മലയാളി നാവികൻ കമാൻഡർ അഭിലാഷ് ടോമിയെ (39) രക്ഷിച്ചു. ഫ്രഞ്ച് കപ്പൽ ‘ഒസിരിസ്’ ആണ് അഭിലാഷിനെ രക്ഷിച്ചത്. സ്ട്രെച്ചറിൽ അഭിലാഷിനെ ഫ്രഞ്ച് കപ്പലിലേക്കു മാറ്റി. അദ്ദേഹം സുബോധത്തിലാണെന്നും സുരക്ഷിതനാണെന്നും നാവികസേന വക്താവ് ക്യാപ്റ്റൻ ഡി.കെ.ശർമ പറഞ്ഞു. അഭിലാഷിനൊപ്പം മൽസരിച്ച ഗ്രെഗറിനെയും രക്ഷിക്കും.

അഭിലാഷ് ടോമിയെ ഇലെ ആംസ്റ്റംഡാം എന്ന ദ്വീപിലേക്ക് വൈകിട്ടോടെ എത്തിക്കുമെന്ന് പ്രതിരോധമന്ത്രി നിർമല സീതാരാമനും പറഞ്ഞു. വിദഗ്ധ ചികിൽസ ലഭ്യമാക്കുന്നതിനായി ഇന്ത്യൻ കപ്പലായ ഐഎൻഎസ് സത്പുരയിൽ മൗറീഷ്യസിലേക്കു മാറ്റുമെന്നും അവർ ട്വീറ്റ് ചെയ്തു.

എട്ടു മീറ്ററോളം ഉയരത്തിലുള്ള തിരമാലകളും ശക്തമായ കാറ്റുമാണു രക്ഷാദൗത്യം വൈകിപ്പിച്ചത്. ഇലെ ആംസ്റ്റംഡാം എന്ന ദ്വീപിലേക്കാണ് അഭിലാഷിനെ ആദ്യമെത്തിക്കുക. ഇവിടെ വിശദ പരിശോധനകൾക്കു വിപുലമായ സജ്ജീകരണങ്ങൾ ഒരുക്കി. ഓസ്ട്രേലിയയിലേക്കു പോകുമെന്ന് അഭിലാഷിന്റെ പിതാവ് ടോമി അറിയിച്ചു. മകൻ ബോധവാനാണെന്നു പറഞ്ഞ ടോമി, അഭിലാഷ് ക്ഷീണിതനാണെന്നും ശരീരം ജലാംശം ഇല്ലാത്ത അവസ്ഥയിലാണെന്നും കൂട്ടിച്ചേർത്തു.

abhilash-tomy-father അഭിലാഷ് ടോമിയുടെ അച്ഛൻ ലഫ്റ്റ്നന്റ് കമാൻഡർ ചാക്കോ ടോമി കൊച്ചി ഉദയംപേരൂരിലുള്ള വസതിയിൽ. ചിത്രം: ഇ.വി. ശ്രീകുമാർ

Read more at: ഗോൾഡൻ ഗ്ലോബ് റേസ്: സാഹസികതയുടെ അവസാന വാക്ക്

Read more at: നക്ഷത്രങ്ങളെ നോക്കി സാഹസിക യാത്ര; അഭിലാഷ് നിസ്സാരക്കാരനല്ല, ഈ യാത്രയും

Read In English: Abhilash Tomy, Thuriya and the Golden Globe Race | In graphics

Abhilash-s-Boat ‌അഭിലാഷ് ടോമിയുടെ വഞ്ചി പായ്മരങ്ങൾ തകർന്ന് കടലിൽ അപകടത്തിൽപ്പെട്ടനിലയിൽ. ഇന്ത്യൻ നാവികസേനയുടെ നിരീക്ഷണ വിമാനം പകർത്തിയ ചിത്രം.

ഓസ്ട്രേലിയൻ തീരമായ പെർത്തിൽനിന്ന് 3704 കിലോമീറ്റർ അകലെ, പായ്മരങ്ങൾ തകർന്ന്, പ്രക്ഷുബ്ധമായ കടലിൽ വൻതിരമാലകളിൽ ഉലയുന്ന നിലയിലായിരുന്നു അഭിലാഷിന്റെ ‘തുരീയ’ പായ്‌വഞ്ചി. അഭിലാഷിന്റെ വഞ്ചിക്ക് 266 കിലോമീറ്റർ അരികിൽ ‘ഒസിരിസ്’ എത്തിയെങ്കിലും കാലാവസ്ഥ മോശമായതിനാൽ മണിക്കൂറിൽ എട്ടു കിലോമീറ്റർ വേഗത്തിൽ മാത്രമേ സഞ്ചരിക്കാനായുള്ളൂ.

നടുവിനു പരുക്കേറ്റ് അനങ്ങാനാവാത്ത സ്ഥിതിയിലാണെന്നും വഞ്ചിയിലുണ്ടായിരുന്ന ഐസ് ടീ കുടിച്ചതു മുഴുവൻ ഛർദിച്ചെന്നും അഭിലാഷ് സന്ദേശമയച്ചു. കാൽവിരലുകൾ അനക്കാം. എന്നാൽ, ദേഹത്താകെ നീരുണ്ട്. പായ്‌വഞ്ചിയിലെ ആശയവിനിമയ ഉപകരണങ്ങളുടെ ചാർജ് കഴിയാറായി– സന്ദേശത്തിൽ പറയുന്നു.

ശനിയാഴ്ച ചെന്നൈയിലെ ആർക്കോണത്തുനിന്നു പുറപ്പെട്ട നാവികസേനയുടെ ദീർഘദൂര നിരീക്ഷണ വിമാനം പായ്‌വഞ്ചിയുടെ സ്ഥാനം കൃത്യമായി കണ്ടെത്തി ചിത്രങ്ങളും വിഡിയോയും പകർത്തി. പ്രക്ഷുബ്ധമായ കടലിൽ, പായ്മരങ്ങൾ ഒടിഞ്ഞ് ഒരു വശത്തേക്കു വീണു കിടക്കുകയാണ് ‘തുരീയ’. മേഘാവൃതമായ ഇവിടെ, വിമാനം വളരെ താഴ്ന്നു പറക്കുമ്പോൾ മാത്രമേ സമുദ്രോപരിതലം കാണുന്നുള്ളൂ. കനത്ത മഴയും മണിക്കൂറിൽ 55 കിലോമീറ്റർ വേഗത്തിൽ കാറ്റുമുണ്ട്; 4 മീറ്റർ വരെ ഉയരത്തിൽ തിരമാലകളും. ഇത് 6 മീറ്റർ വരെ ഉയർന്നേക്കാം.

രാജ്യാന്തര കപ്പൽച്ചാലിൽനിന്ന് ഏറെ അകലെ ഒറ്റപ്പെട്ട മേഖലയായതുകൊണ്ടാണു രക്ഷാപ്രവർത്തനം വൈകിയത്. എയർലിഫ്റ്റ് ചെയ്യാൻ കഴിയുന്നതരം വിമാനങ്ങൾക്കും ഹെലികോപ്റ്ററുകൾക്കും കരയിൽനിന്ന് ഇത്ര ദൂരം പറന്നു ദൗത്യം നിർവഹിച്ചു തിരികെയെത്താനുള്ള ഇന്ധനശേഷിയില്ല. അതിനാൽ, കപ്പൽ ഉപയോഗിച്ചുള്ള രക്ഷാദൗത്യം മാത്രമേ സാധ്യമാകൂ.