Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശശിക്കെതിരായ പരാതി: ഒത്തുതീര്‍പ്പിന് ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍; വഴങ്ങാതെ യുവതി

pk-sasi പി.കെ. ശശി (ഫയൽ ചിത്രം)

തൃശൂർ∙ ഷൊർണൂർ എംഎൽഎ പികെ ശശിക്കെതിരായ പീഡന പരാതിയിൽ ഒത്തുതീർപ്പ് ചർച്ചകള്‍ വീണ്ടും സജീവം. മന്ത്രി എ.കെ. ബാലൻ കൈകാര്യം ചെയ്യുന്ന ഒരു വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്‍ പരാതിയൊഴിവാക്കാൻ യുവതിയുമായി ചർച്ച നടത്തിയെന്നാണ് ആക്ഷേപം. അതേസമയം, പാർട്ടി അന്വേഷണ കമ്മിഷൻ ഇന്നു നാലു പാര്‍ട്ടിനേതാക്കളുടെ മൊഴി രേഖപ്പെടുത്തും.

ലൈംഗികപീഡന പരാതിയിൽ ഉറച്ചു നിൽക്കുന്ന യുവതിയെ പിൻതിരിപ്പിക്കാനുള്ള ശ്രമം സിപിഎം ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞ ദിവസം ചില പാർട്ടി നേതാക്കളുടെ നിർദേശ പ്രകാരം പാലക്കാട്ടെ സജീവ സിപിഎം പ്രവർത്തകനും മന്ത്രി എ.കെ. ബാലൻ കൈകാര്യം ചെയ്യുന്ന വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനുമായ ആൾ പരാതിക്കാരിയുടെ വീട്ടിലെത്തി. പരാതിയുടെ വിശദാംശങ്ങൾ ചോദിച്ചറിയുകയാണു ലക്ഷ്യമെന്നു തുടക്കത്തിൽ പറഞ്ഞെങ്കിലും പിന്നീടു കാര്യം വ്യക്തമാക്കി.

ആദ്യം നൽകിയ മൊഴി തിരുത്താനുള്ള അവസരമുണ്ടെന്നും എന്തെങ്കിലും ഇളവു വേണമെന്നുമായിരുന്നു ഉദ്യാഗസ്ഥന്റെ അഭ്യർഥന. എന്നാൽ യുവതി ഒത്തുതീർപ്പിനു വഴങ്ങില്ലെന്നു തീർത്തു പറഞ്ഞതോടെ നിരാശയോടെ ഉദ്യോഗസ്ഥര്‍ മടങ്ങിെയന്നാണു വിവരം. ഇത്തരത്തിലുളള നീക്കങ്ങള്‍ക്കെതിരെ പാര്‍ട്ടിയില്‍ ഒരു വിഭാഗത്തിന് അമര്‍ഷമുണ്ട്. ഇതേ രീതിയിലാണു പാലക്കാട്ടെ ഡിവൈഎഫ്ഐ ജില്ലാ നേതാക്കളും തുടക്കത്തിൽ പരാതി ഇല്ലാതാക്കാൻ ശ്രമിച്ചത്.

അതിനിടെ, പാർട്ടി അന്വേഷണ കമ്മിഷന്റെ മൊഴി രേഖപ്പെടുത്തൽ നടപടികൾ തുടരുകയാണ്. ‌പരാതിക്കാരിയായ യുവതിയും ആരോപണവിധേയനായ പി.കെ. ശശി എംഎൽഎയും കമ്മിഷനു നല്‍കിയ മൊഴിയിൽ പരാമര്‍ശിക്കപ്പെട്ട സംഭവത്തെക്കുറിച്ച് അറിയാവുന്ന നാലു പേരുെട മൊഴിയാണു പ്രധാനമായുളളത്. രണ്ട് ഡിവൈഎഫ്ഐ നേതാക്കളും രണ്ടു സിപിഎം പ്രാദേശിക നേതാക്കളുമാണിത്. ഇവരുടെ മൊഴിയുള്‍പ്പെടെയുളള അന്വേഷണ കമ്മിഷൻ റിപ്പോർട്ടിന്മേൽ ഒരാഴ്ചക്കുള്ളിൽ പാർട്ടി തീരുമാനമുണ്ടാകും. സംഘടനാപരമായ നടപടി മാത്രം മതിയെന്നാണു ചില നേതാക്കളുടെ അഭിപ്രായം.

related stories