Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാക്ക് രഹസ്യാന്വേഷണ ഏജൻസിയുമായി ‘മഹാസഖ്യം’: മോദിക്കും അമിത് ഷായ്ക്കുമെതിരെ കോൺഗ്രസ്

Amit Shah and Narendra Modi പ്രധാനമന്ത്രി നരേന്ദ്രമോദി ബിജെപി അധ്യക്ഷൻ അമിത് ഷായ്ക്കൊപ്പം (ഫയൽ ചിത്രം)

ന്യൂഡൽഹി ∙ പാക്കിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസി ഐഎസ്ഐയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷൻ അമിത് ഷായും മഹാസഖ്യത്തിലാണെന്നു കോൺഗ്രസ്. ദേശതാൽപര്യങ്ങളെയും സുരക്ഷയെയും പ്രധാനമന്ത്രി വഞ്ചിച്ചിരിക്കുകയാണെന്നും കോൺഗ്രസ് മുഖ്യവക്താവ് രൺദീപ് സുർജേവാല കുറ്റപ്പെടുത്തി. പഠാൻകോട്ട് സൈനികത്താവളം സന്ദർശിക്കാൻ ഐഎസ്ഐയെ ക്ഷണിച്ചതിനും അവരിലുള്ള വിശ്വാസം പുനഃസ്ഥാപിച്ചതിനും ഇരുവരും രാഷ്ട്രത്തോടു മാപ്പു പറയണമെന്നും കോൺഗ്രസ് വക്താവ് ആവശ്യപ്പെട്ടു. 

ഇന്ത്യയുടെ പ്രധാനമന്ത്രിയായി ഐഎസ്ഐ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് നരേന്ദ്ര മോദിയെയാണെന്ന, സംഘടനയുടെ മുൻ മേധാവി അസദ് ദുറാനിയുടെ പ്രസ്താവന മോദിക്കും അമിത്ഷായ്ക്കും ഐഎസ്ഐയുമായുള്ള ബന്ധത്തിന്‍റെ ഏറ്റവും വലിയ തെളിവാണ്. ഈ ബന്ധം നിലവിലുള്ളതു കൊണ്ടാണ് പഠാൻകോട്ട് ആക്രമണത്തിന്‍റെ മുഖ്യ ശിൽപികളായ ഐഎസ്ഐയെത്തന്നെ അന്വേഷണത്തിന്‍റെ ഭാഗമായി സർക്കാർ അവിടേക്കു ക്ഷണിച്ചു കൊണ്ടുവന്നത്. പാക്ക് മണ്ണിലെ തീവ്രവാദ കേന്ദ്രങ്ങളിൽ സർജിക്കൽ സ്ട്രൈക്ക് നടത്തിയ സൈനികരുടെ ധീരതയും ശൗര്യവും രാഷ്ട്രീയമുതലെടുപ്പിനായി ഉപയോഗിക്കുന്നതിൽനിന്നു പ്രധാനമന്ത്രിയും ബിജെപിയും വിട്ടുനിൽക്കണമെന്നും സുർജേവാല ആവശ്യപ്പെട്ടു. 

പഠാൻകോട്ട് ആക്രമണം നടത്തിയവരെത്തന്നെ അന്വേഷണത്തിന് അനുവദിച്ചത് എന്തുകൊണ്ടാണെന്നു പ്രധാനമന്ത്രി വ്യക്തമാക്കണം. ആക്രമണത്തെപ്പറ്റി  അന്വേഷിക്കുന്നതിൽ പാക്കിസ്ഥാൻ ആത്മാർഥശ്രമം നടത്തിയിട്ടുണ്ടെന്ന് 2016 മാർച്ച് 30ന് കൊല്‍ക്കത്തയിൽ നടത്തിയ പൊതുസമ്മേളനത്തിൽ അമിത് ഷാ വ്യക്തമാക്കിയിരുന്നു. ഐഎസ്ഐയുമായി ബന്ധമില്ലെങ്കിൽ എന്തിനാണ് പാക്കിസ്ഥാനെ പുകഴ്ത്തിയതെന്ന് ബിജെപി അധ്യക്ഷനാണു വിശദീകരിക്കേണ്ടതെന്നും കോൺഗ്രസ് വക്താവ് കൂട്ടിച്ചേർത്തു. 

related stories