Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുടിൻ അടുത്തയാഴ്ച എത്തും; പ്രതിരോധ കരാറുകളിൽ ഇന്ത്യയ്ക്കു തീരുമാനിക്കാമെന്ന് റഷ്യ

Russia India പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനൊപ്പം

ന്യൂയോർക്ക് ∙ റഷ്യയുമായി 2015 ൽ ഒപ്പുവച്ചിട്ടുള്ള പ്രതിരോധ ഇടപാടുകളിൽ ഏതു രീതിയിലാണു മുന്നോട്ടു പോകേണ്ടതെന്നും ഏതെല്ലാം ആയുധങ്ങളാണ് ആവശ്യമെന്നു തീരുമാനിക്കേണ്ടതും ഇന്ത്യയാണെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോ. റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിൻ അടുത്തയാഴ്ച ഇന്ത്യ സന്ദർശിക്കാനിരിക്കെയാണു വിദേശകാര്യ മന്ത്രി നയം വ്യക്തമാക്കിയത്. റഷ്യ നിർമിച്ച അത്യാധുനിക വ്യോമ പ്രതിരോധ സംവിധാനമായ എസ്–400 സ്വന്തമാക്കാൻ 39,000 കോടി രൂപയുടെ കരാറിൽ 2016 ഒക്ടോബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്‍റും ഒപ്പുവച്ചിരുന്നു. 

നിലവിൽ ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന ഏതെങ്കിലും ഇടപാടുകൾ മാറ്റിവച്ചതായോ തൽക്കാലം നിർത്തിയതായോ അറിയില്ല. നടപ്പിലാക്കുന്ന സമയം സംബന്ധിച്ചും ഒന്നും തന്നെ കേട്ടിട്ടില്ല. ഇക്കാര്യത്തിൽ ഏതു രീതിയിലാണു മുന്നോട്ടു പോകേണ്ടെന്നും തങ്ങൾക്ക് ഏതെല്ലാം ആയുധങ്ങളാണു വേണ്ടതെന്നും ഇന്ത്യ സ്വന്തംനിലയിൽ തീരുമാനം കൈകൊള്ളുമെന്നാണു മനസ്സിലാക്കുന്നതെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി പറഞ്ഞു. റഫാൽ കരാറുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ചു തങ്ങൾക്ക് അറിവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുദ്ധ വിമാനങ്ങൾ വാങ്ങാനായി ഇന്ത്യ നടത്തിയ ലേലത്തിൽ തങ്ങൾ പങ്കാളികളായിരുന്നുവെന്നും എന്നാൽ കരാർ തങ്ങൾ‌ക്കു ലഭിച്ചില്ലെന്നും പിന്നീട് ഇതിൽ എന്തു സംഭവിച്ചെന്ന് അറിയില്ലെന്നുമാണ് ലാവ്റോ പ്രതികരിച്ചത്. 

400 കിലോമീറ്റർ പരിധിയിൽ വരുന്ന 300 ൽപരം ലക്ഷ്യസ്ഥാനങ്ങൾ ഉന്നംവയ്ക്കാനും ഏതാണ്ട് മൂന്നു ഡസനോളം ലക്ഷ്യസ്ഥാനങ്ങൾ ഒരേസമയം വെടിവച്ചിടാനും പ്രാപ്തിയുള്ളതാണ് എസ്–400 മിസൈൽ സംവിധാനം. മറ്റു നിരീക്ഷണ സംവിധാനങ്ങൾക്കു കണ്ടെത്താൻ കഴിയാത്ത ചാരവിമാനങ്ങളുടെ സാന്നിധ്യം പോലും തിരിച്ചറിയാൻ ശേഷിയുള്ളതാണ് ഈ സംവിധാനത്തിനു കീഴിലുള്ള റഡാറുകള്‍. 

അഞ്ച് എസ്–400 മിസൈൽ സംവിധാനത്തിനു പുറമെ 48 എംഐ–17–വി5 ഹെലികോപ്റ്ററുകള്‍, 200 കെഎ-226ടി ഹെലികോപ്റ്ററുകള്‍, നാല് പ്രൊജക്ട് 11356 യുദ്ധക്കപ്പലുകള്‍ എന്നിവ റഷ്യയിൽനിന്നു വാങ്ങാനുള്ള ചർച്ചകൾ പുടിന്‍റെ ഇന്ത്യ സന്ദർശനത്തിനിടെ നടക്കുമെന്നാണു സൂചന. 2017ൽ മോദി റഷ്യ സന്ദർശിച്ചപ്പോഴാണ് ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള അവസാന ഉച്ചകോടി നടന്നത്.