Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുഎസിലേക്ക് അനധികൃതമായി കടന്ന ഇന്ത്യക്കാരുടെ സംഖ്യയിൽ മൂന്നിരട്ടി വർധന

x-default പ്രതീകാത്മക ചിത്രം

വാഷിങ്ടൻ ∙ അനധികൃത കടന്നുകയറ്റത്തിന്‍റെ പേരിൽ യുഎസിൽ ഈ വർഷം ഇതുവരെ അറസ്റ്റിലായ ഇന്ത്യക്കാരുടെ സംഖ്യ മുൻവർഷത്തെ അപേക്ഷിച്ച് മൂന്നിരട്ടിയായതായി യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്‌ഷൻ (സിബിപി). ഓരോ ആളിനും 25,000 ഡോളറിനും 50,000 ഡോളറിനും ഇടയിലുള്ള തുക കള്ളക്കടത്തു സംഘങ്ങൾക്കു നൽകിയാണ് ഇവര്‍ മെക്സിക്കോ അതിർത്തി കടന്ന് എത്തുന്നതെന്ന് സിബിപി വക്താവ് സൽവദോർ സമോറ ചൂണ്ടിക്കാട്ടി.

ന്യായമായ കാരണങ്ങൾ നിരത്തിയാണ് ഇവരിൽ പലരും അഭയത്തിനായി അപേക്ഷിക്കുന്നത്. എന്നാൽ കൃത്രിമ പരാതികളുമായി എത്തുന്ന സാമ്പത്തിക കുടിയേറ്റക്കാരാണ് അധികവും. ഇത്തരം തട്ടിപ്പുകാരുടെ സംഖ്യ വർധിക്കുന്നത് സത്യസന്ധമായ കേസുകൾ പോലും തള്ളിപ്പോകാൻ ഇടയാക്കിയേക്കുമെന്നും ഒരു അഭിമുഖത്തിൽ സമോറ പറഞ്ഞു. 2017ൽ 3,162 ഇന്ത്യക്കാരാണ് അനധികൃതമായി യുഎസിൽ പ്രവേശിച്ചതിന് അറസ്റ്റിലായെങ്കിൽ ഈ വർഷം ഇതുവരെയായി 9000ത്തിലധികം പേർ പിടിയിലായിട്ടുള്ളതായാണ് ഔദ്യോഗിക കണക്കുകൾ.

ഉയർന്ന ജാതിയിൽനിന്നു വിവാഹം കഴിച്ചതിനെ തുടർന്ന് വധ ഭീഷണി നേരിടുന്ന താഴ്ന്ന ജാതിക്കാർ മുതൽ രാഷ്ട്രീയമായി വേട്ടയാടുന്നു പരാതിപ്പെടുന്ന സിഖുകാർ വരെ ഇത്തരത്തിൽ യുഎസിൽ അഭയം തേടുന്ന ഇന്ത്യക്കാരിൽ ഉൾപ്പെടും. 2012–17 കാലഘട്ടത്തിൽ യുഎസിൽ അഭയം തേടിയ ഇന്ത്യക്കാരിൽ 42.2 ശതമാനം പേരുടെയും അപേക്ഷ തള്ളപ്പെട്ടിരുന്നു. മെക്സികാലിയിലെ മൂന്നു മൈൽ നീളമുള്ള അതിർത്തി വഴിയാണ് ഈ വർഷം പിടിയിലായ 4000 ഇന്ത്യക്കാരും യുഎസിൽ പ്രവേശിച്ചതെന്ന് സമോറ പറഞ്ഞു.