Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വേണം രാത്രികാല വിനോദ കേന്ദ്രങ്ങൾ; സാംസ്കാരിക ജീർണതയല്ലെന്ന് കെടിഎം സെമിനാർ

ktm-seminar കേരള ട്രാവൽ മാർട് സെമിനാറിൽ നിന്ന്

കൊച്ചി∙ സംസ്ഥാനത്തെ ടൂറിസം വികസനത്തിന് രാത്രികാല വിനോദ കേന്ദ്രങ്ങൾ വരണമെന്ന് കേരള ട്രാവൽമാർട് സെമിനാറിൽ വിലയിരുത്തൽ. വിനോദ സഞ്ചാര മേഖലയിലെ മാറുന്ന പ്രവണതകൾ എന്ന വിഷയത്തിൽ നടന്ന സെമിനാറിലാണ് ഈ ആവശ്യം ഉയർന്നു വന്നത്. സജീവമായ രാത്രികാല വിനോദകേന്ദ്രങ്ങള്‍ കേരളത്തിലില്ലെങ്കില്‍ സംസ്ഥാനത്തെ ടൂറിസം ഭാവിയില്‍ മരിക്കും. ഇത്തരം കേന്ദ്രങ്ങള്‍ കേരളത്തിലില്ലാത്തതിനാലാണു വിദേശികളായ യുവാക്കള്‍ സംസ്ഥാനത്തേക്കു വരാന്‍ താൽപര്യം കാണിക്കാത്തതെന്നും നവകേരളം കര്‍മപദ്ധതിയുടെ സംസ്ഥാന കോ-ഓര്‍ഡിനേറ്ററും കെടിഡിസി മുന്‍ ചെയര്‍മാനുമായ ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു. 

അധ്വാനം കഴിഞ്ഞാല്‍ വിനോദമെന്നതാണു യുവതലമുറയുടെ തത്വം. അതിന് ആവശ്യമായ സൗകര്യങ്ങള്‍ കേരളത്തിലില്ല. സജീവമായ രാത്രികാല വിനോദോപാധികള്‍ സാംസ്കാരിക ജീര്‍ണതയല്ല. ഉല്ലാസനൗകകള്‍, രാത്രികാല ക്ലബുകള്‍, ആടാനും പാടാനുമുള്ള സൗകര്യങ്ങള്‍ എന്നിവ വരണം. പകല്‍ പ്രകൃതി ഭംഗി ആസ്വദിക്കുന്ന ടൂറിസ്റ്റുകള്‍ക്കു രാത്രിയായാല്‍ മുറിയില്‍ തന്നെ തപസ്സിരിക്കേണ്ട അവസ്ഥയാണുള്ളത്. മരുഭൂമിയായ ഗള്‍ഫ് നാടുകളില്‍ പോലും ടൂറിസം വളര്‍ന്നതു രാത്രികാല ജീവിതമുള്ളതു കൊണ്ടാണ്. ടൂറിസം വികസനത്തിനു കാലോചിതമായ വിഭവങ്ങള്‍ കണ്ടെത്തുകയാണു വേണ്ടതെന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു. രാത്രികാല വിനോദസാധ്യതകള്‍, ഡിജിറ്റല്‍വത്കരണം തുടങ്ങി നിരവധി നിര്‍ദേശങ്ങളാണ് സെമിനാറില്‍ ഉയര്‍ന്നു വന്നത്