Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാക്കിസ്ഥാൻ കൊലയാളികളെ സംരക്ഷിക്കുന്നു: യുഎന്നിൽ സുഷമാ സ്വരാജ്

sushma-swaraj യുഎന്നിൽ പ്രസംഗിക്കുന്ന വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. ചിത്രം: എഎൻഐ ട്വിറ്റർ

ന്യൂയോർക്ക്∙ പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ച് യുഎൻ‌ പൊതുസഭയിൽ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ പ്രസംഗം. ഭീകരതയാണു ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് പറഞ്ഞ അവർ പാക്കിസ്ഥാനെ കടന്നാക്രമിക്കുകയായിരുന്നു. വർഷങ്ങളായി ഇന്ത്യ ഭീകരതയുടെ ഇരയാണ്. ഭീഷണി നേരിടുന്നത് അയൽപ്പക്കത്തുനിന്നാണ്. കൊലയാളികളെ സംരക്ഷിക്കുന്ന രാഷ്ട്രമാണ് പാക്കിസ്ഥാൻ. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ പാക്കിസ്ഥാനിൽ വിലസുകയാണ്. പാക്കിസ്ഥാൻ കൊലയാളികളെ സംരക്ഷിക്കുന്നു. പാക്കിസ്ഥാനുമായുള്ള ചർച്ചകൾ നിർത്തിവച്ചിട്ടുണ്ടെങ്കിൽ അത് അവരുടെ സ്വഭാവം കാരണമാണെന്നും സുഷമാ സ്വരാജ് ആരോപിച്ചു. 

ഭീകരത വ്യാപിപ്പിക്കുന്നതിലെ കഴിവു മാത്രമല്ല പാക്കിസ്ഥാനുള്ളത്. ചെയ്യുന്ന കാര്യങ്ങളെല്ലാം നിഷേധിക്കാനും അവർ വിദഗ്ധരാണ്.  ഒസാമ ബിൻ ലാദനെ കണ്ടെത്തിയത് പാക്കിസ്ഥാനിലാണെന്നതാണ് ഇതിന്റെ ഏറ്റവും വലിയ ഉദാഹരണം. ന്യൂയോർക്ക്, മുംബൈ ഭീകരാക്രമണങ്ങൾ സമാധാനത്തെക്കുറിച്ചുള്ള പ്രതീക്ഷകളെല്ലാം ഇല്ലാതാക്കി. ഇന്ത്യ ഭീകരതയുടെ ഇരയാണ്. ഭീകരവാദത്തിന്റെ വെല്ലുവിളി ഇന്ത്യയ്ക്കെതിരെ ഉയരുന്നത് തൊട്ടപ്പുറത്തെ രാജ്യത്തിൽ നിന്നാണ്‌– പാക്കിസ്ഥാനെ ലക്ഷ്യമാക്കി സുഷമ പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യക്ഷേമ പദ്ധതി ആയുഷ്മാൻ ഭാരത് ഇന്ത്യയിൽ പ്രഖ്യാപിച്ചുകഴിഞ്ഞു. ഇതുപ്രകാരം 50 കോടി ജനങ്ങൾക്കു പ്രതിവർഷം അഞ്ച് ലക്ഷം രൂപവീതം ചികിൽസയ്ക്കായി ലഭിക്കും. ജൻധൻ യോജന പദ്ധതി പ്രകാരം ഇന്ത്യയില്‍ 32.61കോടി ജനങ്ങൾ ബാങ്ക് അക്കൗണ്ടുകൾ തുറന്നു. പ്രകൃതിയെ നശിപ്പിച്ച് വൻവികസനം സ്വന്തമാക്കിയ രാജ്യങ്ങൾക്ക് അവരുടെ ഉത്തരവാദിത്തങ്ങളിൽ നിന്നു പിന്നോട്ടുപോകാനാകില്ല. വലിയ രാജ്യങ്ങൾ ചെറു രാജ്യങ്ങളെ സഹായിക്കണമെന്നും യുഎന്നിൽ സുഷമാ സ്വരാജ് ആവശ്യപ്പെട്ടു.