Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരൊറ്റ ട്വീറ്റ്; ഇലോൺ മസ്കിന്റെ ചെയർമാൻ സ്ഥാനം തെറിച്ചു, രണ്ടു കോടി പിഴയും

elon-musk

വാഷിങ്ടൻ∙ ഇലക്ട്രിക് വാഹന നിർമാണ കമ്പനിയായ ടെസ്‌ലയുടെ ചെയര്‍മാൻ സ്ഥാനത്തു നിന്ന് ഇലോൺ മസ്ക് ഒഴിയുന്നു. കമ്പനി സ്വകാര്യവൽക്കരിക്കുന്നുവെന്ന തരത്തിൽ അനാവശ്യ പ്രസ്താനവകൾ നടത്തി നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ച സംഭവത്തെത്തുടർന്നാണു സ്ഥാനനഷ്ടം. ഇതുമായി ബന്ധപ്പെട്ടുള്ള കേസിൽ ടെസ്‌ലയും മസ്ക്കും രണ്ടു കോടി ഡോളര്‍ വീതം നഷ്ടപരിഹാരവും നൽകണം.

യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മിഷനുമായുള്ള(എസ്ഇസി) ധാരണ പ്രകാരമാണു ചെയർമാൻ സ്ഥാനത്തു നിന്നു മസ്ക് മാറുക. എന്നാൽ സിഇഒ സ്ഥാനത്തു തുടരാനാകും. നിലവിലെ സാഹചര്യത്തിൽ കുറഞ്ഞതു മൂന്നു വർഷത്തേക്കെങ്കിലും മസ്ക് ചെയർമാൻ സ്ഥാനത്തു നിന്നു മാറി നിൽക്കേണ്ടി വരും.

കമ്പനിയുടെ ഓഹരി ഉടമകളെ തൃപ്തിപ്പെടുത്താൻ വേണ്ടിയെങ്കിലും പുറമേ നിന്നു പുതിയ ചെയർമാനെ സ്വീകരിക്കേണ്ടി വരുമെന്നാണു സൂചന. നിലവിൽ കമ്പനി ഇലോൺ മസ്കിനെ ഏറെ ‘നന്ദിയോടെ’ ആശ്രയിക്കുന്നുണ്ടെന്നു വിമർശിക്കുന്ന ഒരു വിഭാഗത്തെ തൃപ്തിപ്പെടുത്താൻ പ്രത്യേകിച്ചും.

ഓഗസ്റ്റ് ഏഴിന് മസ്കിന്റേതായി വന്ന ഒരു ട്വീറ്റാണ് അദ്ദേഹത്തിന്റെ സ്ഥാനം തെറിക്കാനിടയാക്കിയത്. ടെസ്‌ല കമ്പനി സ്വകാര്യവൽക്കരിക്കാൻ പോകുകയാണെന്ന മട്ടിൽ ട്വീറ്റ് ചെയ്തതാണ് ഇദ്ദേഹത്തിനു തിരിച്ചടിയായത്. ടെസ്‍ലയെ ഒരു ഓഹരിക്ക് 420 ഡോളർ എന്ന നിരക്കിൽ പ്രൈവറ്റ് ലിസ്റ്റിങ്ങിലേക്ക് മാറ്റുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ടെന്നായിരുന്നു ട്വീറ്റ്. ഇതിന് ഏകദേശം 7000 കോടി ഡോളർ വേണ്ടി വരുമെന്നും പിന്നീട് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഇതുമായി ബന്ധപ്പെട്ടു ചില കമ്പനികളുമായി ചർച്ചകളിലാണെന്നും അദ്ദേഹം പറഞ്ഞു. സൗദി കമ്പനിയുമായി ചർച്ച നടന്നെന്ന അഭ്യൂഹവും ശക്തമായി. താൻ സിഇഒയായി തുടരുമെന്നും കൈവശമുള്ള ഓഹരികൾ വിൽക്കില്ലെന്നും മസ്ക് വ്യക്തമാക്കിയതോടെ നിക്ഷേപകരും ഇടഞ്ഞു.

നിലവിൽ പബ്ലിക് കമ്പനിയായാണ് ടെസ്‌ല ലിസ്റ്റ് ചെയ്തിരിക്കുന്നത്. സ്വകാര്യവൽക്കരിക്കുന്നതോടെ സാമ്പത്തിക റിപ്പോര്‍ട്ട് ഓരോ പാദത്തിലും പരസ്യപ്പെടുത്തേണ്ടതില്ല എന്നതുൾപ്പെടെയുള്ള ‘ആനുകൂല്യങ്ങൾ’ കമ്പനിക്കു ലഭിക്കുകമായിരുന്നു. 

എസ്ഇസി കേസ് റജിസ്റ്റർ ചെയ്തതിനെത്തുടർന്ന് ഇക്കഴിഞ്ഞ വെള്ളിയാഴ്ച ടെസ്‌ലയുടെ ഓഹരി ഇടിഞ്ഞിരുന്നു. ഓഗസ്റ്റ് ഏഴു മുതൽ ടെസ്‌ലയുടെ ഓഹരി ഇടിഞ്ഞു കൊണ്ടിരിക്കുകയാണ്. ടെസ്‌ലയുടെ തലപ്പത്തു നിന്നു മസ്ക് മാറുകയാണെങ്കിൽ കമ്പനിയുടെ ഓഹരിനിലവാരത്തെ അതു പ്രതികൂലമായി ബാധിക്കുമെന്നും വിദഗ്ധർ മുന്നറിയിപ്പു നൽകിയിട്ടുണ്ട്.