Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മിസോറമിലും കൊഴിഞ്ഞുപോക്കില്‍ കുഴഞ്ഞ് കോണ്‍ഗ്രസ്; യുവനിരയെ അണിനിരത്തും

Congress

ഗുവാഹത്തി∙ മിസോറം നിയമസഭാ തിരിഞ്ഞെടുപ്പിനു തൊട്ടു മുമ്പു മുതിര്‍ന്ന നേതാക്കള്‍ എതിര്‍ചേരിയിലേക്ക് പോകുന്ന സാഹചര്യത്തില്‍ യുവനിരയെ അണിനിരത്തി തിരഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസ്. 40 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ 12 സ്ഥാനാര്‍ഥികളെങ്കിലും പുതുമുഖങ്ങളായിരിക്കുമെന്നു കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി. പ്രായമായ സിറ്റിങ് എംഎല്‍എമാരെ ഒഴിവാക്കി യുവാക്കള്‍ക്കു സീറ്റു നല്‍കാനാണു നീക്കം.

സംസ്ഥാനത്ത് ആദ്യമായി രണ്ടു ഘട്ടത്തിലാണു കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയം നടത്തുന്നത്. നോമിനേഷന്‍ കമ്മിറ്റി സമര്‍പ്പിക്കുന്ന ആദ്യ പട്ടികയില്‍നിന്ന് സ്‌ക്രീനിങ് കമ്മിറ്റി അന്തിമപട്ടിക തയാറാക്കും. സംസ്ഥാനത്ത് ആദ്യമായാണ് സ്‌ക്രീനിങ് കമ്മിറ്റി സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഇടപെടുന്നത്. 70 ശതമാനം സിറ്റിങ് എംഎല്‍എമാര്‍ക്കും സീറ്റ് നല്‍കുമെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി ഭുപേന്‍ ബോറ പറഞ്ഞു. പത്തോളം പേര്‍ 70-80 വയസിനിടയില്‍ പ്രായമുള്ളവരാണ്. മുഖ്യമന്ത്രി ലാല്‍ തന്‍ഹവ്‌ലയ്ക്ക് 76 വയസായി. ഈ സാഹചര്യത്തില്‍ യുവാക്കള്‍ക്ക് അവസരം നല്‍കാന്‍ കഴിയുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും ഭൂപേന്‍ പറഞ്ഞു.

പ്രധാന പ്രതിപക്ഷമായ മിസോ നാഷനല്‍ ഫ്രണ്ടിലേക്ക് (എംഎന്‍എഫ്) നേതാക്കള്‍ പോകുന്നതാണ് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കുന്നത്. മുഖ്യമന്ത്രിയുടെ അടുത്ത അനുയായിയും മുന്‍ ആഭ്യന്തര മന്ത്രിയുമായിരുന്ന ആര്‍ ലാല്‍സിര്‍ലിയാനയെ അടുത്തിടെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയിരുന്നു. ഇദ്ദേഹം മിസോ നാഷണല്‍ ഫ്രണ്ട് സ്ഥാനാര്‍ഥിയായി താവി മണ്ഡലത്തില്‍ മല്‍സരിക്കുകയാണ്. മുന്‍ മന്ത്രി ലാല്‍രിന്‍ലിയാന സയ്‌ലോ അടുത്തിടെ രാജിവച്ച് എംഎന്‍എഫില്‍ ചേര്‍ന്നിരുന്നു.

മൂന്നാം വട്ടവും തുടര്‍ച്ചയായ വിജയം ലക്ഷ്യമിടുന്ന കോണ്‍ഗ്രസ്, 2016-ല്‍ അസമിലും 2017-ല്‍ മണിപ്പൂരിലും 2018-ല്‍ ത്രിപുരയിലും നേരിട്ട അതേ തരത്തിലുള്ള മുതിര്‍ന്ന നേതാക്കളുടെ കൊഴിഞ്ഞുപോക്കാണ് മിസോറാമിലും നേരിടുന്നത്. ഈ മൂന്നു സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ ബിജെപിയിലെത്തിയതാണ് ആദ്യമായി ഭരണത്തിലെത്താന്‍ അവര്‍ക്കു കളമൊരുക്കിയത്. എന്നാല്‍ മിസോറമില്‍ വിമത നേതാക്കള്‍ ബിജെപിയെ ഒഴിവാക്കി എംഎന്‍എഫിലാണു ചേക്കേറുന്നതെന്ന വ്യത്യാസം മാത്രമാണുള്ളത്.

കോണ്‍ഗസിലെ കൊഴിഞ്ഞുപോക്കു നേട്ടമാക്കാനുള്ള ഒരുക്കത്തിലാണ് എംഎന്‍എഫ്. പത്തു വര്‍ഷത്തിനു ശേഷം ഭരണം തിരിച്ചുപിടിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണവര്‍. പത്തോളം സിറ്റിങ് എംഎല്‍എമാര്‍ക്കു കോണ്‍ഗ്രസ് സീറ്റു നിഷേധിക്കുമെന്നാണ് അറിയുന്നതെന്ന് എംഎന്‍എഫ് വൈസ് പ്രസിഡന്റ് ആര്‍. ലാല്‍തങ്‌ലിയാന പറഞ്ഞു. ബിജെപിയെ ഒഴിവാക്കി നേതാക്കള്‍ എംഎന്‍എഫിലേക്ക് എത്തുന്നതു തങ്ങള്‍ക്ക് അനുകൂലമായ തരംഗത്തിന്റെ സൂചനയാണെന്നും അദ്ദേഹം വ്യക്തമാക്കി.