Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യയ്ക്കു മറുപടി നൽകും, ഉടൻ: എസ് 400 കരാറിൽ ഇടഞ്ഞ് ഡോണൾഡ് ട്രംപ്

Donald Trump, Narendra Modi യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, പ്രധാനമന്ത്രി നരേന്ദ്രമോദി

വാഷിങ്ടൻ∙ റഷ്യയുമായി എസ്–400 കരാർ ഒപ്പിട്ടതിൽ ഇന്ത്യയ്ക്കു താക്കീതുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കയുടെ മറുപടി ഇന്ത്യ കാണാനിരിക്കുന്നതേയുള്ളുവെന്ന് ട്രംപ് മാധ്യമങ്ങളോടു പറഞ്ഞു. യുഎസിനെതിരെ പ്രവർത്തിക്കുന്ന രാഷ്ട്രങ്ങൾക്കെതിരെ ചുമത്തുന്ന കാറ്റ്സ (കൗണ്ടറിങ് അമേരിക്കാസ് അഡ്വേഴ്സറീസ് ത്രൂ സാങ്ഷൻസ് ആക്ട്) നിയമം സംബന്ധിച്ച ചോദ്യത്തിനായിരുന്നു ട്രംപിന്റെ മറുപടി. ഈ നിയമപ്രകാരം ഇന്ത്യയ്ക്കെതിരെ നടപടികൾ കൈക്കൊള്ളാനുള്ള അവകാശങ്ങൾ യുഎസ് പ്രസിഡന്റിനു മാത്രമാണ്.

ഇന്ത്യയ്ക്കു കൃത്യമായ മറുപടി യുഎസ് നൽകും. എപ്പോഴായിരിക്കും അതെന്ന ചോദ്യത്തിന് എത്രയും പെട്ടെന്നു തന്നെ അതുണ്ടാകും. നിങ്ങൾ കണ്ടോളു– ട്രംപ് വ്യക്തമാക്കി. റഷ്യയെ ലക്ഷ്യമിട്ടു കഴിഞ്ഞ ഓഗസ്റ്റിലാണ് യുഎസ് കാറ്റ്സ നിയമം കൊണ്ടുവന്നത്. റഷ്യയിൽനിന്നു യുദ്ധവിമാനങ്ങളും മിസൈൽ പ്രതിരോധ സംവിധാനങ്ങളും വാങ്ങിയതിന് അടുത്തിടെ ചൈനയ്ക്കെതിരെയും യുഎസ് ഉപരോധം ഏർപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് യുഎസ് ഭീഷണികൾ കൂട്ടാക്കാതെ റഷ്യയുമായി എസ്–400 ട്രയംഫ് മിസൈൽ പ്രതിരോധ സംവിധാനം വാങ്ങാൻ ഇന്ത്യ കരാറൊപ്പിട്ടത്. 

ട്രംപ് ഇന്ത്യയ്ക്കെതിരായ പരാമർ‌ശങ്ങൾ നടത്തുമ്പോൾ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപെയോയും സമീപത്തുണ്ടായിരുന്നു. പോംപെയോ ഇന്ന് ട്രംപിനെ കാണുന്നുമുണ്ട്. ഇന്ത്യയ്ക്ക് ഇളവു ലഭിക്കുമോയെന്ന കാര്യത്തിൽ പോംപെയോയും പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസും നേരത്തേ സൂചനകൾ നൽകിയിരുന്നു. കാറ്റ്സ നിയമം റഷ്യയെ ലക്ഷ്യമാക്കിയുള്ളതാണെന്നും സഖ്യരാഷ്ട്രങ്ങളുടെ സൈനിക ശക്തിയെ അതു ബാധിക്കില്ലെന്നും ഇന്ത്യയിലെ യുഎസ് എംബസി വക്താവ് പ്രതികരിച്ചു.