Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളത്തിന്റെ പുനര്‍നിർമാണം: 27,000 കോടി രൂപ വേണമെന്ന് യുഎൻ

kerala-rain-floods

തിരുവനന്തപുരം∙ പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി 27,000 കോടിരൂപ വേണമെന്ന് യുഎന്‍ റിപ്പോര്‍ട്ട്. ഐക്യരാഷ്ട്ര സംഘടന തയാറാക്കിയ പോസ്റ്റ് ഡിസാസ്റ്റര്‍ നീഡ് അനാലിസിസ് റിപ്പോര്‍ട്ടിന്റെ കരട് സര്‍ക്കാരിന് സമര്‍പ്പിച്ചു. യുഎന്‍ ആക്ടിങ് റസിഡന്റ് കോഓര്‍ഡിനേറ്ററും ലോകാരോഗ്യ സംഘടനയുടെ ഇന്ത്യയിലെ മേധാവിയുമായ ഡോ. ഹെന്‍ക് ബെക്കഡാം സംസ്ഥാന ഡിഡിഎന്‍എ കോഓര്‍ഡിനേറ്റര്‍ വെങ്കിടേസപതി എന്നിവര്‍ ചേര്‍ന്നാണ് ചീഫ് സെക്രട്ടറി ടോം ജോസിന് റിപ്പോര്‍ട്ടിന്റെ കരടു കൈമാറിയത്. 

റിപ്പോര്‍ട്ട് അനുസരിച്ച് അഞ്ച് വര്‍ഷത്തിനുള്ളില്‍ നവകേരള നിര്‍മാണത്തിന് 27,000 കോടി രൂപ ആവശ്യമുണ്ട്. റോഡുകളുടെ പുനര്‍നിര്‍മാണത്തിന് 8,554 കോടിയും ഭവന നിര്‍മാണ മേഖലയ്ക്ക് 5,659 കോടിയും കൃഷി, ഫിഷറീസിന് 4,499 കോടിയും ഉപജീവന പുനഃസ്ഥാപനത്തിന് 3,903 കോടിയും ജലസേചനത്തിന് 1,484 കോടിയും വാട്ടര്‍ ആന്റ് സാനിറ്റേഷന് 1,331 കോടിയും വേണ്ടി വരുമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 

പരിസ്ഥിതി സൗഹൃദവും പ്രകൃതി ക്ഷോഭങ്ങളെക്കുറിച്ച് അറിവുള്ളതുമായ രാജ്യത്തെ ആദ്യ ഹരിത സംസ്ഥാനമായി കേരളത്തെ രൂപപ്പെടുത്തണമെന്ന് റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു. നവകേരള നിര്‍മാണം മികവുറ്റതാക്കാന്‍ മികച്ച ആഗോള മാതൃകകളും മുന്നോട്ടു വയ്ക്കുന്നു. ഒാരോയിടത്തേയും ജലത്തിന്റ ലഭ്യതയ്ക്കും ഒഴുക്കിനും അനുസരിച്ച് ഡച്ച് മാതൃകയില്‍ ജലനയം രൂപീകരിക്കണം. കുട്ടനാടിനു വേണ്ടി മാസ്റ്റര്‍ പ്ലാന്‍ തയാറാക്കണം. പ്രളയദുരന്തത്തെ നേരിടാന്‍ കേരളം നെതര്‍ലന്‍ഡ്സ് മാതൃകയില്‍ ജലനയം രൂപീകരിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആഗോള മാതൃകയില്‍ രാജ്യത്ത് തയ്യാറാക്കുന്ന ആദ്യ പിഡിഎന്‍എ റിപ്പോര്‍ട്ടാണിത്. 72 വിദഗ്ധര്‍ പത്ത് ജില്ലകള്‍ സന്ദര്‍ശിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.