Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോടതിവിധി നടപ്പാക്കും; സമരങ്ങൾ സര്‍ക്കാരിനെ അട്ടിമറിക്കാൻ: എ.വിജയരാഘവന്‍

A Vijayaraghavan എ.വിജയരാഘവൻ

തിരുവനന്തപുരം∙ ശബരിമല യുവതിപ്രവേശനത്തിനുള്ള സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന് എല്‍ഡിഎഫ്. ഭരണഘടനാബെഞ്ചിന്റെ വിധി നടപ്പാക്കാന്‍ സര്‍ക്കാരിനു ബാധ്യതയുണ്ട്. നിലപാട് വ്യക്തമാക്കി എല്‍ഡിഎഫ് ലഘുലേഖ പുറത്തിറക്കും. സര്‍ക്കാരിനെ അട്ടിമറിക്കാനാണു പ്രതിപക്ഷ സമരങ്ങളെന്നും ഇടതുമുന്നണി കണ്‍വീനര്‍ എ. വിജയരാഘവന്‍ പറഞ്ഞു. 

ശബരിമല വിഷയം സര്‍ക്കാരിനെതിരായ പ്രതിഷേധമാക്കിയതോടെ ശക്തമായി പ്രതിരോധിക്കാനാണ് ഇടതുമുന്നണി നേതൃയോഗത്തിലുണ്ടായ തീരുമാനം. വിശ്വാസികളുടെ പേരില്‍ ആളുകളെ തെരുവിലിറക്കി നടത്തുന്ന പ്രതിഷേധം മുഖ്യമന്ത്രിക്ക് എതിരായ അധിക്ഷേപമായി പോലും മാറി. അപകടകരമയ രാഷ്ട്രീയത്തില്‍ ബിജെപിക്കൊപ്പം നില്‍ക്കുകയാണു യുഡിഎഫ്. 16ന് തിരുവനന്തപുരത്തും 23ന് പത്തനംതിട്ടയിലും 24ന് കൊല്ലത്തും രാഷ്ട്രീയ വിശദീകരണ യോഗം നടക്കും. മുഖ്യമന്ത്രി പങ്കെടുക്കും.

പ്രചാരണയോഗം പൂര്‍ത്തിയാകുന്നതോടെ ഇപ്പോള്‍ തെരുവിലിറങ്ങിയവർക്കു കാര്യങ്ങള്‍ വ്യക്തമാകുമെന്നും അവര്‍ സമരങ്ങളില്‍നിന്നു പിന്‍മാറുമെന്നുമാണ് ഇടതുമുന്നണി കരുതുന്നത്. 30ന് മുന്‍പു രാഷ്ട്രീയ വിശദീകരണ യോഗങ്ങള്‍ പൂര്‍ത്തിയാക്കും. ബ്രൂവറി അനുമതി റദ്ദാക്കിയതിനാല്‍ വിഷയം ചര്‍ച്ചയ്ക്കു വന്നില്ല. 

ശബരിമലയിലെ യുവതീപ്രവേശന വിധിക്കെതിരെ സംസ്ഥാന വ്യാപകമായുള്ള പ്രതിഷേധങ്ങൾ തുടരുകയാണ്. സുപ്രീംകോടതി വിധി മറികടക്കാൻ ഓർഡിനൻസ് കൊണ്ടുവരണമെന്നു സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെടണമെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിളള അഭിപ്രായപ്പെട്ടു.

പരിഹാരക്രിയകള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി പന്തളം കൊട്ടാരത്തിലെത്തി മടങ്ങിയ ശബരിമല എക്സിക്യുട്ടീവ് ഓഫിസറെ പന്തളം ക്ഷേത്രപരിസരത്ത് ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു. പ്രതിഷേധ പ്രകടനങ്ങളിൽ സ്ത്രീകളടക്കം നൂറുകണക്കിനുപേരാണു പങ്കെടുക്കുന്നത്.