Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുരുക്കു മുറുകുന്നു; എം.ജെ. അക്ബർ മറുപടി പറയണമെന്ന് സ്മൃതി ഇറാനി

Smriti Irani കേന്ദ്രമന്ത്രി സ്മൃതി ഇറാനി

ന്യൂഡൽഹി∙ മീ ടൂ ആരോപണത്തിൽ‌ കേന്ദ്രമന്ത്രി എം.ജെ. അക്ബർ മറുപടി പറയണമെന്നു കേന്ദ്രമന്ത്രി സ്മൃതി ഇറാനി. പരാതിക്കാർക്കു നീതി ഉറപ്പാക്കാൻ നീതിന്യായ സംവിധാനങ്ങൾക്കു കഴിയും. ദുരനുഭവങ്ങൾ തുറന്നുപറയുന്നവരെ ആക്ഷേപങ്ങൾക്ക് ഇരയാക്കരുതെന്നും അവർ പറഞ്ഞു. അക്ബറിനെതിരായ ആരോപണങ്ങളില്‍ കേന്ദ്രസർക്കാരിൽനിന്ന് ഒരാൾ ഇതാദ്യമായാണു പ്രതികരിക്കുന്നത്. 

അതേസമയം നൈജീരിയൻ സന്ദർശനത്തിലുള്ള അക്ബർ ഞായറാഴ്ച തിരികെയെത്തുമെന്നാണു വിവരം. മഹാത്മാഗാന്ധിയുടെ 150 –ാം ജന്മവാർഷികവുമായി ബന്ധപ്പെട്ട പരിപാടിയില്‍ പങ്കെടുക്കുന്നതിനാണ് അക്ബർ നൈജീരിയയിലെ ലഗോസിലെത്തിയത്. മീ ടൂ ക്യാംപെയ്നിന്റെ ഭാഗമായി ഏഴ് സ്ത്രീകളാണ് അക്ബറിനെതിരെ രംഗത്തെത്തിയത്. അക്ബർ ഇപ്പോൾ ഇക്വിറ്റോറിയൽ ഗിനിയയിലേക്കു സഞ്ചരിക്കുകയാണെന്നാണു ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന സൂചന.

അക്ബറിനോട് ഉടൻ തിരികെയെത്താനും രാജി വയ്ക്കാനും ആവശ്യപ്പെട്ടെന്ന രീതിയിൽ വാർത്തകൾ പ്രചരിക്കുന്നത് ഊഹാപോഹങ്ങൾ മാത്രമാണെന്ന് ഉന്നത സർക്കാർ വൃത്തങ്ങൾ അറിയിച്ചു. മടങ്ങിയെത്തിയ ശേഷം അക്ബറിന്റെ നിലപാട് എന്തെന്ന് കേന്ദ്രസർക്കാർ കേൾക്കും. അക്ബറിനെതിരെ എഫ്ഐആറോ, ഔദ്യോഗിക പരാതികളോ ഇതുവരെയില്ലെന്നും കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ട ഉന്നതർ അറിയിച്ചു.

related stories